Culture

മാലിക്: ബീമാപ്പള്ളിക്കാര്‍ക്കെതിരായ രണ്ടാം വെടിവയ്പ്പ്; അവതരിക്കപ്പെട്ട രാഷ്ട്രീയം ചരിത്ര വിരുദ്ധമാണ്

മുസ്‌ലിംകള്‍ക്കെതിരേ മുസ്‌ലിംകളെ തന്നെ ശത്രുപക്ഷത്ത് നിര്‍ത്താനും 'നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം' എന്ന സംഘപരിവാര ദ്വന്തം അണുകിട വ്യത്യാസമില്ലാതെ ചിത്രീകരിക്കാനും സംവിധായകന്‍ മറന്നില്ല.

മാലിക്: ബീമാപ്പള്ളിക്കാര്‍ക്കെതിരായ രണ്ടാം വെടിവയ്പ്പ്; അവതരിക്കപ്പെട്ട രാഷ്ട്രീയം ചരിത്ര വിരുദ്ധമാണ്
X

കോഴിക്കോട്: മാലിക്, ആകാംഷയോടെയും പ്രതീക്ഷയോടേയും ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ കാത്തിരുന്ന മലയാള സിനിമയാണെന്നതില്‍ തര്‍ക്കമില്ല. ടേക്ക് ഓഫിനും സീ യു സൂണിനും ഇടയില്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേര്‍ന്നൊരുക്കിയ ചിത്രമാണ് മാലിക്. നീണ്ട കാത്തിരിപ്പിനൊടുവില്‍, തീയേറ്റര്‍ റീലിസിന് പകരം ഒടിടി റിലീസായി മാലിക് എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ സിനിമയുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങളും ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു.

ചിത്രത്തിന്റെ മേക്കിങ്ങിനെ സംബന്ധിച്ച് പറയുമ്പോള്‍ മെച്ചപ്പെട്ടതാണെന്നല്ലാതെ മറ്റൊരഭിപ്രായം ആര്‍ക്കും ഉണ്ടാകാന്‍ വഴിയില്ല. തുടക്കത്തിലേയും ഒടുക്കത്തിലേയും സിംഗിള്‍ ഷോട്ട് മുതല്‍ മേക്കിങ്ങിലും ആര്‍ട്ടിലും ഛായാഗ്രഹണത്തിലും മാലിക് മികച്ചു നില്‍ക്കുന്നുണ്ട്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. വിവിധ സ്ഥലങ്ങള്‍, വിവിധ സന്ദര്‍ഭങ്ങള്‍, വിവിധ കഥാപാത്രങ്ങള്‍, വിവിധ സംഭാഷണങ്ങള്‍ എല്ലാം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചതെന്നത് ചിത്രത്തിന്റെ മേക്കിങ്ങിനെ ഒരുപടി ഉയര്‍ത്തി നിര്‍ത്തുന്നുണ്ട്.

