Documentary

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ് പദ്ധതി അപേക്ഷകള്‍ എപ്പോഴാണ് പരിഗണിക്കുക?

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം;  സംസ്ഥാനത്തെ ആറുലക്ഷം ലൈഫ് പദ്ധതി അപേക്ഷകള്‍ എപ്പോഴാണ് പരിഗണിക്കുക?
X

കേരളവികസനത്തില്‍ വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. ലൈഫ് പദ്ധതി ആറ് വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് ആറ് ലക്ഷത്തോളം മനുഷ്യര്‍ ഭവനരഹിതരാണെന്ന കണക്കുകളും പുറത്തുവരികയാണ്.

തുടര്‍വിജയത്തിന്റെ തിളക്കവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ വര്‍ഷം പിന്നിടുന്നത് കാര്യമായ വെല്ലുവിളികളില്ലാതെ. നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് തുടര്‍ഭരണത്തിന് തുടക്കമിട്ട സര്‍ക്കാര്‍ ഒന്നാം വാര്‍ഷിക വേളയില്‍ അവതരിപ്പിക്കുന്നത് വികസന നേട്ടങ്ങളുടെ വന്‍ പട്ടിക.

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണിന് പലിശരഹിത വായ്പ, കെഡിസ്‌ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍, കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് 200കോടിയുടെ ധനസഹായം തുടങ്ങിയവയായിരുന്നു ആദ്യ നൂറുദിന പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്. കൂടുതല്‍പേര്‍ക്ക് പട്ടയങ്ങള്‍, കെഫോണ്‍ പദ്ധതി, കൂടംകുളം കൊച്ചി വൈദ്യുത ഇടനാഴി, കൊച്ചി-ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴി തുടങ്ങി ഒരു പറ്റം പദ്ധതികളും ആദ്യ വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ലൈഫ് പദ്ധതിക്കു കീഴില്‍ ഇതിനോടകം പൂര്‍ത്തീകരിച്ച രണ്ടരലക്ഷത്തോളം വീടുകളുടെ കണക്കും ഒപ്പമുണ്ട്.

വിമര്‍ശകര്‍ക്കോ വിവാദങ്ങള്‍ക്കോ ഇനി സര്‍ക്കാരിനെ തൊടാനാകില്ലെന്ന വ്യാഖ്യാനം ജനവിധിയില്‍ നിന്ന് സര്‍ക്കാര്‍ വായിച്ചെടുത്തതോടെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. കെറെയിലിലും ലോകായുക്തയിലും സര്‍വകലാശാല നിയമനങ്ങളിലുമെല്ലാം ഇത് പ്രകടമായി.

സാധാരണക്കാരന്റെ പരാതികള്‍ക്ക് പരിഹാരം സമ്പാദിക്കാമായിരുന്ന ലോകായുക്തയെ വെറും സര്‍ക്കാര്‍ പരാതി പരിഹാരസെല്ലാക്കി മാറ്റിയത് ഈ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും മോശം തീരുമാനങ്ങളില്‍ ഒന്നായിരുന്നു.

ഗവര്‍ണറുമായുളള പോരാകട്ടെ സമാനതകളില്ലാത്ത കാഴ്ചയുമായി. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതിക്കായുളള ശ്രമങ്ങള്‍ക്കിടെ കിറ്റക്‌സ് സംസ്ഥാനം വിട്ടത് കല്ലുകടിയായി. എല്ലാം മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായതോടെ മന്ത്രിമാര്‍ നടത്തിപ്പുകാരുടെ റോളിലേക്ക് ചുരുങ്ങി.

ആദ്യ പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമസമാധാന രംഗത്തടക്കം സംസ്ഥാനം പിന്നാക്കം പോയെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. 2016ല്‍ സംസ്ഥാനത്ത് 305 കൊലപാതകങ്ങളായിരുന്നു നടന്നതെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലപ്പെട്ടത് 337പേര്‍. ഇതില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയ്‌ക്കെതിരെ ചെറു വിമര്‍ശനം പോലും മുന്നണിയിലോ പാര്‍ട്ടിയിലോ ഇല്ലെന്നതും തുടര്‍ഭരണകാലത്തെ പ്രത്യേകത.

