History

ക്ഷേത്രങ്ങള്‍ സംരക്ഷിച്ച ടിപ്പുസുല്‍ത്താന്‍

ബ്രിട്ടിഷുകാരോട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാവാതിരുന്ന ടിപ്പുസുല്‍ത്താന്‍ ഇന്ത്യന്‍ ദേശീയതയുടെയും മതസഹിഷ്ണുതയുടെയും പ്രതീകമാണ്. ബ്രിട്ടിഷ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ സംരക്ഷിച്ച ടിപ്പുസുല്‍ത്താന്‍
X

ഷുക്കൂര്‍ ഉഗ്രപുരം

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണാധികാരിയും സ്വാതന്ത്ര്യസമരസേനാനിയുമാണ് ടിപ്പു സുല്‍ത്താന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് അദ്ദേഹം. മുമ്പ് ബ്രിട്ടിഷുകാരും പിന്നീട് തീവ്രവലതുപക്ഷ ഹിന്ദുത്വ സംഘപരിവാര വിഭാഗങ്ങളുമാണ് അദ്ദേഹത്തെ തെറ്റായി ചിത്രീകരിക്കുന്നതിനു പിന്നിലുള്ളത്.

ബ്രിട്ടിഷുകാരോട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാവാതിരുന്ന ടിപ്പുസുല്‍ത്താന്‍ ഇന്ത്യന്‍ ദേശീയതയുടെയും മതസഹിഷ്ണുതയുടെയും പ്രതീകമാണ്. ബ്രിട്ടിഷ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യംവച്ച് സംഘപരിവാര സംഘടനകള്‍ ടിപ്പുവിനെതിരേ ബ്രിട്ടിഷുകാര്‍ ഉന്നയിച്ച ആരോപണങ്ങളെ ഏറ്റു പിടിക്കുന്നുണ്ട്. എന്നാല്‍ ഈ 'ഭ്രാന്തവല്‍ക്കരണ'ത്തിനെതിരേ ധാരാളം ഗവേഷണപഠനങ്ങള്‍ നടക്കുകയും വസ്തുതകളെ പുറത്തുകൊണ്ടുവരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മനസ്സിലാക്കല്‍ ഓരോ ഇന്ത്യക്കാരന്റെയും ചരിത്ര കുതുകികളുടെയും ബാധ്യതയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കര്‍ണാടകയിലെ നാടോടിപ്പാട്ടുകളിലെല്ലാം ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള പാട്ടുകള്‍ ധാരാളമുണ്ടായിരുന്നു. അതുപോലെ അവിടങ്ങളില്‍ ആയിരക്കണക്കിനു വേദികളില്‍ ടിപ്പുവിനെ കുറിച്ചുള്ള നാടകങ്ങള്‍ അരങ്ങേറിയിരുന്നു.

പ്രമുഖ അമര്‍ചിത്രകഥയിലെ ധീരപോരാളിയും രാഷ്ട്രത്തിനായി രക്തസാക്ഷ്യം വഹിക്കുകയും ചെയ്ത ധീരകഥാപാത്രമായി സാഹിത്യങ്ങളില്‍ ടിപ്പു അവതരിപ്പിക്കപ്പെട്ടു. ടിപ്പുവിന്റെ ആത്മകഥയെ ആസ്പദമാക്കി 1970ല്‍ സംഘപരിവാരം തന്നെ അവരുടെ പ്രസിദ്ധീകരണത്തില്‍ 'ഭാരതി ഭാരതി' എന്ന പേരില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഈ പരമ്പരയില്‍ ടിപ്പു ധീര ദേശാഭിമാനിയും ധീര ദേശനായകനുമാണെന്ന് എഴുതുകയും ടിപ്പുവിനെ ധാരാളമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ ടിപ്പുവിനെ ഇന്ന് 'ഹിന്ദുവിന്റെ ശത്രു' എന്ന രീതിയില്‍ ജനമധ്യേ അവഹേളിക്കുന്നതും സംഘപരിവാരമാണ്. ടിപ്പുവിനെതിരേ പച്ചക്കള്ളം പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യുക എന്ന അജണ്ടയാണ് സംഘപരിവാരം പിന്തുടരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ അവസാന രണ്ടു ദശകങ്ങളിലാണ് ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി ആളുകളെ ചുമതലപ്പെടുത്തുന്നത്.

ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് 'മിഖായേല്‍ സൊറാക്കോ' തന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ ആദ്യമായി മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചത് ടിപ്പു സുല്‍ത്താനായിരുന്നു. അതിനാലാണ് ഐഎസ്ആര്‍ഒയുടെ ഓഫിസ് ചുമരുകളില്‍ ടിപ്പുവിന്റെ ചിത്രം തൂക്കിയത്. ടിപ്പുവിന്റെ മൈസൂര്‍ രാജ്യത്ത് അത്യാധുനിക ശാസ്ത്ര സാങ്കേതികവിദ്യ നിലനിന്നിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള യുദ്ധാവശ്യത്തിനായി ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന അഞ്ഞൂറിലധികം തോക്കുകള്‍ മൈസൂരില്‍ നിര്‍മിക്കുന്ന തോക്കുകളുടെ ഗുണനിലവാരമില്ലെന്നു കണ്ടെത്തി ടിപ്പു തിരിച്ചയച്ചിരുന്നു.

നികുതി ശേഖരിക്കാനായി ആധുനികരീതിയിലുള്ള 'ബ്യൂറോക്രാറ്റിക്' സംവിധാനവും ടിപ്പു നിലനിര്‍ത്തിയിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടിയ നമ്മുടെ പല രാജാക്കന്മാരും പല ഘട്ടങ്ങളിലും സന്ധി ചെയ്യുകയോ, അല്ലെങ്കില്‍ ബ്രിട്ടിഷുകാരോട് ചേര്‍ന്ന് ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ക്കെതിരേ യുദ്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ സന്ധിയില്ലാ സമരം ചെയ്ത ഇന്ത്യയിലെ ഒരേ ഒരു രാജാവായിരുന്നിരിക്കണം ടിപ്പു സുല്‍ത്താന്‍. പഴശ്ശിരാജയും ഹൈദരാബാദിലെ നൈസാമും ബ്രിട്ടിഷുകാരോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തിട്ടുണ്ട്. കുറുമ്പ്രനാട് താലൂക്കിലെ നികുതി പിരിക്കാനുള്ള അവകാശം തനിക്ക് നല്‍കാതെ തന്റെ അമ്മാവന് നല്‍കിയതിനാലാണ് പഴശ്ശിരാജ ബ്രിട്ടിഷുകാര്‍ക്കെതിരേ യുദ്ധത്തില്‍ ഏര്‍പ്പെട്ടത്.

ടിപ്പുവിന്റെ മന്ത്രിസഭയിലെ ഉയര്‍ന്ന സ്ഥാനങ്ങളിലെല്ലാം മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ടിപ്പു നിയമിച്ചിരുന്നത് ഉയര്‍ന്ന സവര്‍ണ ബ്രാഹ്മണരെയായിരുന്നു. (Chandan Gowda,The Hindu,All about Tippu Sultan,Nov 9 - 16)

വിന്‍സ്റ്റന്റ് സ്മിത്ത്, മാര്‍ക്ക് വീല്‍ക്കസ് തുടങ്ങിയ ചരിത്രകാരന്മാര്‍ ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച പ്രമുഖ ബ്രിട്ടിഷ് ചരിത്രകാരന്മാരാണ്. ടിപ്പു ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരെല്ലാം കടുത്ത വര്‍ഗീയവാദികളും മതഭ്രാന്തന്മാരും ക്ഷേത്രധ്വംസനം നടത്തിയവരുമായിരുന്നുവെന്ന് പ്രചരിപ്പിക്കാന്‍ സംഘപരിവാരം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ മറ്റൊന്നാണ്.

ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതാര്?

