Idukki

ഇടുക്കിയില്‍ മീന്‍പിടിക്കുന്നതിനിടെ ജലാശയത്തില്‍ വീണ് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇടുക്കിയില്‍ മീന്‍പിടിക്കുന്നതിനിടെ ജലാശയത്തില്‍ വീണ് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
X

ഇടുക്കി: ഉപ്പുതറ കെട്ടുചിറയില്‍ മീന്‍പിടിക്കുന്നതിനായി വലവീശുന്നതിനിടയില്‍ കാല്‍വഴുതി ജലാശയത്തില്‍ വീണ് കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ 8.30 ഓടുകൂടി പോലിസ്, ഫയര്‍ഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബ ടീമും സംഭവസ്ഥലത്തുണ്ട്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കന്‍പാറയില്‍ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് മീന്‍ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായത്.

മാട്ടുത്താവളത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ കുമ്മിണിയില്‍ ജോയിസ് (31), ഇല്ലിക്കല്‍ മനേഷ് (31) എന്നിവരെയാണ് കാണാതായത്. മാണിക്കകത്ത് രതീഷും (31) ഒപ്പമുണ്ടായിരുന്നു. നാലോടെയാണ് മൂവരും വലവീശി മീന്‍പിടിക്കാന്‍ സ്ഥലത്തെത്തിയത്. ജലാശയത്തിന്റെ വശത്തുനിന്ന് വലവീശുന്നതിനിടയില്‍ ജോയിസ് കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇത് കണ്ടുനിന്ന മനേഷ് ജോയിസിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടി. നല്ല ആഴമുണ്ടായിരുന്നതിനാല്‍ ഇരുവരും ആഴത്തിലേക്ക് താഴുകയായിരുന്നു. കരയില്‍ നിന്ന രതീഷ് ഒച്ചവച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും ആഴത്തിലേക്ക് മുങ്ങിത്താണിരുന്നു. വാഹനമെത്താത്ത പ്രദേശമായതിനാല്‍ പോലിസിനും ഫയര്‍ഫോഴ്‌സിനും വനപാലകര്‍ക്കും എത്തിപ്പെടാന്‍ ബുദ്ധിമുട്ടേണ്ടിവന്നു. രാത്രി 7.30 ഓടെയാണ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

Next Story

RELATED STORIES

Share it