ഒന്നുമാവാതെ ലൈഫ് ഭവന പദ്ധതി

വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. സാധാരണക്കാരന്റെ ആ സ്വപ്‌നത്തിന് സാക്ഷാത്കാരമാവേണ്ട ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ ആറ് ലക്ഷം പേരാണ് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ലൈഫ് പദ്ധതി സംബന്ധിച്ച് ഒരോ ജില്ലകളിലും 5000ത്തിലധികം പരാതികളുണ്ട്. വീട് ലഭ്യമാകുന്നതിലെ കാലതാമസം, സ്വജനപക്ഷപാതം, പട്ടിക അട്ടിമറിക്കല്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.

കെ റെയില്‍പോലുള്ള വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, സാധാരണക്കാരന്റെ കൂര എന്ന സ്വപ്‌നത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്.

ഏറ്റവും സുതാര്യമായാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് പറയുമ്പോഴും പല വാര്‍ഡുകളിലും ഈ പദ്ധതി പ്രകാരം വര്‍ഷങ്ങളായി വീട് അനുവദിക്കാത്ത പ്രദേശങ്ങളുമുണ്ട്. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ കൂട്ടിയ്ക്കല്‍ വാര്‍ഡില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ലൈഫ് പദ്ധതിപ്രകാരം ഒരാള്‍ക്കുപോലും വീട് ലഭിച്ചിട്ടില്ല.

മുന്‍കാലങ്ങളില്‍ നിരവധി ഭവനപദ്ധതികളുണ്ടായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രത്യേക ഭവനപദ്ധതികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുള്‍പ്പെടെ എല്ലാ ഇതര ഭവനപദ്ധികളും ലൈഫ് പദ്ധതിയെന്ന ഒറ്റ പദ്ധതിയില്‍ ലയിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഇതര ഭവനപദ്ധതികളിലൂടെ സുതാര്യമായും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരുന്ന വീട് ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ 5000ത്തിലധികം പട്ടിക ജാതിക്കാര്‍ക്ക് വീടു ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 200-300 വീടുകളാണ് ലഭിക്കുന്നത്. കുടുംബശ്രീ പട്ടിജാതി-വര്‍ഗ്ഗക്കാര്‍ക്ക് ലഭ്യമായ വീടുകളുടെ കണക്കെടുക്കുത്തപ്പോള്‍ ഇത് കൂടുതല്‍ വ്യക്തമായി.

കൊട്ടിഘോഷിച്ച് നടപ്പാക്കിയ ലൈഫ് പദ്ധതിക്ക് കീഴില്‍ രണ്ടരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കിയെന്ന കണക്കുകള്‍ക്കിടെയാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആറ് ലക്ഷത്തോളം പേരുടെ കണക്ക് പുറത്ത് വരുന്നത്. ഇതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്‍കിയവരാണ് ഒരു ലക്ഷത്തോളം പേര്‍. പുതുതായി അപേക്ഷ നല്‍കിയവരുടെ അന്തിമ കണക്ക് ഉടന്‍ പുറത്തുവിടാനൊരങ്ങുകയാണ് ലൈഫ് മിഷന്‍.

കുടുംബശ്രീ നടത്തിയ വിവരശേഖരണം അനുസരിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ 17.5 ലക്ഷത്തോളം തൊഴില്‍ രഹിതര്‍ കേരളം എവിടെ നില്‍ക്കുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ്.

ചെങ്ങറ സമരക്കാര്‍ക്ക് ഉള്‍പ്പെടെ ഭൂമി നല്‍കുന്നതിന് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

റേഷന്‍ ഓണ്‍ വീല്‍സ് എന്ന ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ഏറെ ശ്രദ്ധിപ്പെട്ടെങ്കിലും അത് തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. ഏവിയേഷന്‍ അക്കാഡമിയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിന് പ്രവേശനം നേടുന്ന അഞ്ച് പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന പദ്ധതിയാണ് വിങ്‌സ്. പട്ടിക ജാതി-വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് വിങ്‌സ് പദ്ധതി. ഇതിന് പുറമെ ഇതേ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയും ഫലപ്രദമാണ്.

