Literature

ആസാദിന്റെ രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം 'ഇമാം' പ്രസിദ്ധീകരിച്ചു

ആസാദിന്റെ മാതാവുമായുള്ള സംഭാഷണത്തില്‍ തുടങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയാണ് പുസ്തകം മുന്നോട്ട് പോകുന്നത്.

ആസാദിന്റെ രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം ഇമാം പ്രസിദ്ധീകരിച്ചു
X

കോഴിക്കോട്: ഭീം ആര്‍മി നേതാവും പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ മുന്‍നിര പോരാളിയുമായ ചന്ദ്രശേഖര്‍ ആസാദിന്റെ രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കുന്ന പുസ്തകം 'ഇമാം' പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പി എസ് സുബിന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന് അവതാരിക എഴുതിയത് ഡോ. കെഎസ് മാധവനാണ്.

ചന്ദ്രശേഖര്‍ ആസാദിന്റെ മാതാവുമായുള്ള സംഭാഷണത്തില്‍ തുടങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയും മേല്‍ക്കോയ്മാ പത്രമാധ്യമങ്ങളിലെ എഡിറ്റോറിയലുകളിലൂടെയും അദ്ദേഹത്തിന്റെ തന്നെ പ്രസംഗങ്ങളിലൂടെയുമാണ് പുസ്തകം മുന്നോട്ട് പോകുന്നത്.

ആസാദ് തന്നെയും ഭീം ആര്‍മിയേയും അടയാളപ്പെടുത്തുന്ന ഭാഗവും മറ്റുള്ളവരുടെ കാഴ്ചപ്പാടിലെ ആസാദും എന്നീ രണ്ടു കാഴ്ചകളിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. ഒപ്പം സാംസ്‌കാരിക പൗരാവകാശ പ്രവര്‍ത്തകരുടെയടക്കം ആസാദിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും പുസ്തകത്തിലുണ്ട്.

ജാതി സങ്കുചിതത്വവും ജാതീയമായ വിവേചനങ്ങളും നിറഞ്ഞാടുന്ന ഉത്തരേന്ത്യന്‍ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ ആസാദ് എന്ന വിപ്ലവകാരി ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ സജീവ ചര്‍ച്ചകളിലേക്ക് പദമൂന്നുന്നത്. 2017ല്‍ ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ദലിതുകളും സവര്‍ണ വിഭാഗമായ താക്കൂര്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലൂടെയാണ് ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും മാധ്യമ ശ്രദ്ധയിലേക്ക് വരുന്നത്.

സര്‍ക്കാര്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പോലും ദലിത് വിദ്യാര്‍ഥികള്‍ ജാതീയമായ വിവേചനങ്ങള്‍ക്കും വിദ്യഭ്യാസ നിഷേധത്തിനും വരെ ഇരകളാകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ദലിത് സമൂഹത്തിന്റെ, മറ്റു പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 2015ല്‍ ഭീം ആര്‍മി എന്ന സംഘടന ആസാദും വിനയ് രത്തന്‍ സിങും രൂപീകരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ 350ലധികം വിദ്യാലയങ്ങള്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ തുറന്നിരുന്നു. വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ദേശീയ പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ വരെ ഇന്ത്യയിലെമ്പാടും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ആസാദിനും ഭീം ആര്‍മി എന്ന സംഘടനയ്ക്കും കഴിഞ്ഞിട്ടുണ്ടെന്ന് പുസ്തകം പറഞ്ഞുവയ്ക്കുന്നു.

'ചന്ദ്രശേഖര്‍ ആസാദ് സമൂഹത്തില്‍ സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സൗഹാര്‍ദ്ദ ജീവിതം ഉണ്ടാകണം എന്ന ഭരണഘടനയുടെ തന്നെ അടിസ്ഥാനപരമായ സങ്കല്‍പത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സ്വയം ഒരു ഇമാമായി മാറുകയാണ്. അപ്പോള്‍ ഇമാം എന്ന് പറയുന്നത് മതപരമായിട്ടുള്ള ഒരു സങ്കല്‍പമല്ല. ഭരണഘടനാപരമായിട്ടുള്ള ഒരു സങ്കല്‍പത്തിലേക്ക് ഇമാം മാറുന്നു. അതിന്റെ അടിത്തറ സാഹോദര്യമാണ്' എന്ന് അവതാരികയില്‍ ഡോ. കെഎസ് മാധവന്‍ പറയുന്നു.

Next Story

RELATED STORIES

Share it