Literature

ഹോളകാസ്റ്റ് ; അതിജീവനത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെടണം

ഹോളകാസ്റ്റിനെ കുറിച്ചുള്ള എഴുത്തും സിനിമയും ഓര്‍മക്കുറിപ്പുകളും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഹോളകാസ്റ്റ് ; അതിജീവനത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെടണം
X

കോഴിക്കോട്: 1943 യു.കെയിലെ ഹാമില്‍ട്ടണില്‍ നടന്ന ബര്‍മുഡ കോണ്‍ഫറന്‍സിലാണ് ഹോളകാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. നാത്‌സി വാഴ്ചയിലകപ്പെട്ട യൂറോപ്യന്‍ ജൂതരുടെ അവസ്ഥയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്നതായിരുന്നു ഈ സമ്മേളനം. ഹോളോസ് (മുഴുവനായും), കാസ്‌റ്റോസ് (എരിച്ചുകളയുക) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഹോളകാസ്റ്റ് എന്ന വാക്കിന്റെ ഉദ്ഭവം. ഒരു വംശത്തെ മുഴുവനായും കരിച്ചുകളയാന്‍ ശ്രമിച്ച നാത്‌സി ക്രൂരതയുടെ ചരിത്രം കാലം എന്നും ഓര്‍ത്തുവയ്ക്കുന്ന ഒന്നാണ്. ഹതാശരായി, ഓരോ പുലരിയിലും ജീവന്‍ പോയില്ലല്ലോ എന്നോര്‍ത്ത് അകം കരഞ്ഞിരുന്ന കുറെയേറെ മനുഷ്യജന്മങ്ങള്‍. ചരിത്രത്തില്‍ ഈ മനുഷ്യകോലങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ക്കു സമാനതകളില്ല. ഓരോ വംശീയാധിഷ്ഠിതമായ അക്രമങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത് ഹോളകാസ്റ്റ് ദിനങ്ങളെയാണ്, ജീവനറ്റുവീണ ദശലക്ഷകണക്കിനു മനുഷ്യശരീരങ്ങളെയാണ്. ഇന്നു ലോകത്ത് നടക്കുന്ന ഏതു തരത്തിലുമുള്ള വംശീയാതിക്രമങ്ങളും മനുഷ്യസംസ്‌കാരത്തിനു നേരെ കടുത്ത വെല്ലുവിളികള്‍ തന്നെയാണ് ഉയര്‍ത്തുന്നത്. ആര്യവംശ ശ്രേഷ്ഠത എന്ന മിഥ്യാ ധാരണയാണ് ഹിറ്റ്‌ലറെ ഈ വംശീയ ഉന്മൂലനത്തിനു പ്രേരിപ്പിച്ചത്. ആ മിഥ്യാധാരണയെ ആന്റി സെമിറ്റിസം എന്നും വിളിക്കാവുന്നതാണ്. വര്‍ത്തമാനകാലത്ത് ഒരു 'പ്രത്യയശാസ്ത്രമായി' മാറിയ ആന്റി സെമിറ്റിസം മനുഷ്യ സംസ്‌കാരത്തിനു നേരെയുള്ള കടുത്ത വെല്ലുവിളിയായി ലോകത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, ഹോളകാസ്റ്റിനെ കുറിച്ചുള്ള എഴുത്തും സിനിമയും ഒാര്‍മക്കുറിപ്പുകളും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിരവധിയാളുകള്‍ പങ്കാളികളായിട്ടുണ്ട്. ആ രാഷ്ട്രീയ ചെറുത്തുനില്‍പ്പ് ആദ്യമായി നടത്തിയത് നാത്‌സി ക്രൂരതയുടെ ഇരകള്‍ തന്നെയായിരുന്നു. അത് അവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും ആയിരുന്നില്ല. ഒരുപക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ആ എഴുത്തുകള്‍ സാഹിത്യം പോലും ആയിരിക്കില്ല. അവരുടെ എഴുത്തുകള്‍ക്ക് സാധാരണയായി ഡയറികളുടെയോ ചെറിയ ചെറിയ കുറിപ്പുകളുടെയോ രൂപമായിരുന്നു. അവ പ്രസിദ്ധീകരിക്കപ്പെടുമെന്നു കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലായിരുന്ന ആ 'രചയിതാക്കള്‍' ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. നാത്‌സി ക്യാംപില്‍ വച്ച് എഴുത്തുകാരന്‍ കൊല്ലപ്പെട്ടതിനു ശേഷം മാത്രമാണ് പലതും പ്രസിദ്ധീകരിച്ചത്.

