Ernakulam

കൊച്ചി മേയര്‍ക്കെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസം തള്ളി

കൊച്ചി മേയര്‍ക്കെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസം തള്ളി
X

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന വോട്ടെടുപ്പില്‍ എല്‍ഡിഎഫിന്റെ 33 വോട്ടുകള്‍ മാത്രമാണ് അവിശ്വാസത്തിനനുകൂലമായി രേഖപ്പെടുത്തിയത്. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് ഭൂരുപക്ഷം ലഭിക്കാത്തതിനാല്‍ മേയര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളുന്നതായി കലക്ടര്‍ അറിയിച്ചു.

യുഡിഎഫിന് 38 ഉം എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ടു പേരുമുള്ള 74 അംഗ കൗണ്‍സിലില്‍ 38 വോട്ട് ലഭിച്ചെങ്കിലേ അവിശ്വാസം പാസാകുമായിരുന്നുള്ളു. യുഡിഎഫ് വിട്ടുനിന്നതോടൊപ്പം ആരോഗ്യ കാരണങ്ങളാല്‍ 69-ാം ഡിവിഷന്‍ കൗണ്‍സിലറും ആദ്യകാല മേയറുമായ കെ എം ഹംസക്കുഞ്ഞ് വരാതിരുന്നതും അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു. 33 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

അവിശ്വാസത്തിന്‍മേല്‍ നടന്ന ചര്‍ച്ചയിലുടനീളം ശക്തമായ ആരോപണങ്ങളാണ് മേയര്‍ക്കും കോര്‍പറേഷന്‍ ഭരണത്തിനുമെതിരെ ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചത്. റേ പദ്ധതിയിലെ കരാറുകാരനു ചട്ടവിരുദ്ധമായി നിക്ഷേപ തുക കൈമാറിയത് അഴിമതിയാണെന്നായിരുന്നു പ്രധാന ആരോപണം. റോ റോ, സ്മാര്‍ട്ട്സിറ്റി, ഇ ഗവേണ്‍സ് പദ്ധതികളിലെ പാളിച്ച മേയറുടെയും ഭരണസമിതിയുടെയും പരാജയമാണെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായി ടി ജെ വിനോദ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വിപ്പ് ലംഘിച്ച് യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും വിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നത്.

Next Story

RELATED STORIES

Share it