Religion

അല്ലാഹു അങ്കം കുറിച്ചപ്പോള്‍

ഡോ. സി കെ അബ്ദുല്ല

അല്ലാഹു അങ്കം കുറിച്ചപ്പോള്‍
X

ബദര്‍ അനുസ്മരണം


വിശ്വാസവും നിഷേധവും തമ്മില്‍ നടന്ന അതിജീവന പോരാട്ടത്തിന്റെ ആസൂത്രണം, പ്രവര്‍ത്തനം, നിയന്ത്രണം, പര്യവസാനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും അല്ലാഹുവിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളുമായിരുന്നു ഏതാനും മണിക്കൂറുകള്‍ കൊണ്ടവസാനിച്ച ബദര്‍. ഖുര്‍ആന്‍ എട്ടാം അധ്യായം അല്‍ അന്‍ഫാല്‍ ഇതിന്റെ മൊത്തം ചിത്രം തരുന്നുണ്ട്. ചില സാംപിളുകള്‍.

നിമിത്തം, നിയതി

സ്വന്തം നിലനില്‍പാണ് ഒരു സമൂഹം ആദ്യം നേടിയെടുക്കേണ്ടത്. സാമ്പത്തിക ശേഷിയാണ് നിലനില്‍പിന്റെ നെടുംതൂണ്‍. ജന്മദേശം വിട്ടു മദീനയിലേക്ക് പറിച്ചുനട്ടവര്‍ ഇട്ടേച്ചു പോന്ന സ്വത്തുവഹകള്‍ എടുത്തുപയോഗിച്ച് തങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന മക്കയിലെ ബഹുദൈവവാദികള്‍ തടിച്ചുവീര്‍ക്കുകയാണ്. അവരുടെ ഒരു വലിയ കാരവന്‍ കച്ചവട ലാഭവുമായി മടങ്ങുന്ന വിവരം കിട്ടി. 1000 ഒട്ടകങ്ങള്‍ വഹിക്കുന്ന, 50000 സ്വര്‍ണ ദീനാര്‍ വിലമതിക്കുന്ന സമ്പത്ത്. അതിന്റെ യഥാര്‍ത്ഥ അവകാശികളില്‍ പലരും തന്റെ കൂടെ ദാരിദ്ര്യം ഉണ്ടുടുത്തു കഴിയുകയാണ്. അവസ്ഥ മാറ്റിയെടുത്തേ പറ്റൂ. വിമോചന നായകന്‍ അവരോടു പറഞ്ഞു. 'ഖുറൈശികളുടെ കാരവനാണ്. ഒന്നിറങ്ങി നോക്കിയാല്‍ അല്ലാഹു നിങ്ങള്‍ക്കത് യുദ്ധമുതലായി തന്നേക്കും'. വിശ്വാസികള്‍ പുറപ്പെടാനൊരു നിമിത്തം. അല്ലാഹുവിന്റെ പദ്ധതി വേറൊന്ന്. 'നിന്റെ വീട്ടില്‍ നിന്ന് നാഥന്‍ നിന്നെ പുറത്തിറക്കിയ നടപടിയില്ലേ. വിശ്വാസികളിലൊരു സംഘത്തിനത് തീരെ പിടിച്ചിരുന്നില്ല. യാഥാര്‍ഥ്യം സുവ്യക്തമായിട്ടും നിന്നോടവര്‍ തര്‍ക്കിക്കുന്നത് കണ്ടാല്‍ വെറുതെ നോക്കിനില്‍ക്കെ ആരോ അവരെ മരണത്തിലേക്ക് വലിച്ചുകൊണ്ടുപോവുന്ന പോലുണ്ട് ' (ഖു 8: 5,6). നിമിത്തങ്ങള്‍ എന്ത് തന്നെയായാലും വിമോചനത്തിന് മിനക്കെടുന്നവര്‍ ഗാര്‍ഹിക സാഹചര്യത്തില്‍ നിന്ന് പോരാട്ടസാഹചര്യത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന പ്രഖ്യാപനം.