1600 കോടിയുടെ മെഡിക്കല്‍ കോര്‍പറേഷന്‍ അഴിമതി

ഈ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് കൊവിഡ് ഘട്ടത്തില്‍ മെഡിക്കല്‍ കോര്‍പറേഷനില്‍ നടന്ന 1600 കോടിയുടെ അഴിമതി. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി നടന്ന ഇടപാടിലാണ് കോടികളുടെ അഴിമതി നടന്നത്. 2020 മാര്‍ച്ച് 29ന് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് ഒരേദിവസം രണ്ട് വ്യത്യസ്ത കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതില്‍ ആയിരം രൂപയോളം വ്യത്യാസം വന്നു. 500 രൂപക്ക് കെറോണ്‍ എന്ന കമ്പനിക്ക് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കിയ അന്നേദിവസം തന്നെ മറ്റൊരു കമ്പനിക്ക് 1550 രൂപക്ക് ഓര്‍ഡര്‍ നല്‍കി. മഹാരാഷ്ട്രയില്‍ 2014ല്‍ നിര്‍ത്തലാക്കിയ സാന്‍ ഫാര്‍മ എന്ന കമ്പനി അയച്ച ഇമെയില്‍ പ്രകാരമാണ് 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്.

പരമാവധി ഏഴുരൂപ സര്‍ക്കാര്‍ തന്നെ വില നിശ്ചയിച്ച ഗ്ലൗസിന് 12 രൂപ നല്‍കിയാണ് അഗ്രേറ്റ ഏവിയോണ്‍ എന്ന കമ്പനിയില്‍നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഒരു കോടി ഗ്ലൗസ് വാങ്ങുന്നതിനായിരുന്നു ഓര്‍ഡര്‍. എന്നാല്‍ 40 ലക്ഷം ഗ്ലൗസുകള്‍ മാത്രമേ കമ്പനിക്ക് നല്‍കാനായുള്ളൂ. ഗോഡൗണില്‍ കെട്ടിക്കിടന്ന ബാക്കി വന്ന 60 ലക്ഷം ഗ്ലൗസ് 10 രൂപക്ക് നല്‍കാനായി കമ്പനി എം.ഡി നിര്‍ദേശിച്ചു. എന്നാല്‍ ആരോഗ്യമന്ത്രി ഈ നിര്‍ദേശം തടയുകയായിരുന്നു.

ആവശ്യത്തിന് ഗ്ലൗസ് അഗ്രേറ്റ ഏവിയോണ്‍ കമ്പനി ആദ്യം ലഭ്യമാകാത്തതുകൊണ്ട് ഏഴു രൂപക്ക് കേരളത്തിലെ രണ്ട് കമ്പനികളില്‍നിന്നു ഗ്ലൗസ് വാങ്ങുകയും ചെയ്തു. 1500 രൂപ മുതല്‍ 2000 രൂപവരെ ലഭ്യമാകുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5390 രൂപയ്ക്കാണ് തൃശൂര്‍ സര്‍ജിക്കല്‍ എന്ന കമ്പനിയില്‍നിന്നു വാങ്ങിയത്. സര്‍ക്കാര്‍ കരാര്‍ നല്‍കിയ കമ്പനികളെല്ലാം ഓര്‍ഡര്‍ ലഭിക്കുന്നതിന് നാല് മാസം മുമ്പ് തട്ടിക്കൂട്ടിയതാണെന്നും ആരോപണമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് തുടങ്ങിയ പ്രക്രിയയാണെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ പര്‍ച്ചേസ് നടന്നിരിക്കുന്നത്. അതിലുപരി പര്‍ച്ചേസ് രേഖകളൊന്നും വകുപ്പിന്റെയോ കോര്‍പറേഷന്റെ കയ്യിലില്ല എന്നതാണ് അഴിമതിയുടെ ആഴം വര്‍ധിപ്പിക്കുന്നത്.

പാളിപ്പോയ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി

രണ്ടാം പിണറായി സര്‍ക്കരിന്റെ ആദ്യ നൂറു ദിന കര്‍മപദ്ധതിയായ മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്മാര്‍ട്ട് കിച്ചന്‍ ആരംഭിക്കാന്‍ പോലും കഴിഞ്ഞില്ല. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാന്‍, അവരുടെ ജോലി ഭാരം കുറയ്ക്കാനെന്ന മട്ടില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഉപേക്ഷിക്കേണ്ടിവന്നത്. സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിടുന്നതാണ് പദ്ധതിയെന്ന വിമര്‍ശനം വന്നതോടെയാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്. അതുപോലെ തന്നെ അതിദരിദ്ര്യ ലഘൂകരണപദ്ധതിയും സര്‍വേ നടത്തിയതല്ലാതെ മുന്നോട്ട് പോയിട്ടില്ല.