രണ്ട് മണിക്കൂറും നാല്‍പ്പത്തിയൊന്ന് മിനുറ്റുമുള്ള ഈ ചിത്രം പ്രക്ഷകനെ മടുപ്പിക്കാതെ തന്നെ പിടിച്ചിരുത്തിക്കൊണ്ടു പോകാന്‍ മഹേഷ് നാരായണന്‍ എന്ന സംവിധായകനും എഡിറ്റര്‍ക്കും സാധിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളില്‍ സാങ്കേതികത്വത്തില്‍ മികച്ചു നില്‍ക്കുന്ന ചിത്രം. ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണം. അഭിനേതാക്കളുടെ ഒതുക്കത്തോടെയും പക്വതയോടെയുമുള്ള പ്രകടനവും മനോഹരമായ ഫ്രെയിമുകളും പ്രേക്ഷകനെ ആകര്‍ഷിക്കും. പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തിലും മറിച്ചൊരഭിപ്രായം പറയാനാകില്ല.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് മാലിക്കിലൂടെ മഹേഷ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ഈ മൂന്ന് കാലത്തേയും വ്യക്തമായി തന്നെ അടയാളപ്പെടുത്താന്‍ സിനിമയുടെ കലാസംവിധാന വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്ക ആയിരിക്കുമ്പോവും മാലിക് പറഞ്ഞു വെക്കുന്ന രാഷ്ട്രീയം വരും ദിവസങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. ബീമാപള്ളി വെടിവയ്പ്പ് എന്ന കേരള രാഷ്ട്രീയത്തിലെ ഭരണകൂടത്തിന്റെ ഏറ്റവും വലിയ വംശീയാക്രമണത്തെ പരോക്ഷമായി ചിത്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബീമാപള്ളി വെടിവയ്പ്പ് പോലിസിന്റെ സൃഷ്ടിയായി ചിത്രം പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ചിത്രം പറയാതെ പോകുന്ന രാഷ്ട്രീയ സാഹചര്യം ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുസ്‌ലിം നായകനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു തന്നെ, മുസ്‌ലിം സമുദായത്തെ ആയുധക്കടത്തുകാരായും അക്രമികളായും സ്വന്തം സമുദായത്തെ വഞ്ചിക്കുന്നവരായും ചിത്രം ചിത്രീകരിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരേ മുസ്‌ലിംകളെ തന്നെ ശത്രുപക്ഷത്ത് നിര്‍ത്താനും 'നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം' എന്ന സംഘപരിവാര ദ്വന്തം അണുകിട വ്യത്യാസമില്ലാതെ ചിത്രീകരിക്കാനും സംവിധായകന്‍ മറന്നില്ല. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ ടേക്ക് ഓഫിനേക്കാളും വലിയ മുസ്‌ലിംവിരുദ്ധ ചിത്രമാണ്. ബദരി കടപ്പുറം ചെറിയതുറയും, റമദ പള്ളി ബീമാപ്പള്ളിയുമായാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

സിനിമയിലുടനീളം ബീമാപ്പള്ളിക്കാരെ അധോലോക, മാഫിയ സംഘമായിട്ടാണ് അവതരിപ്പിക്കുന്നത്. ഐയുഐഎഫ് എന്ന സമുദായ പാര്‍ട്ടി നേതാവിനെയും അലീക്കാ എന്ന അപരനെയും സൃഷ്ടിച്ചത് പോരാഞ്ഞിട്ട് ബീമാപ്പള്ളിക്കാരെ ഭീകരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തോക്കും ഇറക്കുമതി ചെയ്യുന്നുണ്ട്. ബീമാപള്ളിക്കാരെക്കൊണ്ട് ഇടക്കിടെ ബോലോ തക്ബീര്‍ വിളിപ്പിക്കുന്നതും അത്ര നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ നേതാവ് പറയുന്നതായും സിനിമയില്‍ കുത്തിനിറയ്ക്കുമ്പോള്‍ പുറത്തുചാടുന്നത് എഴുത്തുകാരന്റെ മുസ്‌ലിം വിരുദ്ധതയാണ്. ബിരിയാണിച്ചെമ്പില്‍ തുടങ്ങുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ വാര്‍പ്പ് മാതൃകയിലൂടെ തന്നെയാണ് ചിത്രം ആരംഭിക്കുന്നതെന്നതും യാദൃശ്ചികമായി കാണാന്‍ സാധിക്കില്ല.

മുസ്‌ലിം ക്രിസ്ത്യന്‍ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നിടത്ത് മുസ്‌ലിം വിഭാഗത്തെ അക്രമ മാര്‍ഗ്ഗത്തെ സ്വയം തിരഞ്ഞെടുത്തവരും ക്രിസ്ത്യന്‍ വിഭാഗത്തെ സിസ്റ്റത്തിന്റെ കെണിയില്‍ പെടുന്നവരായുമായ നിഷ്‌കളങ്കരായാണ് അവതരിപ്പിച്ചിട്ടുള്ളത്. പോലിസുണ്ടാക്കിയ ലഹള. അല്ലാതെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല.'' ഈ സിനിമയില്‍ കേട്ട സത്യസന്ധമായ ഒരു ഡയലോഗ് എന്ന് പറയാം. എന്നാല്‍ പലയിടത്തും സുലൈമാന്‍ എന്ന ഫഹദ് ഫാസില്‍ കഥാപാത്രത്തെ അദ്ദേഹത്തില്‍ നിന്നുയരുന്ന ആക്രമണോല്‍സുകത ചരിത്രപരമായ വംശീയാതിക്രമങ്ങളില്‍ നിന്നുള്ള പ്രതിരോധമാണെന്ന് വ്യക്തതയില്ലാതെ അടയാളപ്പെടുത്തുന്നുണ്ട്. അതേസമയം അതിനെ ബാലന്‍സ് ചെയ്യാന്‍ സുലൈമാന്റെ ഉമ്മയെ 'നല്ല മുസ്‌ലിം' ആയി ചിത്രീകരിച്ച് സുലൈമാനെതിരേ സാക്ഷി പറയിപ്പിക്കുവാനും സംവിധായകന്‍ മറന്നിട്ടില്ല.

