Kasaragod

കൊവിഡ് വാക്‌സിനേഷന്‍: കാസര്‍കോട് നഗരസഭയില്‍ ഭിന്നശേഷി ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

കൊവിഡ് വാക്‌സിനേഷന്‍: കാസര്‍കോട് നഗരസഭയില്‍ ഭിന്നശേഷി ഹെല്‍പ്പ് ഡെസ്‌ക് തുറന്നു
X

കാസര്‍കോട്: ജില്ലയിലെ ഭിന്നശേഷി, കിടപ്പു രോഗികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ എന്നിവ ചേര്‍ന്ന് നഗരസഭയില്‍ ഭിന്ന ശേഷി ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ഭിന്ന ശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വാക്‌സിനേഷന്‍ മൊബൈല്‍ യൂനിറ്റുകള്‍ വഴി ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷന്‍ വയോമിത്രം യൂനിറ്റുമായി ചേര്‍ന്ന് അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ അറിയിച്ചു.

18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും സാമൂഹിക നീതി വകുപ്പില്‍ നിന്നു ലഭിച്ച ലിസ്റ്റ് പ്രകാരം ഫോണില്‍ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കിടപ്പുരോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ മുഖാന്തിരമാണ് ഹെല്‍പ് ഡെസ്‌കില്‍ രജിസ്‌ട്രേഷന്‍ നടത്തുക. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം. ഭിന്നശേഷിക്കാരും കിടപ്പിലായവരും രജിസ്‌ട്രേഷന് ഹെല്‍പ് ഡെസ്‌കിലേക്ക് വരേണ്ടതില്ല. എല്ലാ ഭിന്നശേഷിക്കാരെയും അങ്ങോട്ട് വിളിച്ചുബന്ധപ്പെടും. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും ആര്‍ആര്‍ടികളുമാണ് ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടേണ്ടത്.

കാസര്‍കോട് നഗരസഭാ ബില്‍ഡിങിലെ വയോമിത്രം ഓഫിസിലാണ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുക. ഭാരത് ബഡ്‌സ് സ്‌കൂളിലെ ജീവനക്കാരും അക്കര ഫൗണ്ടേഷന്‍ വോളന്റിയര്‍മാരുമാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരാഴ്ച കൊണ്ട് ഹെല്‍പ് ഡെസ്‌ക് വഴി എല്ലാവരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. ഭിന്നശേഷിക്കാര്‍ക്കും കിടപ്പിലായവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനായി റൂട്ട് മാപ്പ് തയ്യാറാക്കി കേരള സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം യൂനിറ്റുകളുമായി ചേര്‍ന്ന് മൊബൈല്‍ യൂനിറ്റുകള്‍ സജ്ജമാക്കും. ഭിന്നശേഷി ഉള്ളവര്‍ അവരുടെ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ആധാറും ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന സമയം കൈയില്‍ കരുതേണ്ടതും അതിന്റെ പകര്‍പ്പ് വാട്ട്‌സ് ആപ്പ് വഴി അയച്ചുനല്‍കേണ്ടതുമാണ്. വാട്ട്‌സാപ്പ് സൗകര്യം ഇല്ലാത്തവരാണെങ്കില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ വഴി അവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഫോണ്‍: 9961456961, 04994 231251.

covid Vaccination: Disability Help Desk has been opened in Kasargod Municipality

Next Story

RELATED STORIES

Share it