അലൈന്‍മെന്റ് പഴയ പടി; കീഴാറ്റൂര്‍ ബൈപാസ് വയലിലൂടെ തന്നെ

കീഴാറ്റൂര്‍ വയലിലൂടെ നിശ്ചയിച്ച അലൈന്‍മെന്റില്‍ യാതൊരു മാറ്റവുമില്ലാതെ ബൈപാസ് യാഥാര്‍ഥ്യമാക്കുമെന്നുറപ്പായി. മുന്‍ നിശ്ചയിച്ച പ്രകാരം കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്.

അലൈന്‍മെന്റ് പഴയ പടി; കീഴാറ്റൂര്‍ ബൈപാസ് വയലിലൂടെ തന്നെ

കണ്ണൂര്‍: ശ്രദ്ധേയമായ സമരപരമ്പരകളിലൂടെ രാഷ്ട്രീയകേരളത്തില്‍ വന്‍ ചര്‍ച്ചയായ കീഴാറ്റൂര്‍ ബൈപാസിനെതിരേ സമരം ചെയ്ത വയല്‍ക്കിളികളെ ഒടുവില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വഞ്ചിച്ചു. കീഴാറ്റൂര്‍ വയലിലൂടെ നിശ്ചയിച്ച അലൈന്‍മെന്റില്‍ യാതൊരു മാറ്റവുമില്ലാതെ ബൈപാസ് യാഥാര്‍ഥ്യമാക്കുമെന്നുറപ്പായി. മുന്‍ നിശ്ചയിച്ച പ്രകാരം കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്. ഇതുവരെ ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകള്‍ 2019 ജനുവരി 11നകം ഹാജാരാവണമെന്നാണു നിര്‍ദേശം. ഇതോടെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് സംഘര്‍ഷഭരിതമായ സമരങ്ങള്‍ നടത്തിയ വയല്‍കിളികളോട് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും വയലിലൂടെ ഒരിക്കലും ബൈപാസ് വരില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്ത ബിജെപി നേതാക്കളുടെ ഉറപ്പ് പാഴായി. ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വയലിലൂടെ തന്നെ ബൈപൈസ് നിര്‍മിക്കാമെന്ന നടപടികളുമായി മുന്നോട്ടുപോവുന്നത്. ഏക്കര്‍ കണക്കിനു നെല്‍ വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്ന് വയല്‍ക്കിളികളും സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്

ബദല്‍ പാതയുടെ സാധ്യത തേടാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി തന്നെ അറിയിച്ചിരുന്നു. കീഴാറ്റൂര്‍ വയലിലൂടെ പാത കടന്നുപോവുന്നത് പാരിസ്ഥിതിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകള്‍ ഇല്ലെങ്കില്‍ മാത്രമേ ഇത് പരിഗണിക്കാവൂവെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ എന്ന സ്ഥലത്ത് നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ അരംഭിച്ച പ്രതിഷേധ സമരമാണ് വയല്‍ക്കിളി സമരം എന്നറിയപ്പെടുന്നത്. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാവുന്ന നഷ്ടവും, എതിര്‍പ്പും ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഇതുപ്രകാരം പാത നിര്‍മ്മിക്കുമ്പോള്‍ ഏതാണ്ട് നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്നായപ്പോള്‍ പ്രതിഷേധമുയരുകയും കീഴാറ്റൂരിലൂടെ അലൈന്‍മെന്റ് നിര്‍മ്മിക്കാന്‍ ബദല്‍ നിര്‍ദേശം വന്നു. ഇപ്രകാരം നടപ്പാക്കിയാല്‍ മുപ്പതോളം വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം. വീടുകള്‍ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരേ ഗ്രാമീണവാസികള്‍ തന്നെ രംഗത്തെത്തിയതോടെ സമരം രാഷ്ട്രീയപോര്‍മുഖം തീര്‍ക്കുകയായിരുന്നു. കേരളം കീഴാറ്റൂരിലേക്ക് എന്ന ബാനറില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സമരത്തെ ദേശീയശ്രദ്ധയിലെത്തിച്ചു. ഇതിനിടെ ബിജെപിയും രാഷ്ട്രീയലക്ഷ്യം വച്ച് സമരത്തിലെത്തി. പക്ഷേ, കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സമരമാണിതെന്ന സിപിഎം ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. വിജ്ഞാപനം കൂടി പുറപ്പെടുവിച്ച് അന്തിമ നടപടികളിലേക്ക് നീങ്ങുമ്പോള്‍, ചുരുക്കം ചിലരില്‍ ഒതുങ്ങുന്ന വയല്‍ക്കിളികള്‍ ഏതുരീതിയിലാവും പ്രതികരിക്കുക എന്നതിലാണു ബൈപാസിന്റെ നിയമക്കുരുക്കുകള്‍.

BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top