Kannur

കണ്ണൂരില്‍ തിങ്കളാഴ്ച ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

കണ്ണൂരില്‍ തിങ്കളാഴ്ച ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍
X
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് 19 വാക്‌സിനേഷന്‍ തിങ്കളാഴ്ച ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പയ്യന്നൂര്‍, കൂത്തുപറമ്പ്, ഇരിട്ടി താലൂക്ക് ആശുപത്രികള്‍, പാപ്പിനിശ്ശേരി, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, ഡബ്ല്യൂ ആന്റ് സി മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലാണ് രണ്ടാംദിന വാക്‌സിനേഷന്‍ നടക്കുക.

ഓരോ കേന്ദ്രത്തിലും രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ എത്തേണ്ടതെന്ന് സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ് ആയി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തര ചികില്‍സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്‌ഐ(Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൊവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പോലിസുകാര്‍, കൊവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഗുണഭോക്താക്കള്‍ അവര്‍ക്കു ലഭിക്കുന്ന മെസേജുകള്‍ ശ്രദ്ധിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിച്ച സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി അതാതു സ്ഥലത്ത് ഹാജരാവേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it