Culture

രാമെ ആണ്ടാലും രാവണെ ആണ്ടാലും; പാളിപ്പോയ പൊളിറ്റിക്കൽ സറ്റയർ പരിശ്രമം

ചിത്രം അതിന്റെ ശീർഷകത്തിന് അനുസൃതമായി ഒരു 'ബാലൻസിങ്' നടത്താൻ ശ്രമിക്കുന്നുണ്ട്. നിലവിലെ കേന്ദ്രസർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുമ്പോഴും, മറ്റെല്ലാവരും മോശക്കാരാണെന്നും സൂചിപ്പിക്കുന്നു.

രാമെ ആണ്ടാലും രാവണെ ആണ്ടാലും; പാളിപ്പോയ പൊളിറ്റിക്കൽ സറ്റയർ പരിശ്രമം
X

അരിസിൽ മൂർത്തിയുടെ ആദ്യ സംവിധാന സംരംഭമായ രാമെ ആണ്ടാലും രാവണെ ആണ്ടാലും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മുള്ളും മലരും (1978) എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നാണ് പേര് കടം കൊണ്ടിരിക്കുന്നത്. നായകൻ തന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതായാണ്

ആ ഗാനത്തിൽ കാണിക്കുന്നത്, അധികാരം ആരുടെ കൈവശമായാലും താൻ തന്നെയാണ് എപ്പോഴും തന്റെ ജീവിതത്തിലെ രാജാവ് എന്നാണ് ആ ​ഗാനം പ്രഖ്യാപിക്കുന്നത്. എന്നാൽ രാമെ ആണ്ടാലും രാവണൻ ആണ്ടാലും, ശീർഷകം ആ ​ഗാനത്തിന്റെ മറ്റൊരു ധ്രുവത്തിലേക്കാണ് കൊണ്ടുപോകുന്നത്. ആര് അധികാരത്തിലിരുന്നാലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം ഒരിക്കലും നല്ല രീതിയിൽ മാറുകയില്ലെന്ന് ഈ ചിത്രം പറയുന്നു.

വാർത്താ ചാനലുകളിലും സാമൂഹിക മാധ്യമ ഫീഡുകളിലും വാട്ട്‌സ്ആപ്പ് ചർച്ചകളിലും ആധിപത്യം പുലർത്തുന്ന ദൈനംദിന രാഷ്ട്രീയ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ ഉള്ള പ്രശ്നങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. പോലിസ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുമ്പ് ചെരിപ്പുകൾ വാതിൽപ്പടിയിൽ ഊരിവച്ച് മിഥുൻ മാണിക്കം അവതരിപ്പിച്ച കുഞ്ഞിമുത്തുവിലൂടെയാണ് രാമെ ആണ്ടാലും രാവണെ ആണ്ടാലും പ്രേക്ഷകർക്ക് മുന്നിലേക്ക് സംവിധായകൻ തുറന്നിടുന്നത്. അധികാരമുള്ള ആളുകളുമായി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷയും ആത്മവിശ്വാസക്കുറവും സ്വന്തം കഥ പറയുന്നു. പക്ഷേ, ഈ ആത്മവിശ്വാസം ഇല്ലാത്ത മനുഷ്യൻ തന്റെ മക്കളെ പോലെ കരുതുന്ന കാളകൾക്ക് വേണ്ടി ശക്തരായ ആളുകളെ കായികമായി നേരിടാൻ തയ്യാറാകുന്നുമുണ്ട്.

മണ്ടേലയെപ്പോലെ, തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലെ ജീവിതം പ്രദർശിപ്പിച്ച് രാഷ്ട്രീയ ആക്ഷേപഹാസ്യത്തിനുള്ള ഒരു ശ്രമമാണ് ഈ ചിത്രം ശ്രമിച്ചിരിക്കുന്നത്. പൂച്ചേരി എന്ന സ്ഥലം, കുഞ്ഞിമുത്തു (മിഥുൻ മാണിക്കം), ഭാര്യ വീരയി (രമ്യ പാണ്ഡ്യൻ) എന്നീ ദമ്പതികൾക്ക് അവരുടെ കാളകളായ വെള്ളയനെയും കറുപ്പനെയും വളരെ ഇഷ്ടമാണ്. ഒരു ദിവസം കാളകളെ കാണാതായപ്പോൾ, അവർ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. മൃഗങ്ങളോടൊപ്പം ജീവിക്കുന്ന ആളുകൾ അവരുമായി അടുത്ത ബന്ധം വളർത്തുന്നു എന്നത് ശരിയാണ്, പക്ഷേ സിനിമ ഒരു പടി കൂടി മുന്നോട്ട് പോയി, കുഞ്ഞിമുത്തുവിനും വീരായിക്കും കാളകൾ മനുഷ്യ കുട്ടികളെപ്പോലെയാണെന്ന് ആവർത്തിച്ച് അടിവരയിടുന്നു.

