Culture

ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം; ആഗോള പട്ടിണി സൂചികയില്‍ നാണക്കേടായി ഇന്ത്യ

കർഷകരെ ഹീറോകളായി കാണാൻ ഐക്യരാഷ്ട്ര സഭ പറയുമ്പോൾ നമ്മുടെ രാജ്യത്ത് അവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന കാഴ്ച്ചകൾ യാദൃശ്ചികമല്ല.

ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം; ആഗോള പട്ടിണി സൂചികയില്‍ നാണക്കേടായി ഇന്ത്യ
X

കോഴിക്കോട്: ഒക്‌ടോബര്‍ 16, ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌. വളര്‍ത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി' എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിന തീം.

1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈ ബോധവൽകരണം ആരംഭിച്ച് 42 വർഷം പിന്നിട്ടിട്ടും ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടി അലയുകയാണ്.

എഫ്എഒയുടെ ജന്മദിനമായ ഒക്ടോബർ 16 ആണ് ലോക ഭക്ഷ്യ ദിനം. അന്തർദേശീയ തലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോൽസാഹനവും നൽകുക എന്നതും ഈ ദിനാഘോഷത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യ ദിനാഘോഷം നടത്തുന്നത്. ഭക്ഷ്യ വിളകൾ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന കർഷകർക്ക് നന്ദി അർപ്പിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്എഒ.

എന്നാൽ രാജ്യത്തിന് അന്നം തന്ന് പട്ടിണിമാറ്റുന്ന കർഷകർ ഇന്ന് തെരുവിലാണ് എന്നത് ലോക ഭക്ഷ്യ ദിനത്തെപ്പറ്റി പറയുമ്പോൾ കൂട്ടിച്ചേർക്കേണ്ട ഒന്നാണ്. കർഷകരെ ഹീറോകളായി കാണാൻ ഐക്യരാഷ്ട്ര സഭ പറയുമ്പോൾ നമ്മുടെ രാജ്യത്ത് അവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന കാഴ്ച്ചകൾ യാദൃശ്ചികമല്ല.

ലോക ഭക്ഷ്യ ദിനം കൊണ്ടാടുന്ന ദിവസം തന്നെയാണ് ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിങ് കുറിച്ച് ഇന്ത്യ 101 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന റിപോർട്ട് പുറത്തുവരുന്നത്. 2020ലെ 94-ാം സ്ഥാനത്തുനിന്നും 2021-ല്‍ 101-ാം സ്ഥാനത്തേക്ക് നാം പിന്തള്ളപ്പെട്ടിരിക്കുകയാണ്.

ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളില്‍ നാല് എണ്ണത്തില്‍ മൂന്നും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷണ-ശാരീരിക–മാനസിക വികാസവുമായി ബന്ധപ്പെട്ടുള്ളതാണ്.‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് ഈ റിപോര്‍ട്ട് നല്‍കുന്നത്.

അയൽ സംസ്ഥാനക്കാരായ പാകിസ്താനെയും ബംഗ്ലാദേശിനെയും നേപ്പാളിനെയുമൊക്കെ കടത്തിവെട്ടിയാണ് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. റാങ്കിങ്ങിൽ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ എന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it