Movies

ജാതി മേല്‍ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തി 'പുഴു'

ജാതി മേല്‍ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തി പുഴു
X

ബ്രാഹ്മണ ജാതി മേല്‍ക്കോയ്മ സൃഷ്ടിക്കുന്ന അസ്പൃശ്യതയും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന ചിത്രമാണ് പുഴു. ബ്രാഹ്മണ പ്രതിനിധാനത്തിലൂടെ കുട്ടന്‍ എന്ന മമ്മൂട്ടി, പുഴുവില്‍ മുഴുനീള നെഗറ്റീവ് കഥാപാത്രമാണ്. തമിഴില്‍ ജാതി ഭീകരത അടയാളപ്പെടുത്തുന്ന ധാരാളം ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, മലയാള സിനിമയില്‍ ജാതിയെ പണക്കാരന്‍-പാവപ്പെട്ടവന്‍ എന്ന ദ്വന്ദത്തിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഉന്നത കുലജാതനായ മമ്മൂട്ടി കഥാപാത്രമായ കുട്ടന്‍, തന്റെ സഹോദരി ഭാരതി(പാര്‍വതി തെരുവോത്ത്) നാടകക്കാരനായ താഴ്ന്ന ജാതിക്കാരനുമായി ഒരുമിച്ച്ജീവിക്കാന്‍ തുടങ്ങുമ്പോഴുള്ള സംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ബ്രാഹ്മണ സമുദായംഗമായ കുട്ടന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല സഹോദരിയുടെ തീരുമാനം. അതുകൊണ്ട് തന്നെ ഭാരതിയ്ക്ക് തറവാടിന് പുറത്തേക്ക് പോകേണ്ടിവരുന്നു. അഥവാ പാര്‍വതിയ്ക്ക് തറവാട്ടില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നു.


ജീവിതം തന്നെ നാടകമായി കാണുന്ന താഴ്ന്ന ജാതിക്കാരനായ നായകന്‍ കുട്ടപ്പനെ(അപ്പുണ്ണി ശശി) അങ്ങേയറ്റത്തെ വെറുപ്പോടെയാണ് കുട്ടന്‍ നോക്കിക്കാണുന്നത്. ആരെന്ത് കരുതിയാലും ഒരു കലാകാരനായ തനിക്ക് ഒന്നുമില്ലെന്ന ഭാവത്തിലാണ് കുട്ടപ്പന്‍. എല്ലാ തറവാട് മഹിമയും ഉപേക്ഷിക്കുന്ന, എന്നാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഭാരതിയോട് കുട്ടന് പകയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ബ്രാഹ്മണ രക്തത്തിന് അയ്യാള്‍ വിലകല്‍പ്പിക്കുന്നുണ്ട്.

വിരമിച്ച ഐപിഎസ് ഉദ്ദ്യോഗസ്ഥനായ കുട്ടന്‍ താമസിക്കുന്ന അതേ ഫ്‌ലാറ്റില്‍ തന്നെ, കുട്ടപ്പന്‍ സുഹൃത്ത് വഴി താമസം ആരംഭിക്കുന്നതോടെ കുട്ടനിലെ ജാതി ചിന്ത അതിഭീകരമായ പുറത്തുചാടുന്നു.

'നമ്മുടെ ആളുകള്‍ക്ക് മാത്രമേ വീടുകൊടുക്കൂ എന്ന് പറഞ്ഞിട്ട് ഇപ്പോ'- എന്ന് കുട്ടന്‍ ഫ്‌ലാറ്റ് ഉടമയായ ഉന്നത കുലജാതനായ ജസ്റ്റിസ് വര്‍മയോട് ചോദിക്കുന്നുണ്ട്. കൊച്ചിയിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഉള്‍പ്പെടെ വീട് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലം കൂടി കൂട്ടിവായിക്കുമ്പോള്‍ സിനിമ ആഴമുള്ള രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്.


അതിനിടെ, ഭാരതിയുടെ ഫഌാറ്റിലെത്തിയ കുട്ടന്‍ തന്റെ ജാതിവെറി പുറത്തെടുക്കുകയാണ്. തന്റെ പിറക്കാന്‍ പോകുന്ന മകള്‍ക്ക് ഒരു കീഴാള നാമം-നങ്ങേലി- എന്ന് പേരിടുമെന്ന് അപ്പുണ്ണി പറയുന്നതോടെ തന്നിലെ ജാതിഭൂതം ഒരു കൊലയാളിയുടെ രൂപം പ്രാപിക്കുന്നു.

പുതു തലമുറയിലേക്ക് ജാതി എങ്ങനെ സന്നിവേശിപ്പിക്കുന്നു എന്നതും പുഴുവിലൂടെ കാണാം. ഓണ്‍ലൈനിലൂടെ കര്‍ണാടക സംഗീതം മകനെ പരിശീലിപ്പിക്കുന്നത്, ജാതിയുടെ അവിഭാജ്യ ഘടമാണ് കര്‍ണാടക സംഗീതമെന്ന സൂചന നല്‍കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം സംഗീത കോളജില്‍ സംഗീതം പഠിക്കാനെത്തുന്ന മുസ്‌ലിം-പിന്നാക്ക വിദ്യാര്‍ഥികളെ തമിഴ് ബ്രാഹ്മണരായ അധ്യാപകര്‍ മനപ്പൂര്‍വം പരാജയപ്പെടുത്തുന്ന രീതി ഉണ്ടായിരുന്നു.

