Culture

കുരുതി; മുസ്‌ലിം വിരുദ്ധതയില്‍ നിറഞ്ഞാടുന്ന 'സംഘചിത്രം'

മാലിക്കില്‍ മുസ്‌ലിം വിരുദ്ധത ഒളിച്ചു കടത്താനുള്ള ശ്രമമായിരുന്നുവെങ്കില്‍ കുരുതി യാതൊരു മറയുമില്ലാതെ മുസ്‌ലിം വിരുദ്ധത പറയുന്നൊരു സിനിമയാണ്.

കുരുതി; മുസ്‌ലിം വിരുദ്ധതയില്‍ നിറഞ്ഞാടുന്ന സംഘചിത്രം
X

ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ മുസ് ലിംകള്‍ നിരന്തരം ആക്രമണത്തിന് വിധേയമാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കാലത്തെ ഓണച്ചിത്രമായാണ് ആമസോണ്‍ പ്രൈമിലൂടെ കുരുതി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് പള്ളിയാല്‍ ആണ്. പൃഥ്വിരാജ്, റോഷന്‍ മാത്യു, മാമുക്കോയ, നസ്ലന്‍, സ്രിന്ദ, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഒരു കാട്, അതിനുള്ളിലുള്ള ഒറ്റപ്പെട്ട വീട്. ആ വീട്ടിലേക്ക് ഒരു രാത്രി ക്ഷണിക്കപ്പെടാത്ത അതിഥികളായി പുറത്തു നിന്ന് കുറച്ച് ആളുകള്‍ എത്തുന്നു. പിന്നീട് അവിടെ നടക്കുന്ന ചില സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പഞ്ഞമില്ലെങ്കിലും 'കുരുതി' വരുംദിവസങ്ങളില്‍ വിവാദമായേക്കാവുന്ന ത്രില്ലര്‍ സിനിമയാണെന്നതില്‍ തര്‍ക്കം വേണ്ട. മെല്ലെ മെല്ലെയാണ് ചിത്രം അതിന്റെ സംഘര്‍ഷഭരിതമായ അവസ്ഥയിലേക്ക് കടക്കുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മാറിനിന്ന് കൃത്യമായ പക്ഷം പിടിക്കുന്ന ചിത്രം സഞ്ചരിക്കുന്നത് അതിനാടകീയമായാണ്. കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത വിധം വെറുപ്പുളവാക്കുന്ന സംഭാഷണങ്ങളാല്‍ തുന്നിച്ചേര്‍ത്ത ഈ സിനിമയില്‍ അഭിനന്ദന്‍ രാമാനുജത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയിയുടെ സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

ഇബ്രു (റോഷന്‍ മാത്യു) എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് സിനിമയുടെ തുടക്കവും ഒടുക്കവും. കുരുതിയിലെ മുസ്‌ലിം കഥാപാത്രങ്ങളെ കൃത്യമായി ഗ്രേ ഷെയ്ഡില്‍ നിര്‍ത്തുന്നുണ്ട്. പോലിസ് വേഷത്തിലെത്തുന്ന മുരളി ഗോപി മികവോടെ തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മാമുക്കോയ എന്ന പ്രതിഭ തന്നെയാണ് ചിത്രത്തിലുടനീളം താരമായി നിലനില്‍ക്കുന്നത്. ആ മികവ് അഭിനയകലയിലെ അദ്ദേഹത്തിന്റെ മികവില്‍ നിന്ന് മാത്രമാണെന്നും തിരക്കഥാകൃത്തിനോ സംവിധായകനോ അതില്‍ ഒന്നും അവകാശപ്പെടാനില്ലയെന്നതും യാഥാര്‍ത്ഥ്യമാണ്. പൃഥ്വിരാജ് തന്റെ നാടകീയമായ എന്‍ട്രി മുതല്‍ അവസാനം വരെ അതിനാടകീയമായാണ് അഭിനയിച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവറികളിലും ഭാവങ്ങളിലും യാന്ത്രികത മുഴച്ചുനില്‍ക്കുന്നതായി കാണാം. അതേസമയം റോഷന്റെയും സ്രിന്ദയുടെയും പ്രകടനങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ഷൈന്‍ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി എന്നീ താരങ്ങള്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