ഹര്‍ബന്‍സ് മുഖിയ എഴുതുന്നു: 'മുസ്‌ലിംകള്‍ രാഷ്ട്രീയ പ്രതിയോഗികളായി ഉയര്‍ന്നുവരുന്നതിനും എത്രയോ മുമ്പ് ശത്രു രാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ നേരെ ഹിന്ദുരാജാക്കന്മാരും ഇതേവിധം പ്രവര്‍ത്തിച്ചു പോന്നുവെന്ന വസ്തുത അനുബന്ധമായി പ്രസ്താവിക്കട്ടെ. പര്‍മാര വംശത്തിലെ ഭരണാധികാരിയായിരുന്ന സുഭത വര്‍മന്‍ (1193-1210) ഗുജറാത്തിനെ ആക്രമിക്കുകയും ഭാഭേ ഭയിലേയും കംബോയിലേയും ജൈനക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. കശ്മീരിലെ ഭരണാധികാരിയായിരുന്ന ഹര്‍ഷന്‍ നാലു ക്ഷേത്രങ്ങളൊഴികെ തന്റെ സാമ്രാജ്യത്തില്‍പ്പെട്ട എല്ലാ ക്ഷേത്രങ്ങളും കൊള്ളയടിച്ച് ഖജനാവിനു മുതല്‍ക്കൂട്ടുണ്ടാക്കി (Ibid,Page :48)

പല ഹിന്ദു രാജാക്കന്മാരും ധനമോഹത്താലും രാഷ്ട്രീയ താല്‍പര്യങ്ങളാലും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറാത്തക്കാരും രജപുത്രരും അന്യനാടുകളില്‍ അനേകം അമ്പലങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരില്‍ ഏറ്റവും അസഹിഷ്ണുതക്കാരനായി ചിത്രീകരിക്കപ്പെട്ടത് ഔറംഗസേബിനെയായിരുന്നുവല്ലോ? എന്നാല്‍, അദ്ദേഹം ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, നിരവധി അമ്പലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും അളവറ്റ സഹായം നല്‍കിയിട്ടുമുണ്ട്. സോമേശ്വര്‍ നാഥ് മഹാക്ഷേത്രത്തിന് പണവും ഭൂസ്വത്തും ദാനമായി നല്‍കിയതിന്റെ രേഖകള്‍ ഇന്നും ലഭ്യമാണ്. വാരണാസിയിലെ ജംഗുബാഡി ശിവക്ഷേത്രത്തിന് ഔറംഗസേബ് ഭൂസ്വത്ത് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ ആധാരങ്ങളിപ്പോഴും അവിടുത്തെ മഹന്തിന്റെ കൈവശമുണ്ട്. ഗിര്‍നാറിലും അസുഹലും ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലം നിര്‍മാണത്തിനായി നല്‍കിയത് ഔറംഗസേബായിരുന്നു. ശത്രുഞ്ജയന്‍ ക്ഷേത്രമുള്‍പ്പെടെ നിരവധി ഹിന്ദു ആരാധനാലയങ്ങള്‍ക്കും അവിടുത്തെ പൂജാരിമാര്‍ക്കും അദ്ദേഹം ഒട്ടേറെ സൗജന്യങ്ങള്‍ അനുവദിക്കുകയുണ്ടായി (ബി എന്‍ പാണ്ഡേ, ഇസ്‌ലാമും ഇന്ത്യന്‍ സംസ്‌കാരവും, പേജ്: 58-73).

രാജാക്കന്മാര്‍ പലപ്പോഴും സമ്പത്ത് സൂക്ഷിച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. ശത്രുരാജ്യങ്ങളിലെ രാജാക്കന്മാര്‍ സമ്പത്തിനായി ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതും നശിപ്പിക്കുന്നതും കൊള്ളചെയ്യുന്നതും സര്‍വസാധാരണമായിരുന്നു. പല രാജാക്കന്മാരും അതിനുവേണ്ടി മാത്രം സൈന്യത്തിലെ ചില വിഭാഗങ്ങളെ നിലനിര്‍ത്തിപ്പോന്നിരുന്നു.