ആന്‍ഫ്രാങ്ക്

ഹോളകാസ്റ്റ് സാഹിത്യത്തെക്കുറിച്ച് എഴുതുമ്പോള്‍ ഒരിക്കലും വിട്ടുപോവാന്‍ പാടില്ലാത്ത പേരാണ് ആന്‍ഫ്രാങ്ക്. ഒരുപക്ഷേ, ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി ഹിറ്റ്‌ലറിന്റേതിനെക്കാള്‍ മുമ്പ് കേള്‍ക്കുന്ന നാമം ആന്‍ഫ്രാങ്കിന്റെതായിരിക്കും. ജര്‍മനിയിലെ ഒരു പുരാതന കുടുംബത്തിലാണ് 1929ല്‍ ആന്‍ഫ്രാങ്ക് ജനിച്ചത്. അവര്‍ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഹിറ്റ്‌ലര്‍ ജൂത വിദ്വേഷം ജര്‍മന്‍ ജനതയുടെ സിരകളില്‍ കുത്തിവയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ആന്‍ഫ്രാങ്കിന്റെ കുടുംബത്തിനു ജര്‍മനി നരകമായി മാറി. താമസിയാതെ അവര്‍ പോളണ്ടിലേക്ക് താമസം മാറി. പക്ഷേ, രണ്ടാം ലോകയുദ്ധ കാലത്ത് ഹിറ്റ്‌ലറിന്റെ കരാളഹസ്തങ്ങള്‍ പോളണ്ടിലേക്കും നീണ്ടു. പോളണ്ടിലെ ജൂതന്മാരോട് ജര്‍മനിയിലെ ക്യാംപുകളിലേക്കു മടങ്ങിപ്പോവണമെന്ന് അന്ത്യശാസനം നല്‍കി. ഈ സമയം ആന്‍ഫ്രാങ്കും കുടുംബവും ഒളിവില്‍ പോയി. അന്ന് ആന്‍ഫ്രാങ്കിന്റെ കൈയില്‍ തന്റെ 13ാം പിറന്നാളിന് അച്ഛന്‍ സമ്മാനിച്ച ഡയറിയുമുണ്ടായിരുന്നു. രണ്ടു വര്‍ഷമാണ് ആന്‍ഫ്രാങ്കും കുടുംബവും ഒളിവില്‍ കഴിഞ്ഞത്. 1944ല്‍ അവര്‍ പിടിക്കപ്പെട്ടു. പിന്നീട് ജീവിതത്തിന്റെ ശിഷ്ടഭാഗം കഴിച്ചത് പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയത്തിലായിരുന്നു. മൊട്ടയടിച്ച്, പച്ചകുത്തി അടിമജീവിതം... പിന്നീട് ഒരുതരം ത്വഗ്‌രോഗം പിടിപെട്ട് 1945ല്‍ ദയനീയ അന്ത്യം. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യസേന ക്യാംപിലുള്ളവരെ മോചിപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ആന്‍ഫ്രാങ്ക് മരണപ്പെട്ടത്.
'ദ ഡയറി ഓഫ് എ യങ് ഗേള്‍' എന്ന ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളമടക്കം 60ഓളം ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്ത പുസ്തകത്തിന്റെ രണ്ടരക്കോടി കോപ്പികള്‍ വിറ്റഴിഞ്ഞു. ബൈബിള്‍ കഴിഞ്ഞാല്‍ നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ്. കിറ്റി എന്നായിരുന്നു ആന്‍ തന്റെ പ്രിയപ്പെട്ട ഡയറിക്കിട്ട ഓമനപ്പേര്. അതില്‍ അവര്‍ ആദ്യം ഇങ്ങനെ കുറച്ചു: ''നിന്നോട് എനിക്ക് എല്ലാം തുറന്നുപറയാന്‍ കഴിയുമെന്നും നീ എനിക്ക് താങ്ങിന്റെയും ആശ്വാസത്തിന്റെയും ഉറവിടമാവുമെന്നും ഞാന്‍ കരുതുന്നു.''