യാഥാര്‍ഥ്യത്തിലേക്ക് അവരൊന്ന് കണ്ണോടിച്ചു. അമ്പതില്‍ താഴെ കാവല്‍ക്കാരുണ്ടായിരുന്ന കാരവന്‍ രക്ഷപ്പെട്ടിരിക്കുന്നു. മക്കയില്‍നിന്ന് പുറപ്പെട്ട ഭീമന്‍ സേന അടുത്തെത്തുകയാണ്. മുന്നൂറില്‍ പരം മാത്രമുള്ള തങ്ങളുടെ മൂന്നിരട്ടിയിലധികം ആള്‍ബലവും താരതമ്യം പോലുമര്‍ഹിക്കാത്ത സജ്ജീകരണങ്ങളുമുള്ള അഹങ്കാരിപ്പടയെ നേരിടണം. മദീനയിലേക്ക് തിരിച്ചു പോയാലോ അവര്‍ പിറകെ വന്ന് തങ്ങളുടെ കൂരകള്‍ പോലും ചുട്ടെരിക്കും. പെട്ടെന്നുള്ള അങ്കലാപ്പില്‍ ചിലരൊക്കെ അല്‍പം ആശങ്കപ്പെട്ടു. വിമോചന പോരാളികള്‍ക്ക് അഭികാമ്യമല്ലാത്ത ആശങ്ക. അതിനെയാണ് 'മരണത്തിലേക്ക് വലിച്ചു കൊണ്ടുപോവുന്ന പോലെ'എന്ന് വിമര്‍ശിച്ചത്.

പോരാട്ട ലക്ഷ്യം വിമോചന പോരാട്ടം എന്തുകൊണ്ടാണ് ഗതിമാറ്റിയതെന്ന് വിശദീകരിക്കുന്നു. 'രണ്ടാലൊരു സംഘംനിങ്ങള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തപ്പോള്‍ ശക്തി കുറഞ്ഞകച്ചവട സംഘം ലഭിക്കണമെന്ന് നിങ്ങളാഗ്രഹിച്ചു. അല്ലാഹുവാകട്ടെ തന്റെ കല്‍പനകളിലൂടെ സത്യം പുലരുവാനും നിഷേധികളുടെ അടിവേരറുക്കുവാനുമാണ് ഉദ്ദേശിച്ചത്. സത്യം സത്യമായി നിലനില്‍ക്കുവാനും മിഥ്യ തകര്‍ന്നടിയുവാനും. കുറ്റവാളികള്‍ അതെത്ര വെറുത്താലെന്ത്'(ഖു 8: 7). ബഹുദൈവത്വ വ്യാജ ആത്മീയതയുടെ മറവില്‍ വിശുദ്ധഗേഹം കൈയടക്കി വിലസുന്ന കള്ളക്കച്ചക്കവടക്കാരുടെ ചരക്ക് പിടിച്ചെടുത്താല്‍ പോര. നിഷേധത്വ പദ്ധതികളുടെ അടിവേരറുക്കണം. സാമ്പത്തിക ശേഷി നേടിയെടുക്കാനൊക്കെ വേറെവഴികള്‍ തുറക്കും. ഈ ദൈവിക താല്‍പര്യം ലോകത്ത് എന്നും നടപ്പിലായിക്കൊണ്ടിരിക്കുമെന്ന് മുന്‍ പ്രവാചകന്മാരുടെ ദൗത്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ, പറഞ്ഞുകൊടുത്തിട്ടുണ്ട്. 'നാം സത്യം കൊണ്ട് മിഥ്യയെ എറിഞ്ഞുടക്കുകയാണ് ചെയ്യുക. അങ്ങനെ മിഥ്യയുടെ തലയുടഞ്ഞ് ക്രമേണയത് തകര്‍ന്നടിയും(ഖു 21:18)'.