കുഞ്ഞിമുത്തു തന്റെ കാളകളെ കണ്ടെത്താൻ തുനിഞ്ഞിറങ്ങുന്നു, ഈ അലച്ചിലിലാണ് സംവിധായകൻ രാഷ്ട്രീയം സംവദിക്കാൻ ശ്രമിക്കുന്നത്. ഇതിനിടയിൽ ഒരു വാർത്താ ചാനലിൽ നിന്നുള്ള റിപോർട്ടറായ നർമ്മദ (വാണി ഭോജൻ) അവളുടെ നെറ്റ്‌വർക്കിന്റെ ടിആർപി റേറ്റിംഗുകൾ കൂട്ടുന്നതിന് സഹായിക്കുന്ന ഒരു പ്രശ്നം തിരയുന്നു. കുഞ്ഞിമുത്തുവിന്റെ വേദനയിൽ അവൾ ഒരു അവസരം കാണുകയും അത് മുതലെടുക്കുകയും ചെയ്യുന്നു. പക്ഷേ, കമ്പോളം നിയന്ത്രിക്കുന്ന മാധ്യമങ്ങൾക്ക് കുഞ്ഞിമുത്തു താമസിക്കുന്ന ​ഗ്രാമത്തിലെ രാഷ്ട്രീയക്കാരുടേയും ഉദ്യോ​ഗസ്ഥരുടേയും അഴിമതികൾ വാർത്തയല്ലാതിരിക്കുകയും അധികാരികളെ അലട്ടാത്ത പ്രശ്നങ്ങൾ വാർത്തയാവുകയും ചെയ്യുന്ന ഇന്ത്യൻ മേൽക്കോയ്മാ മാധ്യമങ്ങളെ ചിത്രത്തിൽ അടയാളപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും, വലിച്ചുനീട്ടിയുള്ള കഥപറച്ചിലും ചിത്രീകരണവും ആ ശ്രമത്തെ ഭാ​ഗീ​കമായെങ്കിലും ഇല്ലായ്മ ചെയ്യുന്നുണ്ട്.

ഒരു ഡെലിവറി ബോയ് ഹിന്ദിയിൽ വഴി ചോദിക്കുന്നു, അതിലൊരു കഥാപാത്രം അഭിമാനത്തോടെ "ഹിന്ദി തെരിയാത്" എന്നുപറഞ്ഞ് തിരിച്ചടിക്കുന്നു. ജിഎസ്ടി, നോട്ട് അസാധുവാക്കൽ, പെട്രോൾ വില എന്നിങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യവും ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും തിരക്കഥ വളരെ ആസൂത്രിതമായി അനുഭവപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. റിയലിസം കൊണ്ടുവരാൻ അഭിനേതാക്കൾക്കോ സംവിധായകനോ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ജൈവികമായും തോന്നുന്ന ഒരു പ്രാതിനിധ്യത്തേക്കാൾ, ഇവിടെ കഥാപാത്രങ്ങൾ മുഴുവൻ സമയവും വ്യക്തമായ രാഷ്ട്രീയ സന്ദേശമയയ്‌ക്കലിൽ ഏർപ്പെടുമ്പോൾ അത് ആസ്വാദന വിരസതയ്ക്ക് കാരണമാകുന്നു.

ചിത്രം അതിന്റെ ശീർഷകത്തിന് അനുസൃതമായി ഒരു 'ബാലൻസിങ്' നടത്താൻ ശ്രമിക്കുന്നുണ്ട്. നിലവിലെ കേന്ദ്രസർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുമ്പോഴും, മറ്റെല്ലാവരും മോശക്കാരാണെന്നും സൂചിപ്പിക്കുന്നു. അറവു മാടുകളുമായി പോകുന്ന മലയാള ലോറി ഡ്രൈവറും ഇറച്ചിക്കടയുടെ ഇന്റർകട്ട് ഷോട്ടുകളും തിരുകിക്കയറ്റിയത് വളരെ പ്രശ്നകരമാണ്.

രാജ്യം അതിന്റെ വിധിയെ മാറ്റിമറിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നിർണായകമായ ഒരു ഏറ്റുമുട്ടലിലൂടെ കടന്നുപോകുന്ന ഒരു സമയത്ത്, ചിത്രം എല്ലാവരും ഒന്നുതന്നെയാണെന്നും വോട്ടർമാർക്ക് റോഡുകളുണ്ടോ എന്ന് മാത്രം ശ്രദ്ധിക്കണമെന്നുള്ള സങ്കുചിത ചിന്ത ചിത്രം പങ്കുവയ്ക്കുന്നു. രാമെ ആണ്ടാലും രാവണെ ആണ്ടാലും ഒരു 'ഹൃദയസ്പർശിയായ' സിനിമയായി ആഘോഷിക്കപ്പെടുമെന്നതിൽ സംശയമില്ല, നിങ്ങൾ അതിന്റെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയത്തെ പൂർണ്ണമായും അവഗണിക്കുകയും അവരുടെ കാളകളെ സ്നേഹിക്കുന്ന ഒരു ദമ്പതികളുടെ കഥയായി കാണുകയും ചെയ്തേക്കാം.

Next Story

RELATED STORIES

Share it