വാള്‍ട്ടര്‍ ബെഞ്ചമിന്‍

രണ്ടാം ലോകയുദ്ധാനന്തരം യുദ്ധക്കുറ്റവാളികളെ തിരഞ്ഞുപിടിച്ചു സംഖ്യകക്ഷികള്‍ ജര്‍മനിയിലെ ന്യൂറംബര്‍ഗ് പട്ടണത്തില്‍ വിചാരണചെയ്തു. ഉന്നതരായ 22 നാത്‌സി തലവന്മാരെയാണ് ആദ്യം വിചാരണയ്ക്കു വിധേയരാക്കിയത്. പിന്നീട് ജൂത കൂട്ടക്കൊലകള്‍ക്കു സാമ്പത്തിക സഹായം നല്‍കിയ വ്യവസായികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിരവധി ജര്‍മന്‍കാരെ വിചാരണചെയ്തു. അവരെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''ഞങ്ങള്‍ തെറ്റുകാരല്ല, ഹിറ്റ്‌ലര്‍ എന്തുപറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.'' ന്യൂറംബര്‍ഗ് വിചാരണ 'ദി ന്യൂയോര്‍ക്കര്‍' വാരികയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്ത അമേരിക്കന്‍ ഫിലോസഫര്‍ ഹന്നാ ആരെന്റ് പറയുന്നുണ്ട്; 'അന്ധമായ നിങ്ങളുടെ അനുസരണ തന്നെയാണ് നിങ്ങള്‍ ചെയ്ത തെറ്റെ'ന്ന്. പറഞ്ഞുവന്നത് ഒരു ജനത മുഴുവന്‍ മറുത്തൊന്ന് ചിന്തിക്കാതെ ഹിറ്റ്‌ലര്‍ കൊളുത്തിയ വംശീയാഗ്നിയില്‍ സ്വയം എടുത്തെറിയപ്പെട്ടതെങ്ങനെ എന്നാണ്. അതില്‍ കുഞ്ഞുങ്ങളെന്നോ ഡോക്ടര്‍മാരെന്നോ ചിന്തകരെന്നോ വ്യത്യാസമില്ല. ജൂത സ്ത്രീയെ ഓടിച്ചിട്ടടിക്കുന്ന ജര്‍മന്‍ കുഞ്ഞുങ്ങളുടെ ചിത്രം ഇന്നും നെറ്റില്‍ ലഭ്യമാണ്. പ്രശസ്ത ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗര്‍ വരെ നാത്‌സി പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഒരു സമൂഹത്തിന്റെ എല്ലാതരം പൗരന്മാരെയും തീണ്ടിയ കൊടും വിഷമായിരുന്നു ജര്‍മനിയിലെ ജൂതവിരുദ്ധതയും ആന്റി സെമിറ്റിസവും. മറിച്ചൊരു രാഷ്ട്രീയം കേള്‍ക്കാന്‍ അവരുടെ മനസ്സില്‍ ഒരു ധാര്‍മികയിടം അവശേഷിച്ചിരുന്നില്ല. ആ പരിസരം മനസ്സിലാക്കി വേണം വാള്‍ട്ടര്‍ ബെഞ്ചമിന്റെ 'തീസിസ് ഓണ്‍ ദ ഫിലോസഫി ഓഫ് ഹിസ്റ്ററി' എന്ന പുസ്തകം വായിക്കാന്‍. കാരണം, ഇന്ത്യയുടെ പൊതു മനസ്സിനും അത്തരമൊരു ധാര്‍മികയിടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