അങ്കം കുറി

'നിങ്ങള്‍ താഴ് വരയോട് അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും നിലയുറപ്പിക്കുകയും തേടിപ്പോയ കച്ചവടസംഘം നിങ്ങള്‍ക്ക് താഴ് ഭാഗത്തു കൂടി കടന്നുപോവുകയും ചെയ്ത ഘട്ടം. നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പോരാട്ടമായിരുന്നുവെങ്കില്‍ നിങ്ങളപ്പോള്‍ പിന്‍മാറുമായിരുന്നു. എന്നാല്‍ അല്ലാഹു തീരുമാനിച്ച കാര്യം അവന്‍ നടപ്പില്‍ വരുത്തുകയായിരുന്നു. അഥവാ, നശിക്കേണ്ടവര്‍ വ്യക്തമായ തെളിവോടെ നശിക്കുകയും അതിജയിക്കേണ്ടവര്‍ വ്യക്തമായും അതിജയിക്കുകയും വേണമെന്ന തീരുമാനം...' (ഖു 8:42).

പ്രതിയോഗിയുമായി അടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പോരാട്ടത്തില്‍ സുപ്രധാനമാണ്. അതുണ്ടാക്കിയെടുക്കുവാനും ഇടപെടലുണ്ടായി. 'നിന്റെ സ്വപ്നത്തില്‍ ശത്രുക്കള്‍ നിസ്സാരരാണെന്നു അല്ലാഹു കാണിച്ചതോര്‍ക്കുക. അവരുടെ ബാഹുല്യമാണവന്‍ നിനക്ക് കാണിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ പരാജയപ്പെടാനും തര്‍ക്കിക്കുവാനും അതുമതി. പക്ഷേ, അല്ലാഹു പോരാട്ട രംഗം അനുകൂലമാക്കി. നെഞ്ചകങ്ങളിലെ ചലനങ്ങള്‍ നന്നായറിയുന്നവനാണവന്‍. നേര്‍ക്കുനേര്‍ നിരന്നപ്പോള്‍ അവര്‍ നിസ്സാരരാണെന്ന് നിങ്ങളുടെ കണ്ണിലും നിങ്ങള്‍ നിസ്സാരരാണെന്ന് അവരുടെ കണ്ണുകളിലും തോന്നിച്ചത് അല്ലാഹു തീരുമാനിച്ച സംഗതി നടപ്പിലാക്കുവാനായിരുന്നു. കാര്യങ്ങളുടെയെല്ലാം പര്യവസാനം അല്ലാഹുവിലാണ്'(ഖു 8: 43 - 44 ).

ന്യൂനപക്ഷങ്ങള്‍?

വിവിധ കാലഘട്ടങ്ങളില്‍ സംഭവിച്ച വിശ്വാസികളുടെ അതിജീവനങ്ങളെ സൂചിപ്പിക്കുന്നിടത്തെല്ലാം ഖുര്‍ആന്‍ മുന്നോട്ടുവ/dക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ന്യൂനപക്ഷങ്ങളായിരുന്നു എന്നും അതിജീവിച്ചത്. നൂഹ്, മൂസ പ്രവാചകന്മാരുടെ സമൂഹങ്ങള്‍, ദാവൂദ്-ജാലൂത് അതിജീവന സംഘം തുടങ്ങി കുറെ ഉദാഹരങ്ങളുണ്ട്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സക്രിയരും അതിജീവനപോരാട്ടത്തിന് ഒരുങ്ങിയവരുമായിരിക്കും. ദൗര്‍ബല്യങ്ങള്‍ മറികടക്കാനുള്ള ശാക്തീകരണ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കുമവര്‍. റസൂല്‍(സ) തിരുമേനിയുടെ കാലഘട്ടത്തിലും തുടര്‍ന്നിങ്ങോട്ട് ഇരുപതാം നൂറ്റാണ്ട് വരെയും നടന്ന ഇസ് ലാമിക പോരാട്ടത്തില്‍ വളരെ കുറവായിരുന്നു മുസ് ലിം സൈന്യങ്ങള്‍. റോമ, പേര്‍ഷ്യ സാമ്രാജ്യത്വങ്ങളെ കീഴ്‌പ്പെടുത്തി ഫുതൂഹുകളുടെ ജൈത്രയാത്ര വന്‍കരകളിലേക്ക് കൊണ്ടുപോയത് ന്യൂന സംഘങ്ങളായിരുന്നു.