തിരക്കഥയൊരുക്കിയ അനീഷ് പള്ളിയാല്‍ കൃത്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം വരച്ചുകാട്ടിയെന്നതാണ് സത്യം. കേന്ദ്ര കഥാപാത്രം എന്നത് അപ്രസക്തമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാലിക്കില്‍ മുസ്‌ലിം വിരുദ്ധത ഒളിച്ചു കടത്താനുള്ള ശ്രമമായിരുന്നുവെങ്കില്‍ കുരുതി യാതൊരു മറയുമില്ലാതെ മുസ്‌ലിം വിരുദ്ധത പറയുന്നൊരു സിനിമയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സി രവിചന്ദ്രന്‍ പറയുന്ന സംഘപരിവാര്‍ വാട്‌സ് ആപ്പ് യൂനിവേഴ്‌സിറ്റി വാദമാണ് ചിത്രത്തിലുടനീളം. മണിക്കുട്ടീനെ അറുക്കേണ്ട ഉപ്പച്ചി, വേണ്ട'. 'മണിക്കുട്ടീനെ ഉളുഹിയത്തിന് അറുക്കാന്‍ വച്ചതല്ലേ സുഹ്‌റു, നേര്‍ച്ച തെറ്റിച്ചാല്‍ പടച്ചോന്റെ ശിക്ഷ കിട്ടില്ലേ നമ്മക്ക്? ഈ സംഭാഷണത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ബലി പെരുന്നാളിന് മൃഗത്തെ അറുക്കുന്ന വിശ്വാസത്തെ വയലന്‍സായി ചിത്രീകരിച്ച് അവതരിപ്പിക്കുമ്പോള്‍ തന്നെ ചിത്രം പറഞ്ഞുവയ്ക്കുന്ന പ്രമേയം എത്രമാത്രം മുസ്‌ലിം വിരുദ്ധമാണെന്ന് നമുക്ക് കൃത്യമായി അടയാളപ്പെടുത്താനാകും.

കാലങ്ങളായി രാജ്യത്ത് സംഘപരിവാരം പ്രചരിപ്പിക്കുന്ന ഗുഡ് മുസ്‌ലിം, ബാഡ് മുസ്‌ലിം എന്ന ദ്വന്ദ പ്രയോഗം ഈ ചിത്രത്തില്‍ ഉടനീളം കാണാം. ഹിന്ദുത്വ വാദിയെ നിഷ്‌കളങ്കമായി പ്രതിഷ്ഠിക്കുമ്പോഴും നല്ലവനായ ഇബ്രാഹിം മുസ്‌ലിമാണ് വലിയ വിശ്വാസിയാണ് എങ്കില്‍ തന്നെയും അയാളുടെ നന്മയും ഇസ്‌ലാമും രണ്ടാണെന്ന് സംശയത്തിനിടവരുത്താതെ സ്ഥാപിക്കാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം ആയതുകൊണ്ടാണ് ഇബ്രുവെന്ന ഇബ്രാഹിമിന് സുമയെന്ന അയല്‍ക്കാരിയെ കല്യാണം കഴിക്കാനോ, സ്‌നേഹിക്കാനോ കഴിയാത്തതെന്ന് ഒന്നിലധികം തവണ സംഭാഷണത്തിലൂടെ ചിത്രത്തില്‍ അടയാളപ്പെടുത്തുന്നത് സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയത്തെ വരച്ചുകാട്ടുന്നുണ്ട്. ഗുഡ് മുസ് ലിമായി ഇബ്രുവിനെ അടയാളപ്പെടുത്തുമ്പോള്‍ അതേ കുടുംബത്തിലെ റസൂലിനെ ബാഡ് മുസ്‌ലിമായി ചിത്രീകരിക്കുന്നു. ലോകത്തെമ്പാടും അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിംകളോട് ഐക്യപ്പെടുന്ന സ്വത്വബോധം റസൂല്‍ സൂക്ഷിക്കുന്നുവെന്നതാണ് 'തീവ്രവാദ' ചാപ്പ ചാര്‍ത്തുവാന്‍ തിരക്കഥാകൃത്തിനും സംവിധായകനും മുന്നോട്ട് വയ്ക്കുന്ന അളവുകോലെന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