ഇനി യഥാര്‍ത്ഥ ചരിത്രവുമായി ഈ ചിത്രം താരതമ്യം ചെയ്യുമ്പോള്‍, 2009 മെയ് 17നാണ് ബീമാപ്പള്ളി വെടിവയ്പ്പ് നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടു. 70 റൗണ്ട് വെടിയുതിര്‍ത്തിട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെ പോലിസ് പൊതിരെ തല്ലി. 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. ഒരാളെ തല്ലിക്കൊന്നത് തോക്കിന്റെ പാത്തികൊണ്ടാണ്. 52 പേര്‍ക്ക് പരിക്കേറ്റ ഈ ആസൂത്രിത മുസ്‌ലിം വേട്ട നടക്കുമ്പോള്‍ വിഎസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനാണ് ആഭ്യന്തര മന്ത്രി, വി സുരേന്ദ്രന്‍ പിള്ളയായിരുന്നു അന്നത്തെ സ്ഥലം എംഎല്‍എ. എന്നിട്ടും സിനിമയില്‍ ഈ വെടിവയ്പ്പിന്റെ രാഷ്ട്രീയ ഗൂഡാലോചന ദിലീഷ് പോത്തന്‍ വേഷമിട്ട ഐയുഐഎഫ് എന്ന മുസ്‌ലിം സംഘടനാ നേതാവായ പിഎ അബൂബക്കറിലേക്ക് ഒതുക്കി.

അവിടെ മാത്രം ഒതുങ്ങുന്നില്ല, വെടിവയ്പ്പിലെ ഉദ്യോഗസ്ഥ പ്രാതിനിധ്യവും കൃത്യമായി മുസ്‌ലിം പ്രാതിനിധ്യത്തില്‍ കെട്ടിവച്ച സംവിധായകന്റെ ചരിത്ര വിരുദ്ധത, ചരിത്രമറിയാഞ്ഞിട്ടല്ല മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയമായേ കാണാന്‍ സാധിക്കൂ... സംഭവ സമയത്ത് തിരുവനന്തപുരം കലക്ടര്‍ സഞ്ജയ് കൗള്‍ ഐഎഎസ്, സബ് കലക്ടര്‍ കെ ബിജു ഐഎഎസ് എന്നിവരാണ്. എന്നാല്‍ സബ് കലക്ടറായി ചിത്രത്തില്‍ എത്തുന്ന, ബീമപള്ളി വെടിവയ്പ്പിന് ഉത്തരവിടുന്ന അന്‍വര്‍ അലി എന്ന പേരില്‍ നടന്‍ ജോജു ജോര്‍ജ്ജ് എത്തുന്നത് ബോധപൂര്‍വമാണ്. നടന്ന മുസ്‌ലിം വംശീയഹത്യയെ കൃത്യമായി സാമാന്യവല്‍കരിക്കുന്നതാണ്.

അതുകൊണ്ട് തന്നെയാണ്, കൊമ്പ് ഷിബു എന്നറിയപ്പെട്ടിരുന്ന ചെറിയതുറ ഫിഷര്‍മാന്‍ കോളനിയിലെ ഒരു ലോക്കല്‍ ഗുണ്ടയാണ് എല്ലാ പ്രശനങ്ങള്‍ക്കും തുടക്കം കുറിച്ചതെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെട്ടത്. അന്നത്തെ വിഎസ് സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ജസ്റ്റിസ് കെ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നുവെങ്കിലും ഇന്ന് വരെ റിപോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല എന്ന ചരിത്രസത്യവും ഈ സിനിമയിലൂടെ വീണ്ടും വീണ്ടും കുഴിച്ചു മൂടപ്പെടുകയായിരുന്നു. മേക്കിങ് കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് സമൂഹത്തോട് ഒരുകാലത്തും പ്രതിബദ്ധത പുലര്‍ത്താനാകില്ല....., അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ ചരിത്ര വിരുദ്ധത മുഴച്ചുനില്‍ക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it