വിശ്വാസി ന്യൂനപക്ഷങ്ങള്‍ എന്നും ദൈവികസുരക്ഷയുടെ തണല്‍ അനുഭവിക്കുമെന്ന് ബദര്‍ പറയുന്നുണ്ട്. 'നിങ്ങള്‍ നാട്ടില്‍ ദുര്‍ബല ന്യൂനപക്ഷമായിരുന്ന ഘട്ടം ഓര്‍ക്കുക. ജനം നിങ്ങളെ റാഞ്ചിക്കൊണ്ടുപോവുമെന്ന് നിങ്ങള്‍ ഭയന്നിരുന്നു. അന്നേരം അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. അവന്റെ പ്രത്യേക സഹായം നല്‍കി നിങ്ങളെ പിന്തുണച്ചു. മെച്ചപ്പെട്ട ഉപജീവനം നിങ്ങള്‍ക്ക് നല്‍കി. നിങ്ങള്‍ നന്ദികാണിക്കുമോ? (ഖു 8:26).

അതിജീവന ചട്ടങ്ങള്‍

ബദര്‍ മുന്‍നിര്‍ത്തി, ശത്രുതയ്ക്ക് നടുവില്‍ ജീവിക്കുന്ന വിശ്വാസികള്‍ പാലിക്കേണ്ട ചില ചട്ടങ്ങള്‍മുന്നോട്ടുവയ്ക്കുന്നു. ധാര്‍മികമായ ഒരുക്കമാണ് ആദ്യം. 'സത്യവിശ്വാസികളേ, ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു സംഘത്തെ നേരിടേണ്ടി വന്നാല്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുക. അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കുക. വിജയം പ്രാപിക്കുവാനത് സഹായിക്കും. അല്ലാഹുവിനെയും റസൂലിനെയും സര്‍വാത്മനാ അനുസരിക്കുക. കുതര്‍ക്കങ്ങള്‍ വെടിയുക. ഇല്ലെങ്കില്‍ നിങ്ങള്‍ തോല്‍ക്കും. നിങ്ങളുടെ കാറ്റു പോവും. പതറാതെ ഉറച്ചു നില്‍ക്കുക. ഉറച്ചുനില്‍ക്കുന്നവരുടെ കൂടെയാണ് അല്ലാഹു. ദുരഭിമാനവും പൊങ്ങച്ചവും പേറി പുറപ്പെട്ടവരെപ്പോലെ നിങ്ങളുമാവരുത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് മനുഷ്യരെ തടയുന്ന അവരുടെ ചെയ്തികളെ അല്ലാഹു വലയം ചെയ്തുകൊണ്ടിരിക്കും'(ഖു. 8:45 -46).

എല്ലാ പോരാട്ടങ്ങളും ബദര്‍ പോലെ അപ്രതീക്ഷിതവും നേരിട്ടുള്ള ഇടപെടലും ആവില്ല. ശത്രുതക്കെതിരേ നിതാന്ത ജാഗ്രതയും തയ്യാറെടുപ്പും അനിവാര്യമാണ്. ബദറിലെ ഇടപെടലുകളുടെ ഗതിവിഗതികള്‍ പറഞ്ഞവസാനിക്കുന്നത് സുപ്രധാനമായ ചില നിര്‍ദേശങ്ങളോടെയാണ്. 'അവര്‍ക്കെതിരേ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കു സാധ്യമായ ഏതു ശക്തിയും സംഭരിക്കുക. കാലികമായ പടക്കുതിരകളും ഒരുക്കുക. അതുകാരണം അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കള്‍ ഭയന്ന് മാറിനില്‍ക്കാന്‍. അവര്‍ക്കപ്പുറം ചിലരും. നിങ്ങള്‍ക്കവരെ അറിയില്ല; അല്ലാഹുവിനറിയാം. ദൈവ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്ന എന്ത് സംഗതിയുടെയും ഫലം നിങ്ങള്‍ക്കു തന്നെ തിരിച്ചു കിട്ടാനുള്ളതാണ്.

Next Story

RELATED STORIES

Share it