വിഷ്ണുവിന് ന്യായീകരണം ഉണ്ട്, അവന്റെ അമ്പലം അശുദ്ധിയാക്കി, അതിന് കാരണം മുസ്‌ലിംകളാണ്. ഹിന്ദുത്വ വാദിയായ വിഷ്ണു സാഹചര്യം കൊണ്ട് കൊലപാതകിയാവേണ്ടി വന്ന ഒരു ചെറുപ്പക്കാരന്‍ മാത്രമാകുന്നത് അത്ര നിഷ്‌കളങ്കമായി നോക്കിക്കാണാന്‍ സാധിക്കില്ല. ലായ്ക്കിനാവട്ടെ സ്വന്തം പിതാവിനെ കൊന്ന വിഷ്ണുവിനോടുള്ള പ്രതികാരത്തിനപ്പുറം ലോകം മുഴുവന്‍ വേട്ടയാടപ്പെടുന്ന തന്റെ മതത്തിനോടുള്ള കൂറ് കുറ്റകരമാകുന്നു. ഇവരുടെ ഇടയിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്ന ഇബ്രാഹിം എന്ന നല്ല മുസ്‌ലിമിന് ദൗത്യം ഹിന്ദുവിനെ സംരക്ഷിക്കലാണ്. അല്ലാത്തപക്ഷം അവന്‍ ഏത് നിമിഷവും തീവ്രവാദിയായി മാറിയേക്കാം, അതേ തോതില്‍ പ്രതിഷ്ഠിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ക്ലൈമാക്‌സിലേക്ക് കടക്കുന്ന രംഗങ്ങളില്‍ സുമയുടെ ഡയലോഗിലൂടെ അത് തെളിയിക്കാനും സംവിധായകന്‍ മറന്നിട്ടില്ല. ഹിന്ദുത്വരെ രക്ഷിക്കാന്‍ ലായ്ക്കിനെ ഇബ്രു കൊല്ലുന്നതിലൂടെ അത്തരം കൊലപാതകങ്ങള്‍ക്ക് സാധൂകരണമുണ്ടാക്കാനും സിനിമയ്ക്ക് കഴിഞ്ഞു.

ഭരണകൂടത്തിന് ഒരു മുസ്‌ലിം വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും ഏതു നിമിഷവും അയാള്‍ തങ്ങള്‍ക്കെതിരേ തിരിയാമെന്നും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ വിഷ്ണുവിനെ കൊല്ലപ്പെടാതെ കാക്കും എന്ന് രക്തം പുരണ്ട കൈ ഖുര്‍ആനില്‍ വച്ച് അയാളെക്കൊണ്ട് പോലിസ് വേഷത്തിലെത്തുന്ന മുരളി ഗോപി സത്യം ചെയ്യിപ്പിക്കുന്നു. സുമയ്ക്ക് ഈ ബാധ്യതയില്ല, സ്വന്തം മതക്കാരനായത് കൊണ്ട് കൊലയാളിയായ വിഷ്ണുവിന് ഒളിത്താവളവും ഭക്ഷണവും നല്‍കാന്‍ അവള്‍ക്ക് കഴിയും, അത് ഒരു മാനുഷിക പരിഗണന മാത്രമാവുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഒരാള്‍ തെറ്റിദ്ധരിക്കപ്പെട്ട യുവാവ് ആകുമ്പോള്‍ മറ്റേയാള്‍ 'ലോജിക്കല്‍' ആയൊരു പ്രതിപ്രവര്‍ത്തനം എന്ന നിലയിലാണ് അക്രമിയായി മാറുന്നത്. എന്നാല്‍ മറുവശത്തുള്ള മുസ്‌ലിം കഥാപാത്രങ്ങളെ സംബന്ധിച്ച് അക്രമം എന്നത് സ്വാഭാവികമായൊരു തിരഞ്ഞെടുപ്പും മതവിശ്വാസികളും അന്താരാഷ്ട്ര ബന്ധങ്ങളുള്ള തീവ്രവാദിയുമായി മാറുന്നു.

ഇങ്ങനെ തുടക്കം മുതല്‍ ഒടുക്കം വരെ മുസ്‌ലിം വിരുദ്ധത പച്ചയ്ക്ക് പറയുന്ന സിനിമയെന്നല്ലാതെ മറ്റൊരു മികവും ഈ ഓണച്ചിത്രത്തിനില്ല എന്നു തന്നെ പറയാം. സംഘപരിവാര വാട്‌സ് ആപ്പ് കഥകള്‍ കൊണ്ട് കുത്തിനിറച്ച ഈ ചിത്രം ഉയര്‍ന്നുവരുന്നത് ഇവിടത്തെ മലയാളി പൊതുബോധത്തില്‍ നിന്നാണ്. ആ പൊതുബോധം എത്രമാത്രം വിഷലിപ്തമാണ് എന്നത് ഈ സിനിമയിലൂടെ നമുക്ക് എളുപ്പത്തില്‍ അളെന്നെടുക്കാം. കേരളീയ സമൂഹം പേറുന്ന മുസ്‌ലിം വിരുദ്ധതയുടെ കൃത്യമായ തോത് അടയാളപ്പെടുത്തിയെന്നതിന് (നല്ല കാര്യമായാണ് മുസ്‌ലിം വിരുദ്ധത അടയാളപ്പെടുത്തിയിരിക്കുന്നത്) സംവിധായകന് സ്തുതി.....

Next Story

RELATED STORIES

Share it