റൊമീല ഥാപ്പര്‍ എഴുതുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടില്‍ കശ്മീര്‍ ഭരിച്ച ഹര്‍ഷന്റെ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്. ക്ഷേത്രധ്വംസനം ഒരു സംഘടിത കൃത്യമായിരുന്നു. 'ദേവോത്പതനായകന്‍' എന്ന ഒരു ഉദ്യോഗസ്ഥനെ തന്നെ (ദേവന്മാരെ തകര്‍ക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാണ് ഈ പദത്തിന്റെ അര്‍ഥം) ഇതിനായി നിയമിച്ചിരുന്നുവെന്ന് 'രാജതരംഗിണി' എന്ന കൃതിയില്‍ കല്‍ഹന്‍ വ്യക്തമാക്കുന്നു. ആ ഉദ്യോഗസ്ഥന്റെ മുഖ്യജോലി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കലായിരുന്നു.

ഗസ്‌നി മതഭക്തനോ മതപ്രബോധകനോ അല്ലാത്ത തികഞ്ഞ സ്വേച്ഛാധിപതിയും മര്‍ദക ഭരണാധികാരിയുമായിരുന്നു. ഗസ്‌നിയുടെ ക്ഷേത്രകവര്‍ച്ചകള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കുറച്ചൊന്നുമല്ല ചീത്തപ്പേരുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കവര്‍ച്ചകള്‍ക്ക് മതപരമായ മാനം ഉണ്ടായിരുന്നില്ല.

ഡോക്ടര്‍ ഈശ്വരി പ്രസാദ് എഴുതുന്നു: 'മുഹമ്മദ് ഗസ്‌നിയുടെ സൈന്യത്തില്‍ ഒരു വിഭാഗം ഹിന്ദുക്കളായിരുന്നു, പട്ടാളമേധാവികള്‍ പലരും ഹിന്ദുക്കളായിരുന്നു. അദ്ദേഹത്തിന്റെ ലാഹോറിലെ ഗവര്‍ണര്‍ പോലും ഹിന്ദുവായിരുന്നു''(Muslim rule in India, Dr. Iswari Prasad).

ടിപ്പുവിനെ കുറിച്ച് ഗാന്ധി

ടിപ്പുസുല്‍ത്താനെ കുറിച്ച് ഗാന്ധി ഇങ്ങനെ എഴുതുന്നു: 'വിദേശ ചരിത്രകാരന്മാര്‍ ടിപ്പുസുÂത്താനെ മതഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം അത്തരക്കാരനായിരുന്നില്ല. മറിച്ച് ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തികച്ചും സൗഹാര്‍ദപരമായിരുന്നു. മൈസൂര്‍ നാട്ടുരാജ്യത്തിലെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു ശൃംഗേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ 30ലേറെ കത്തുകളുണ്ട്. ഹിന്ദുക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്തുക്കള്‍ ദാനം ചെയ്തു. ടിപ്പുവിന്റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കിട്ടരാമണ്ണ ശ്രീനിവാസ ക്ഷേത്രവും ശ്രീരംഗനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും സഹിഷ്ണുതയുടെയും വിശാലമനസ്‌കതയുടെയും അനശ്വര സ്മാരകങ്ങളാണ്. അല്ലാഹുവിന്റെ ഭക്തനായിരുന്ന മഹാനായ ഈ രക്തസാക്ഷി സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷിയായിരുന്നു. ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ പ്രാര്‍ഥനകള്‍ക്ക് ശല്യമായി അദ്ദേഹം കരുതിയിരുന്നില്ല.'' (യങ് ഇന്ത്യ 1930 ജനുവരി, പേജ് 31)

1971ല്‍ രഘുനാഥറാവു പട്‌വര്‍ധന്റെ നേതൃത്വത്തില്‍ മറാത്താസേന പ്രശസ്തമായ ശൃംഗേരിമഠം കൊള്ളയടിക്കുകയും അനേകം വൈദികബ്രാഹ്മണരെ കൊല്ലുകയും ചെയ്തു.