പ്രശസ്ത ജൂത ചിന്തകനാണ് വാള്‍ട്ടര്‍ ബെഞ്ചമിന്‍. അദ്ദേഹത്തിന്റെ കൃതികളിലുടനീളം അത്തരമൊരു ധാര്‍മികയിടം നഷ്ടമായതിന്റെ നിരാശയും വേദനയും നമുക്കു കാണാന്‍ സാധിക്കും. അതൊന്നും കേവലം നിരാശയോ പേടിയോ ആയിരുന്നില്ല, മറിച്ച് അതിജീവനത്തിന്റെ ഒരു കണിക ഓരോ അക്ഷരങ്ങളിലും ബെഞ്ചമിന്‍ സൂക്ഷിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ വിമോചനം ബെഞ്ചമിന്‍ ഓരോ വരികളിലും സ്വപ്‌നം കണ്ടിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അതിജീവനത്തിന്റെ ഒരിടമായിട്ടായിരുന്നു ബെഞ്ചമിന്‍ തന്റെ എഴുത്തുകളെ കണ്ടിരുന്നത്. ഒരു ഒളിവുജീവിതത്തിലാണ് അദ്ദേഹം 'തീസിസ് ഓണ്‍ ദ ഫിലോസഫി ഓഫ് ഹിസ്റ്ററി' എഴുതുന്നത്. അതിനാല്‍ തന്നെ നിരാശയുടെ നിഴല്‍ വീണ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകം. അമേരിക്കയിലേക്കു കടന്ന ഹന്ന ആരെന്റിന്റെ കൈയിലാണ് അവസാന പുസ്തകമായ 'തീസിസ് ഓണ്‍ ദ ഫിലോസഫി ഓഫ് ഹിസ്റ്ററി'യുടെ കൈയെഴുത്തുപ്രതി കൊടുത്തുവിട്ടത്. സ്‌പെയിനിലെത്തിയ നാത്‌സി പടയ്ക്കു പിടികൊടുക്കാതെ മോര്‍ഫിന്‍ കഴിച്ച് ആത്മഹത്യ ചെയ്യും വരെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.

ഹോളകാസ്റ്റിനെ കുറിച്ചുള്ള എഴുത്തും സിനിമയും ഓര്‍മക്കുറിപ്പുകളും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിരവധിയാളുകള്‍ പങ്കാളികളായിട്ടുണ്ട്. ആ രാഷ്ട്രീയ ചെറുത്തുനില്‍പ്പ് ആദ്യമായി നടത്തിയത് നാത്‌സി ക്രൂരതയുടെ ഇരകള്‍ തന്നെയായിരുന്നു. അത് അവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും ആയിരുന്നില്ല. ഒരുപക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ആ എഴുത്തുകള്‍ സാഹിത്യംപോലും ആയിരിക്കില്ല. ഒരു സമൂഹത്തിന്റെ എല്ലാതരം പൗരന്മാരെയും തീണ്ടിയ കൊടും വിഷമായിരുന്നു ജര്‍മനിയിലെ ജൂത വിരുദ്ധതയും ആന്റി സെമിറ്റിസവും. മറിച്ചൊരു രാഷ്ട്രീയം കേള്‍ക്കാന്‍ അവരുടെ മനസ്സില്‍ ഒരു ധാര്‍മികയിടം അവശേഷിച്ചിരുന്നില്ല. ആ പരിസരം മനസ്സിലാക്കി വേണം വാള്‍ട്ടര്‍ ബെഞ്ചമിന്റെ 'തീസിസ് ഓണ്‍ ദ ഫിലോസഫി ഓഫ് ഹിസ്റ്ററി' എന്ന പുസ്തകം വായിക്കാന്‍. കാരണം, ഇന്ത്യയുടെ പൊതു മനസ്സിനും അത്തരമൊരു ധാര്‍മികയിടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.


Next Story

RELATED STORIES

Share it