Kannur

സ്വര്‍ണക്കവര്‍ച്ചാകേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി 55 ലക്ഷവുമായി കൊച്ചിയില്‍ പിടിയില്‍

സ്വര്‍ണക്കവര്‍ച്ചാകേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി 55 ലക്ഷവുമായി കൊച്ചിയില്‍ പിടിയില്‍
X

കൊച്ചി: സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മംഗലാപുരത്ത് കര്‍ണാടക പോലിസ് തിരയുന്ന കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍. പാപ്പിനിശ്ശേരിക്കു സമീപം മാങ്കടവ് സ്വദേശിയായ റാഷിദിനെയാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. എറണാകുളം മുളവുകാട് പോലിസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് റാഷിദും കൂട്ടാളി എറണാകുളം കാലടി സ്വദേശി നിസാമും പിടിയിലായത്. തുടര്‍ന്നു വാഹനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ 55 ലക്ഷം രൂപ പോലിസ് കണ്ടെടുത്തു. കവര്‍ച്ച ചെയ്ത ഒന്നരകിലോ സ്വര്‍ണം വിറ്റ് ലഭിച്ച പണമാണിതെന്നാണ് പോലിസ് നിഗമനം. വാഹനപരിശോധനയ്ക്കിടെ നിരവധി സത്യവാങ്മൂലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് തുക കണ്ടെടുത്തത്.

മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷ്ടിച്ചുകടത്തിയ കേസിലെ പ്രതിയായ റാഷിദിനെ പിടികൂടാന്‍ കര്‍ണാടകയില്‍ നിന്നുള്ള പോലിസ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു. കച്ചേരിപ്പടിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫഌറ്റില്‍ പോലിസെത്തിയപ്പോള്‍ ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെടുന്നതിനിടെയാണ് ബോള്‍ഗാട്ടി പാലത്തിനു മുന്നിലെ കേരളാ പോലിസിന്റെ പരിശോധനാ പോയിന്റില്‍പെട്ടത്. പോലിസുകാരോട് ബാങ്കില്‍ പോവാനാണെന്നു പറഞ്ഞ് സത്യവാങ്മൂലം കാണിച്ചു. എന്നാല്‍, ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാല്‍ സംശയം തോന്നിയ പോലിസ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ സത്യവാങ്മൂലങ്ങള്‍ വാഹനത്തില്‍ കണ്ടത്. തുടര്‍ന്ന് ബാഗില്‍ നിന്ന് പണവും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് കര്‍ണാടക പോലിസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദെന്ന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പോലിസ് കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. റാഷിദിനെയും നിസാമിനെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റാഷിദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് കര്‍ണാടക പോലിസിന്റെ തീരുമാനം. റാഷിദ് ഉള്‍പ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തു നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതികളെന്നാണ് പോലിസ് നല്‍കുന്ന വിവരം.

Kannur resident arrested in gold theft case with Rs 55 lakh in Kochi



Next Story

RELATED STORIES

Share it