പലപ്പോഴും പിതാവിന്റെ കര്‍ക്കശ സ്വഭാവം മകനെ മടുപ്പിക്കുന്നുണ്ട്. ജാതി ബോധം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുന്നത്, ആചാര-അനുഷ്ടാനങ്ങളിലൂടെ മാത്രമല്ല, ശീലങ്ങളിലും സ്വഭാവത്തിലൂടെയുമാണ്.

'നമ്മള്‍ എല്ലാവര്‍ക്കും എല്ലാം നല്‍കണം-എന്നാല്‍ നമ്മള്‍ അവരില്‍ നിന്ന് ഒന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെ'ന്നാണ് കുട്ടന്‍ മകനെ ഉപദേശിക്കുന്നത്. മറ്റു ജാതിയിലുള്ളവര്‍ കൊണ്ടുവരുന്നതോ, അവരുടെ വീട്ടില്‍ പോയോ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്ന കുടുംബങ്ങള്‍ ധാരാളമുണ്ട്. ഈ തീവ്ര ജാതി ചിന്തകളാണ് പിന്നീട് ഇസ്‌ലാംപേടിയിലേക്കും കടുത്ത വിവേചനങ്ങളിലേക്കും നീങ്ങുന്നതെന്നത് ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

സര്‍വീസിലായിരുന്നപ്പോള്‍ പിതാവിനെ വ്യാജ കേസില്‍ കുടുക്കി ജയിലിലടച്ചതിന് മകന്റെ പ്രതികാരവും സിനിമയില്‍ സംഭവിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്ന സമകാലിക പശ്ചാത്തലത്തില്‍, നിരപരാധിയെ കുടുക്കിയതിനുള്ള കൃത്യമായ പ്രതികാരവും പുഴുവിലുണ്ട്. കുട്ടനെന്ന വിരമിച്ച പോലിസ് ഓഫിസറുടെ മറ്റൊരു മുഖം കൂടിയായ ഇതിലൂടെ പ്രതിഫലിക്കുന്നത്. ഒരേസമയം, വംശീയ ബോധവും ആ ബോധം തന്റെ സര്‍വീസ് ജീവിതത്തിലും ഉള്‍ച്ചേരുന്നതിലൂടെ സിനിമയുടെ രാഷ്ട്രീയം കൂടുതല്‍ കാലികമാവുകയാണ്. പോലിസ് മേധാവി എന്നതിനപ്പുറം തന്നിലെ ജാതിയാണ് അവിടെ പ്രകടമാക്കിയത്.

ഫ്യൂഡല്‍ പശ്ചാത്തലമുള്ള നിരവധി ജനപ്രിയ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. അതെല്ലാം മാതൃകാ കുടുംബപശ്ചാത്തലം എന്ന നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. നായര്‍ കുടുംബങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയായിരുന്നു കഥ. എന്നാല്‍, തിയ്യ-കീഴാള-മുസ്‌ലിം-ദലിത് കുടുംബ പശ്ചാത്തലമൊന്നും മലയാള സിനിമക്ക് ഇതിവൃത്തമാകാറില്ല.

ഒരു മുഴുനീള നെഗറ്റീവ് കഥാപാത്രമായി ഏറെ കാലത്തിന് ശേഷം മമ്മൂട്ടി സ്‌ക്രീനില്‍ വരുകയാണ്. കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന പുഴുവില്‍ ഉപനായകനാണെങ്കിലും മുഴുനീള കഥാപാത്രമായി രംഗത്തെത്തുന്നത് കുട്ടനാണ്. വലിയ അഭിനയ സാധ്യതകളൊന്നുമില്ലെങ്കിലും കഥാപാത്രസ്വഭാവം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് തന്നെയാണ് മമ്മൂട്ടി കുട്ടനെ അവതരിപ്പിക്കുന്നത്. പാര്‍വതി തെരുവോത്ത് തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നുണ്ട്. പുഴുവിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കുട്ടപ്പനാണ്. നാടക കലാകാരന്‍ കൂടിയായ അപ്പുണ്ണി ശശി, ഒരു അസാധ്യ നടനാണെന്ന് തെളിയിച്ച് കഴിഞ്ഞു.

ബ്രാഹ്മണ ജാതി സങ്കുചിതത്ത്വത്തെ പ്രമേയമാക്കി രചന നിര്‍വഹിച്ച ഹര്‍ഷദിനെ ടാര്‍ജറ്റ് ചെയ്തു-സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഹര്‍ഷദിന്റെ മതവും പുഴു ഉയര്‍ത്തിയ രാഷ്ട്രീയവുമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത് എന്നത് ഒട്ടും യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല.

രത്തീനയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരുക്കുന്നത്. ഹര്‍ഷദും സുഹാസും ഷറഫുവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധേയനാണ് ഹര്‍ഷദ്.

Next Story

RELATED STORIES

Share it