എന്നിട്ട് ധാരാളം ധനം അപഹരിച്ചു, മഠാധിപതിക്ക് പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടേണ്ടി വന്നു. അന്ന് ശൃംഗേരി മഠാധിപതിയുടെ അഭ്യര്‍ഥന മാനിച്ച് ക്ഷേത്രസംരക്ഷണത്തിന് പട്ടാളത്തെ അയച്ച് അക്രമികളെ തുരത്തിയത് ടിപ്പുസുല്‍ത്താനാണ്. (Bundle of Letters in the Temple Shringeri discovered by Shri Narasimhachar in 1951.Quated by K.H Khan -Tippu Sultan :Page-355)

ടിപ്പു സുല്‍ത്താന്‍ അനേകം അമ്പലങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയതോടൊപ്പം നിരവധി ക്ഷേത്രങ്ങള്‍ക്ക് സ്വത്തുക്കള്‍ സംഭാവന ചെയ്യുകയുമുണ്ടായി. മൈസൂര്‍ പുരാവസ്തുവകുപ്പിന്റെ റിപോര്‍ട്ട് അനുസരിച്ച് അദ്ദേഹം നഞ്ചന്‍കോട് താലൂക്കിലെ ലക്ഷ്മീകാന്തം ക്ഷേത്രത്തിനും മേല്‍ക്കാട് നാരായണസ്വാമി ക്ഷേത്രത്തിനും ആനകളും സ്വര്‍ണþവെള്ളി തളികകളും സ്ഥലങ്ങളും മറ്റും സമ്മാനങ്ങളായി നല്‍കിയിരുന്നു.(Mysore Archaeological Report, 1917, Page: 60)

ഇങ്ങനെ അനേകം സംഭവങ്ങളുണ്ട്. പക്ഷേ, അവയെല്ലാം മറച്ചുവച്ച് തന്ത്രപരമായി അസത്യവും അസഹിഷ്ണുതയും പ്രചരിപ്പിക്കുകയാണിന്ന്. നമ്മുടെ നാടുകളില്‍ കാലപ്പഴക്കം കൊണ്ടും മറ്റും അനേകം ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിച്ചുപോയിട്ടുണ്ട്, എന്നാല്‍ ടിപ്പുവും സൈന്യവും കാലു കുത്താത്ത ആ നാട്ടിലെ ക്ഷേത്രവും തകര്‍ത്തത് ടിപ്പു സുല്‍ത്താനാണെന്ന് അറിഞ്ഞോ അറിയാതെയോ ഇന്ന് പ്രചരിക്കുന്നുണ്ട്. ഇത്യാദി അസഹിഷ്ണുതാ പ്രചാരണങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്.

ഈ രാജ്യം എല്ലാ ഇന്ത്യക്കാരുടേതുമാണ്. മതത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും പേരില്‍ നമ്മുടെ സമൂഹത്തെ കീറിമുറിക്കാന്‍ അനുവദിക്കരുത്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.

പ്രമുഖ ഹിന്ദു ആചാര്യനും ചിന്തകനുമായിരുന്ന തുളസീദാസിന് തന്റെ പ്രശസ്ത കൃതിയായ 'രാമചരിതമാനസം' രചിക്കാന്‍ മസ്ജിദിന്റെ ഓരത്ത് പായ വിരിച്ചു നല്‍കിയത് ഉത്തരേന്ത്യയിലെ മുസ്‌ലിംകളായിരുന്നുവെന്നത് ഇവിടുത്തെ ഹിന്ദുവും മുസല്‍മാനും വിസ്മരിച്ചു കളയരുത്. ഇന്ത്യ മാനവസൗഹൃദങ്ങളുടെ ഭൂമിയാണ്. ഇതിന് പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടത് നാം ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ്.

(ലേഖകന്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ഥിയാണ്)
Next Story

RELATED STORIES

Share it