Kannur

നാലര പതിറ്റാണ്ട് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന അബ്ദുല്‍ ജബ്ബാര്‍ നിര്യാതനായി

നാലര പതിറ്റാണ്ട് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന അബ്ദുല്‍ ജബ്ബാര്‍ നിര്യാതനായി
X

കണ്ണൂര്‍: നാലര പതിറ്റാണ്ട് മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്ത കണ്ണൂര്‍ മാഹി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ നിര്യാതനായി. മാഹി മഞ്ചയ്ക്കല്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മരിച്ചെന്ന് കരുതി പോസ്റ്റ്‌മോര്‍ട്ടത്തിനായി ടേബിളിലെത്തിച്ചശേഷമാണ് അബ്ദുല്‍ ജബ്ബാറിന് ജീവനുണ്ടെന്ന് തിരിച്ചറിയുകയും ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തത്. പാതികാഴ്ചയും പാതി ജീവിതവും അപകടം കവര്‍ന്നെടുത്തെങ്കിലും ജബ്ബാറിന് ഒരുരൂപ പോലും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.

1973 ജനുവരി 31നായിരുന്നു സംഭവം. ദുബയില്‍ ഒരു ഇലക്ട്രോണിക് ടെക്‌നീഷ്യനായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍നിന്ന് ദുബയിലേക്ക് പോവുന്നതിന് മംഗലാപുരത്തുനിന്ന് മുംബൈയിലേക്കുളള യാത്രക്കിടെ പൂനെക്കടുത്തായിരുന്നു ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം. രണ്ടുപേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോറിയുമായി കൂട്ടിയിടിച്ച ബസ്സിന്റെ എന്‍ജിനുളളില്‍ കുരുങ്ങിയ ജബ്ബാറിനെ ശേഷം പുറത്തെടുക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു.

ഗുരുതര പരിക്കുകളോടെ ഇയാളെ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് മിഷന്‍ സെന്ററിലെ വാന്‍ലെസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശരീരം ഒരുദിവസത്തിലധികം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍മാരയ അബ്ദുല്‍ മജീദ്, അബ്ദുല്ല എന്നിവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ 'മൃതദേഹം' ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ അവരോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

പിന്നെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്ക്. അവിടെയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ്. ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുകയും തലയോട്ടിന്റെ ഇടത് മുകള്‍ ഭാഗം മുറിച്ചുമാറ്റാന്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് ഇടതുകൈയിലെ ചെറുവിരല്‍ ചലിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഐസിയുവിലേക്ക് ജബ്ബാറിനെ കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ചുറ്റിക കൊണ്ടടിച്ചതിന്റെ അടയാളം ഇന്നും ഇടത് നെറ്റിയിലുണ്ട്. അടിയുടെ ആഘാതത്തില്‍ അടഞ്ഞുപോയ ഇടതുകണ്ണ് പിന്നെ തുറന്നിട്ടില്ല. മൂന്നാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു.

ജബ്ബാറിന്റെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് അഞ്ചുലക്ഷം രൂപ ദുരിതാശ്വാസ സഹായമായി അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് ലഭിച്ചില്ല. പതിറ്റാണ്ടുകളോളം നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും നിയമം ബസ് മുതലാളിക്കൊപ്പമായിരുന്നു. ഡോക്ടര്‍മാരുടെ പിഴവ് കാരണമുണ്ടായ പോസ്റ്റ്‌മോര്‍ട്ട ശ്രമം കാരണം അദ്ദേഹത്തിന് ജീവിതകാലം മുഴുവന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടിവന്നു. ജീവിതവും സ്വപ്‌നങ്ങളും തകര്‍ത്ത അപകടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു അബ്ദുല്‍ ജബ്ബാര്‍.

Next Story

RELATED STORIES

Share it