ഈസ്റ്റര്‍ ഐലന്‍ഡ് അപകടത്തില്‍

ചിലിയില്‍ നിന്നു മാറി 2200 കിലോമീറ്റര്‍ ഇപ്പുറം പസഫിക് സമുദ്രത്തിലാണ് ഈസ്റ്റര്‍ ഐലന്‍ഡ് സ്ഥിതിചെയ്യുന്നത്. റാപ ന്യൂയി എന്ന പോളിനേഷ്യന്‍ പേരും ഈ ദ്വീപിനുണ്ട്.ഭൂമിയില്‍ മനുഷ്യര്‍ അധിവസിക്കുന്ന ഏറ്റവും വിദൂരതയിലുള്ള സ്ഥലമാണ് ഈസ്റ്റര്‍ ഐലന്‍ഡ്.

ഈസ്റ്റര്‍ ഐലന്‍ഡ് അപകടത്തില്‍

സരിത മാഹിന്‍


1722ലെ ഒരു ഈസ്റ്റര്‍ ഞായറാഴ്ചയാണ് ഡച്ച് സാഹസികയാത്രികനായ ജേക്കബ് റോഗ്‌വീന്‍ അവിടെ കാലുകുത്തുന്നത്. അന്നു മുതലാണ് അത് ഈസ്റ്റര്‍ ഐലന്‍ഡ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ചിലിയില്‍ നിന്നു മാറി 2200 കിലോമീറ്റര്‍ ഇപ്പുറം പസഫിക് സമുദ്രത്തിലാണ് ഈസ്റ്റര്‍ ഐലന്‍ഡ് സ്ഥിതിചെയ്യുന്നത്. റാപ ന്യൂയി എന്ന പോളിനേഷ്യന്‍ പേരും ഈ ദ്വീപിനുണ്ട്.ഭൂമിയില്‍ മനുഷ്യര്‍ അധിവസിക്കുന്ന ഏറ്റവും വിദൂരതയിലുള്ള സ്ഥലമാണ് ഈസ്റ്റര്‍ ഐലന്‍ഡ്. 15 മൈലാണ് ഈ ദ്വീപിന്റെ വിസ്തീര്‍ണം. 'മോയി' എന്നു വിളിക്കുന്ന 800 കല്‍പ്രതിമകളും 'അഹു' എന്നറിയപ്പെടുന്ന പ്ലാറ്റ്‌ഫോമുകളെയും കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ ദ്വീപ് സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്.

ഏതോ പുരാതന സംസ്ഥാനത്തിന്റെ തിരുശേഷിപ്പുകള്‍ പോലെ കാണപ്പെടുന്ന ഈ കല്‍പ്രതിമകള്‍ അക്കാലത്തെ ശവക്കല്ലറകളാണെന്നാണു വിശ്വസിക്കപ്പെടുന്നത്.

'അഹു തോങ്ങ്ഗരിക്കി' എന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പ്രതിമയ്ക്കാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയം. 6000 പേരാണ് ഈസ്റ്റര്‍ ഐലന്‍ഡില്‍ അധിവസിക്കുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഇവിടം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം അതിലും കൂടുതലാണ്- 100,000.

കാലാവസ്ഥാ വ്യതിയാനം ഈസ്റ്റര്‍ ഐലന്‍ഡിനെയും വെറുതെ വിടുന്നില്ലെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസില്‍ ഈയിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നത്. പസഫിക് സമുദ്രത്തിന്റെ തിരമാലകള്‍ ഇവിടെയുള്ള കല്‍പ്രതിമകളെയും പ്ലാറ്റ് ഫോമുകളെയും തൊടാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്. 2100ല്‍ സമുദ്രനിരപ്പ് അഞ്ചു മുതല്‍ ആറ് അടിവരെ ഉയരുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈസ്റ്റര്‍ ഐലന്‍ഡും ഭീഷണി നേരിടുന്നു.
RELATED STORIES

Share it
Top