Kannur

കൊവിഡ്: തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ സന്ദര്‍ശന നിയന്ത്രണം

കൊവിഡ്: തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ സന്ദര്‍ശന നിയന്ത്രണം
X

കണ്ണൂര്‍: കൊവിഡ് രോഗ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മിനി സിവില്‍ സ്‌റ്റേഷനില്‍ അനധികൃത വാഹന പാര്‍ക്കിങും ആളുകള്‍ അനാവശ്യമായി എത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സബ് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജൂലൈ 28 മുതല്‍ തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പുറത്ത് നിന്നുള്ളവരുടെ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

മിനി സിവില്‍ സ്‌റ്റേഷനകത്ത് ആളുകള്‍ കൂടി നില്‍ക്കാനോ അഞ്ചില്‍ കൂടുതല്‍ സന്ദര്‍ശകരെയോ പരാതിക്കാരെയോ ഓഫിസുകളില്‍ കയറാനോ അനുവദിക്കില്ല. മിനി സിവില്‍ സ്‌റ്റേഷനികത്തുള്ള ഓഫിസുകളില്‍ ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അത്യാവശ്യമില്ലാത്ത വിചാരണ, യോഗം, പരിപാടികള്‍ മുതലായവ ഒഴിവാക്കണം. മിനി സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ മേധാവിമാരും ജീവനക്കാരും സന്ദര്‍ശകരും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൈകള്‍ ശുചീകരിക്കുന്നതിനുള്ള സംവിധാനം ഓഫിസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ച് മിനി സിവില്‍ സ്‌റ്റേഷനകത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓഫിസുകളിലെ ആള്‍ക്കുട്ടം നിയന്ത്രിക്കുന്നതിനായി സൂം മീറ്റിങ്, ഇ-ഓഫിസ്, ഓണ്‍ലൈന്‍ അദാലത്ത് എന്നിവ പോല്‍സാഹിപ്പിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചു. ജീവനക്കാരുടെയും മറ്റ് സര്‍ക്കാര്‍ ഓഫിസ് മേധാവികളുടെയും വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. വാഹനവുമായി എത്തുന്ന സന്ദര്‍ശകരും പരാതിക്കാരും അവശ്യം കഴിഞ്ഞ ഉടന്‍ പുറത്തുകടക്കേണ്ടതാണ്. എന്‍ എച്ച് വിചാരണകള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് സാമൂഹിക അകലം പാലിച്ച് അഞ്ചില്‍ കൂടുതല്‍ ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്താവുന്നതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Covid: Visitation restriction at Taliparamba Mini Civil Station

Next Story

RELATED STORIES

Share it