Movies

നായകന്‍ ഗോഡ്‌സെ; ഗാന്ധി വധത്തെ ന്യായീകരിക്കുന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു

നായകന്‍ ഗോഡ്‌സെ; ഗാന്ധി വധത്തെ ന്യായീകരിക്കുന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന 'വൈ ഐ കില്‍ഡ് ഗാന്ധി' ('എന്തുകൊണ്ട്? ഞാന്‍ ഗാന്ധിയെ കൊന്നു?') എന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഗോഡ്‌സെയെ നായകനാക്കി ചിത്രീകരിച്ച സിനിമ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനപ്രിയ ടെലിവിഷന്‍ നടനുമായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംപിയുമായ അമോല്‍ കോല്‍ഹെയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഗോഡ്‌സെയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്‌ക്കെതിരേ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്തയച്ചു. 'നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഒരു പ്രവൃത്തിയെ മഹത്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണ്. അതിനാല്‍, മഹാരാഷ്ട്രയിലെ തിയറ്ററുകളിലോ ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലോ ആ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പിന്നാലെ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും (ഐസിഡബ്ല്യുഎ) ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളിയും രാജ്യദ്രോഹിയുമായ നാഥുറാം ഗോഡ്‌സെയെ ഈ സിനിമ മഹത്വവല്‍ക്കരിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗോഡ്‌സെ ഈ രാജ്യത്ത് ആരുടെയും ഒരിഞ്ച് ബഹുമാനം പോലും അര്‍ഹിക്കുന്നില്ല. ഗോഡ്‌സെയുടെ വേഷമിട്ട നടന്‍ ലോക്‌സഭയിലെ സിറ്റിങ് എംപിയാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

ഈ സിനിമ റിലീസ് ചെയ്താല്‍ രാജ്യം മുഴുവന്‍ ഞെട്ടുമെന്നും കത്തില്‍ പറയുന്നു. ഐസിഡബ്ല്യുഎയ്ക്ക് പുറമെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെയും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയിട്ടുണ്ട്. 'ഒരുവശത്ത്, ഗാന്ധിജിയുടെ ചരമവാര്‍ഷികം അഹിംസയ്ക്കും സമാധാനത്തിനും വേണ്ടിയാണ് ആചരിക്കുന്നത്. മറുവശത്ത്, 'ഞാനെന്തിനാണ് ഗാന്ധിയെ കൊന്നത്' എന്ന ചിത്രം പുറത്തിറങ്ങുന്നു. ഇത് വംശീയപ്രവണതകള്‍ക്ക് ശക്തി പകരും. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല. ഗാന്ധിയുടെ പൈതൃകത്തിന് മങ്ങലേല്‍പിക്കുന്നതിന് പിന്നില്‍ നരേന്ദ്രമോദി സര്‍ക്കാരിനുള്ള പങ്ക് ചെറുതല്ലെന്നും നാനാ പട്ടോളെ പറഞ്ഞു.

ഡല്‍ഹി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി അണച്ച്, ദേശീയ യുദ്ധസ്മാരകത്തിലെ പുതിയ ജ്വാലയുമായി ലയിപ്പിച്ചതിനെയും ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍നിന്ന് ഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കിയതിനെയും പട്ടോളെ വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പൈതൃകത്തെ പുറംതള്ളാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ജനുവരി 30ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുംബൈയില്‍ ഗാന്ധി പ്രതിമക്ക് സമീപം ഉപവാസ സമരം നടത്തും. ആക്ടിവിസ്റ്റ് ഫിറോസ് മിതിബോര്‍വാല, എന്‍സിപി നേതാവ് വിദ്യാ ചവാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it