Kannur

നേതാക്കളുടെ പോര്‍വിളി; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷ ഭീതി

ഇതിന് പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജനും രംഗത്ത് വരികയായിരുന്നു.

നേതാക്കളുടെ പോര്‍വിളി; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷ ഭീതി
X

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും സംഘര്‍ഷഭീതി.ഇരു പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പോര്‍വിളിയുമായി രംഗത്തെത്തിയതോടെ ഒരു ഇടവേളയ്ക്ക് ശേഷം സംഘര്‍ഷമൊഴിഞ്ഞ കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ നേതാവ് കഴിഞ്ഞ ദിവസം സ്പീക്കറും തലശ്ശേരി എംഎല്‍എയുമായ ഷംസീറിനെതിരേ രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ്, ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് പ്രസംഗിച്ചിരുന്നു.

ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്.

എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാണ് ആരോപിച്ച് ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനുള്‍പ്പെടെ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിരുന്നു.

ഇതിന് പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജനും രംഗത്ത് വരികയായിരുന്നു. സ്പീക്കര്‍ എ.എന്‍.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന്് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും രംഗത്തെത്തി. വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്ന് ശോഭ മുന്നറിയിപ്പു നല്‍കി. പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വനി, കെ.ടി.ജയകൃഷ്ണന്‍ തുടങ്ങി ഒരുപാടു പേരെ നിങ്ങള്‍ മോര്‍ച്ചറിയില്‍ കിടത്തിയിട്ടുണ്ട്. ഈ പറയുന്നതിനുള്ള ആവതൊന്നും തല്‍ക്കാലം ജയരാജനില്ല. ശാരീരികമായി വയ്യാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഒരു വീട്ടില്‍ ജനിച്ച് ഒരു കുഗ്രാമത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കില്‍, ഒരു ഊരുവിലക്കിനെയും താന്‍ ഭയക്കുന്നില്ലെന്ന് ശോഭ തുറന്നടിച്ചു.

''വളരെയേറെ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ച ഒരാളാണ് ജയരാജന്‍. വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് അങ്ങേയ്ക്കു നല്ലത് എന്നാണ് ജയരാജനോടു പറയാനുള്ളത്. കാരണം, കാലം കുറേ മുന്നോട്ടു പോയി മിസ്റ്റര്‍ ജയരാജന്‍. നിങ്ങളേപ്പോലെയുള്ള ഗുണ്ടാ മാഫിയ നേതാക്കന്‍മാരുടെ വാക്കുകള്‍ കേട്ട് പിണറായി വിജയന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നവരാണ് കേരളത്തിലെ യുവമോര്‍ച്ചക്കാരും ബിജെപിക്കാരും എന്നുള്ള ധാരണയൊന്നും അങ്ങേയ്ക്ക് വേണ്ട. അല്ലെങ്കില്‍ത്തന്നെ ഒരുപാട് അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്.'

''മോര്‍ച്ചറിയില്‍ ഒരുപാടു പേരെ നിങ്ങള്‍ കിടത്തിയിട്ടുണ്ട്. പന്ന്യന്നൂര്‍ ചന്ദ്രനെ നിങ്ങള്‍ മോര്‍ച്ചറിക്ക് അകത്താക്കി. അശ്വനിയെ നിങ്ങള്‍ മോര്‍ച്ചറിക്ക് അകത്താക്കി. എന്റെ സഹപ്രവര്‍ത്തകന്‍ കെ.ടി.ജയകൃഷ്ണനെ നിങ്ങള്‍ മോര്‍ച്ചറിക്ക് അകത്താക്കി. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി മോര്‍ച്ചറിയിലാക്കിയ നിങ്ങള്‍ രമ എന്ന പാവപ്പെട്ട സ്ത്രീയെ കേരളത്തില്‍ കണ്ണീരണിയിച്ചു. ഒരുപാടു ബലിദാനികളെ കണ്ട നാടാണ് കേരളം. ഇതിനുള്ള ആവതൊന്നും ജയരാജന് തല്‍ക്കാലമില്ല. ജയരാജന്‍ ഏതെങ്കിലും തരത്തില്‍ പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഈ ഡയലോഗ് കൊണ്ടു നിങ്ങള്‍ക്ക് നടക്കും. അല്ലാതെ മൈതാനത്തുനിന്ന് പോരാട്ടം നടത്താനുള്ള ചങ്കൂറ്റവും തന്റേടവുമൊന്നും അങ്ങേയ്ക്കില്ല. അതിന്റെ ആവശ്യവുമില്ല. ഇവിടെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. അവരുടെ പ്രസ്ഥാനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കും.'

''പിന്നെ, ലീഗിന്റെ കുത്തകപ്പാട്ടം എങ്ങനെയാണ് ജയരാജന്‍ ഏറ്റെടുക്കുന്നത്? എന്താണ് ജയരാജന്റെ പ്രസ്താവനയുടെ അര്‍ഥം? ഇവിടെ സമാധാനത്തോടും ശാന്തിയോടും കൂടി പ്രവര്‍ത്തിച്ചു മുന്നോട്ടു പോകണം എന്നുള്ളതിന്റെ തെളിവാണല്ലോ അന്വേഷണ ഏജന്‍സി വന്നത്. കേരളം പഴയ കേരളമല്ല. ഏറെ ദൂരം കേരളം മുന്നോട്ടുപോയി. ഇന്ത്യ നമ്മുടെയെല്ലാം അമ്മയാണ്. ജയരാജന്റെ പാര്‍ട്ടിക്കാര്‍ക്ക് ഒരു നിയമം, എന്റെ പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നിയമം അതൊന്നുമില്ല. ഒരു അക്രമത്തിനും പോകേണ്ട. അല്ലെങ്കില്‍ത്തന്നെ താങ്കള്‍ക്ക് ശാരീരികമായി വയ്യ. ഇക്കാര്യത്തില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്.'' ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

യുവമോര്‍ച്ചയും പി ജയരാജനെതിരേ രംഗത്തെത്തി. നെഞ്ച് വേദന അഭിനയിച്ച് ആശുപത്രി തിണ്ണകള്‍ കയറിയിറങ്ങിയ ആളുടെ വെല്ലുവിളിയാണിതെന്നും ജയരാജന്‍ ഭൂതകാലം ഓര്‍ക്കണമെന്നും യുവമോര്‍ച്ച വ്യക്തമാക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ദേഹത്ത് മണ്ണ് വീണാല്‍ ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതിനിടെ, യുവമോര്‍ച്ചയ്ക്കെതിരായ ഭീഷണി പ്രസംഗത്തില്‍ സിപിഎം നേതാവ് പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it