Culture

അമേരിക്കയുടെ ടോകിയോ ബോംബിങ്ങിന് ഇന്നേക്ക് 77 വര്‍ഷം

ലെമേ പിന്നീട് പറഞ്ഞു, 'ജപ്പാന്‍കാരെ കൊല്ലുന്നത് ആ സമയത്ത് എന്നെ അലട്ടിയില്ല. യുദ്ധം അവസാനിക്കുകയായിരുന്നു എന്ന കാര്യമാണ് എന്നെ വിഷമിപ്പിച്ചത്.

അമേരിക്കയുടെ ടോകിയോ ബോംബിങ്ങിന് ഇന്നേക്ക് 77 വര്‍ഷം
X

1945 മാര്‍ച്ച് 9 ന് ജപ്പാന്‍ തലസ്ഥാനമായ ടോകിയോവില്‍ നടത്തിയ ഫയര്‍ ബോംബിങ് റെയ്ഡ് ആയിരുന്നു ബോംബിങ് ഓഫ് ടോകിയോ. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ജപ്പാന്റെ തലസ്ഥാനത്ത് അമേരിക്ക നടത്തിയ ഫയര്‍ ബോംബിങ് റെയ്ഡ് 'ഓപറേഷന്‍ മീറ്റിങ് ഹൗസ്' എന്ന രഹസ്യനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

ഡ്രെസ്ഡന്‍, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ ബോംബാക്രമണത്തേക്കാള്‍ വിനാശകരമായ ബോംബിങ് ആയിരുന്നു ഇത്. കൃത്യമായ മരണസംഖ്യ അജ്ഞാതമാണെങ്കിലും, ആ രാത്രിയില്‍ നടന്ന ഫയര്‍ ബോംബിങ് റെയ്ഡില്‍ കുറഞ്ഞത് എണ്‍പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു; ഒരു ദശലക്ഷം ആളുകള്‍ ഭവനരഹിതരായി. ജാപ്പനീസ് ജനത പിന്നീട് ഇതിനെ 'കറുത്ത മഞ്ഞിന്റെ രാത്രി' എന്ന് വിളിച്ചു.

ജപ്പാന്റെ തലസ്ഥാനത്ത് അമേരിക്ക നടത്തുന്ന ആദ്യത്തെ ബോംബാക്രമണം ഇതായിരുന്നില്ല. 1942 ഏപ്രില്‍ 18ന് ലെഫ്റ്റനന്റ് കേണല്‍ ജെയിംസ് 'ജിമ്മി' ഡൂലിറ്റിലിന്റെ നേതൃത്വത്തില്‍ 16 ഇടത്തരം വിമാനങ്ങള്‍ നടത്തിയ കുപ്രസിദ്ധമായ 'ഡൂലിറ്റില്‍ റെയ്ഡ്' ടോകിയോ നഗരത്തില്‍ ബോംബ് വര്‍ഷിച്ചു. ഈ റെയ്ഡ് ജപ്പാന്റെ യുദ്ധനിര്‍മ്മാണ ശക്തികളെ തളര്‍ത്താന്‍ കാര്യമായൊന്നും ചെയ്തില്ലെങ്കിലും, അത് അമേരിക്കയുടെ മനോവീര്യത്തിന് വലിയ ഉത്തേജനം നല്‍കി. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് അമേരിക്ക മുക്തമായത് ഇതിലൂടെയായിരുന്നു.

ജപ്പാനെതിരായ യുഎസ് ടോകിയോ ബോംബിങ് കാംപയ്ന്‍ ആരംഭിക്കുന്നത് മന്ദഗതിയിലായിരുന്നു. 1944ല്‍ ബി29 സൂപ്പര്‍ ഫോര്‍ട്രസ് ബോംബറുകളുടെ വരവ് അമേരിക്കയ്ക്ക് ജപ്പാനിലെ നഗരങ്ങളെ ലക്ഷ്യമാക്കാന്‍ സഹായകമായി. ആദ്യം ചൈനയിലെ താവളങ്ങളില്‍ നിന്നും പിന്നീട് പസഫിക് ദ്വീപുകളില്‍ നിന്നുമായിരുന്നു ആക്രമണം തൊടുത്തുവിട്ടത്. യൂറോപ്പിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ അതേ മാതൃകയിലാണ്് ബോംബിങ് റെയ്ഡുകള്‍ നടത്തിയത്.

ഈ വ്യോമാക്രമണം സംഘടിപ്പിക്കാന്‍ മേജര്‍ ജനറല്‍ കര്‍ട്ടിസ് ലെമേയെ അണ് പെന്റഗണ്‍ ചുമതലപ്പെടുത്തിയത്. രാത്രിയില്‍ താഴ്ന്ന ഉയരത്തില്‍ പറന്ന് ടോകിയോയെ ആക്രമിക്കാന്‍ ലെമേ തീരുമാനിച്ചു. 1945 മാര്‍ച്ച് 9ന്, ആര്‍എഎഎഫ് ബോംബര്‍ കമാന്‍ഡ് ലെമേ ലക്ഷ്യ സ്ഥാനം അടയാളപ്പെടുത്താന്‍ ഒരു യുദ്ധവിമാനത്തെ അയച്ചു. നാപാം ബോംബുകള്‍ സംഭരിച്ച യുദ്ധവിമാനങ്ങള്‍ മരിയാന ഐലന്‍ഡില്‍ നിന്ന് പാത്ത്‌ഫൈന്‍ഡര്‍ വിമാനത്തെ പിന്തുടര്‍ന്ന് ആക്രമണം നടത്തി.

279 ബോംബുകളായിരുന്നു ആ രാത്രി ടോകിയോ നഗരത്തില്‍ വര്‍ഷിച്ചത്. ഏതാണ്ട് 1,665 ടണ്‍ ആയിരുന്നു ബോംബുകളുടെ തൂക്കം, അതില്‍ അര ദശലക്ഷം സിലിണ്ടര്‍ നാപാമും വൈറ്റ് ഫോസ്ഫറസും ഉള്‍പ്പെടുന്നു. വരണ്ടതും കാറ്റുള്ളതുമായ ജപ്പാനിലെ കാലാവസ്ഥ സാഹചര്യങ്ങള്‍ തീപിടുത്തത്തിന്റെ വ്യാപനത്തെ സഹായിച്ചു, അത് തീക്കാറ്റായി മാറി, ജനസാന്ദ്രതയുള്ള നഗരത്തിന്റെ ഏകദേശം 16 ചതുരശ്ര മൈല്‍ നശിപ്പിച്ചു.

ലെമേ പിന്നീട് പറഞ്ഞു, 'ജപ്പാന്‍കാരെ കൊല്ലുന്നത് ആ സമയത്ത് എന്നെ അലട്ടിയില്ല. യുദ്ധം അവസാനിക്കുകയായിരുന്നു എന്ന കാര്യമാണ് എന്നെ വിഷമിപ്പിച്ചത്.

Next Story

RELATED STORIES

Share it