മന്ത്രിമാരുടെ പരിചയക്കുറവ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. മുഖ്യമന്ത്രി ഏകാധിപതിയാവുകയും മറ്റ് വകുപ്പുകള്‍ അപ്രസക്തമാവുകയുമായിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ യഥാര്‍ഥ കണക്ക് പുറത്തവന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനില്ലാതെ വലയുകയാണ്. ഒരോ മാസവും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തെ ആശ്രയിച്ച് മാത്രമാണ് കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാവുന്നത്. ഇനി എത്രകാലം സര്‍ക്കാര്‍ എയ്ഡില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാവുമെന്ന് പറയാനാകാത്ത അവസ്ഥയാണ്. അതിനിടെ, 2500 ഓളം പുതിയ ബസ്സുകള്‍ കണ്ടം ചെയ്യേണ്ടി വന്നതും മാനേജ് മെന്റിന്റെ പിടിപ്പ് കേടാണ്. ഇതിന് പുറമെ ജനറം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബസ്സുകള്‍ സ്‌കൂള്‍ ക്ലാസ് മുറികളാക്കാന്‍ തീരുമാനിച്ചതും പിടിപ്പ് കേടിന്റെ ഉദാഹരണങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

മുട്ടില്‍ മരം മുറി കേസ്

കര്‍ഷകര്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ ശേഷം തേക്ക്, ഈട്ടി അടക്കമുള്ള മരങ്ങള്‍ മുറിച്ച് മാറ്റി. കൃഷിക്കാരുടെയും കര്‍ഷക സംഘടകളുടേയും കത്തുകളുടേയും അപേക്ഷകളുടേയും അടിസ്ഥാനത്തിലാണ് 2020 ഒക്ടോബറില്‍ ഉത്തരവിറക്കിയത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് കര്‍ഷകര്‍ നട്ടുപിടിപ്പിച്ചതോ, കിളിര്‍ത്തുന്നവന്നതോ ആയ മരങ്ങളാണ് മുറിച്ച് മാറ്റാന്‍ ഉത്തരവിറക്കിയത്. റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ പാടില്ല. എല്ലാ പട്ടയ ഭൂമികളിലേയും മരങ്ങള്‍ മുറിക്കാന്‍ പാടില്ല. ഈ ഉത്തരവിലൂടെ കോടികളുടെ മരമാണ് മുറിച്ച് കടത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മരം മുറിക്കാന്‍ ഉത്തരവിറക്കിയത് പ്രത്യേക് താല്‍പര്യത്താലാണ് എന്നത് ഉറപ്പാണ്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പോര് സര്‍ക്കാരിന് ഗവര്‍ണര്‍ക്ക് ക്ഷീണമായി. രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കുറിപ്പ് കേരള സര്‍വകലാശാല വിസി നിരസിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. അതേസമയം, ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ടെങ്കിലും നിയമനത്തിന് തടസ്സമില്ലെന്ന് കുറിച്ചത് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനപ്പിച്ചു. ഇതേ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഒടുവില്‍ പൊതുഭരണവകുപ്പ് സെക്രട്ടറിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി ഗവര്‍ണറെ സര്‍ക്കാര്‍ അനുനയിപ്പിച്ചു.

കെ റെയില്‍

പ്രതിപക്ഷം എന്നതിനപ്പുറം ജനങ്ങള്‍ ഒന്നാകെ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് പിണറായി സര്‍ക്കാര്‍. അതേസമയം, സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി സംബന്ധിച്ച തൃക്കാക്കര ഉപതിരഞ്ഞടുപ്പില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതിരിക്കാന്‍ ഇടതുപക്ഷം പ്രത്യേകം ശ്രദ്ധിച്ചു. പ്രതിപക്ഷം ആ വിഷയം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് അവരും ഉള്‍വലിഞ്ഞു. അതിനിടെ, അതിരടയാളക്കല്ലിടല്‍ വേണ്ടെന്നും ടോട്ടല്‍സ്‌റ്റേഷന്‍ സര്‍വേ നടത്തിയാല്‍ മതിയെന്നും കോടതി ഉത്തരവുണ്ടായി. കേരളത്തിലങ്ങോളമിങ്ങോളം നിരവധി പോലിസ് നടപടികള്‍ക്ക് ഇടയാക്കിയ കല്ലിടലിനാണ് ഇതോടെ താല്‍ക്കാലിക വിരാമമുണ്ടായത്. കെ റെയില്‍ തൃക്കാക്കരയില്‍ ഉയര്‍ത്തുന്നത് ഗുണകരമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തില്‍ കെ റെയില്‍ ഒഴിവാക്കിയത്.

Next Story

RELATED STORIES

Share it