Arts

നിരോധനങ്ങളെ ചോദ്യം ചെയ്ത് ബിനാലെയില്‍ 'ശപിക്കപ്പെട്ട വടികള്‍'

വെളുത്ത മയിലാണ് സുരേഷിന്റെ സൃഷ്ടിയുടെ പ്രധാന ഘടകം. ബഹുവര്‍ണമുള്ള മയിലാണ് ഭാരതത്തിന്റെ ദേശീയ പക്ഷി. എന്നാല്‍ ഇന്ന് മയിലിനെ ഏകവര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നാനാത്വം ഇല്ലാതാക്കുന്നത് ഇതിലൂടെ പ്രതീകവത്കരിക്കുകയാണ് സുരേഷ്.

നിരോധനങ്ങളെ ചോദ്യം ചെയ്ത് ബിനാലെയില്‍ ശപിക്കപ്പെട്ട വടികള്‍
X

കൊച്ചി: ഇരുട്ടു നിറഞ്ഞ മുറിയില്‍ അലോസരപ്പെടുത്തുന്ന ശബദ്‌ത്തോടെ നിലത്ത് കുത്തുന്ന മുളവടികള്‍, ബഹുവര്‍ണ്ണമില്ലാതെ വെളുത്ത നിറമുള്ള മയില്‍. കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കാണികളെ ഏറെ ചിന്തിപ്പിക്കുന്ന പ്രതിഷ്ഠാപനമാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി വി സുരേഷിന്റേത്.


തികച്ചും രാഷ്ട്രീയമായ പ്രമേയം യന്ത്രങ്ങളുടെ സഹായത്തോടെ ഏറെ കൗതുകകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുരേഷ്. 'കെയിന്‍ ഓഫ് റാത്ത്' (ശപിക്കപ്പെട്ട വടികള്‍) എന്ന യന്ത്രവത്കൃത കലാ പ്രതിഷ്ഠാപനം വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. സര്‍ഗ്ഗാത്മകതയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏര്‍പ്പെടുത്തുന്ന നിരോധനം, ഭിന്ന സ്വരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം എന്നിവയ്‌ക്കെതിരെ തന്റെ സൃഷ്ടിയിലൂടെ സുരേഷ് ആഞ്ഞടിക്കുകയാണ്.മുള, തൂപ്പ്ചൂല്, തുണി എന്നിവയിലൂടെയാണ് സുരേഷ് തന്റെ കലാസൃഷ്ടി നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ഹാളിന് ചുറ്റും ചെറിയ മോട്ടോറുമായി നേര്‍ത്ത കമ്പികള്‍ വഴി മുള ബന്ധിപ്പിച്ച് നിറുത്തിയിരിക്കുന്നു. നിശ്ചിത ഇടവേളകളില്‍ ഇത് നിശബ്ദതയെ ഭേദിച്ച് നിലത്ത് കുത്തുന്നു. ഇതോടൊപ്പം വലിയൊരു ചൂല് നിലം വൃത്തിയാക്കുകയും ചെയ്യുകയാണ്. കൂടാതെ അവ്യക്തമായ വീഡിയോയിലൂടെ വര്‍ത്തമാനകാല രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുപ്പ് പരത്തുന്നതിനെയും ചിത്രീകരിച്ചിരിക്കുന്നു.സമകാലീന രാഷ്ട്രീയത്തിന്റെ അസംബന്ധങ്ങളാണ് ഈ സൃഷ്ടിയിലൂടെ വരച്ചു കാട്ടാന്‍ ശ്രമിച്ചതെന്ന് ബി വി സുരേഷ് പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെന്ന സങ്കല്‍പ്പത്തെ എങ്ങിനെയാണ് നശിപ്പിക്കുന്നതെന്നും പറയാന്‍ ശ്രമിച്ചിരിക്കുന്നു.

സ്വതന്ത്ര ചിന്ത, മഹദ് വചനങ്ങള്‍ എന്നിവയെ എങ്ങിനെയാണ് വികലമാക്കാന്‍ ശ്രമിക്കുന്നതെന്ന് ഈ സൃഷ്ടി പറയുന്നു. കലാസമൂഹമാണ് ഇത്തരക്കാരില്‍ നിന്നുള്ള ആക്രമണത്തിന് ആദ്യം വിധേയരാകുന്നതെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. കേവലം മതയാഥാസ്ഥിതികര്‍ മാത്രമല്ല, ലാഭേച്ഛ നോക്കുന്ന ശക്തികളും ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വെളുത്ത മയിലാണ് സുരേഷിന്റെ സൃഷ്ടിയുടെ പ്രധാന ഘടകം. ബഹുവര്‍ണമുള്ള മയിലാണ് ഭാരതത്തിന്റെ ദേശീയ പക്ഷി. എന്നാല്‍ ഇന്ന് മയിലിനെ ഏകവര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നാനാത്വം ഇല്ലാതാക്കുന്നത് ഇതിലൂടെ പ്രതീകവത്കരിക്കുകയാണ് സുരേഷ്. ബംഗ്‌ളൂര്‍ സ്വദേശിയായ ബി വി സുരേഷ് ഹൈദരാബാദ് സര്‍വകലാശാലയിലെ അധ്യാപകനാണ്. ഒറ്റപ്പെടലാണ് കര്‍ണാടകയിലെ ബാല്യകാലം അദ്ദേഹത്തിന് സമ്മാനിച്ചത്. ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ആര്‍ട്ടില്‍ നിന്നാണ് അദ്ദേഹം ഫൈന്‍ ആര്‍ട്ട്‌സ് ബിരുദം കരസ്ഥമാക്കിയത്. സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കലാകാരന്മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ബി വി സുരേഷ് ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷങ്ങള്‍, അരികുവല്‍്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ബി വി സുരേഷിന്റെ സൃഷ്ടി സംസാരിക്കുന്നത്. കത്തിക്കരിഞ്ഞ റൊട്ടിക്കഷണങ്ങള്‍ ഗുജറാത്ത് കലാപ സമയത്തെ ബറോഡ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയെ കാണിക്കുന്നു.ബറോഡ സര്‍വകലാശാലയിലും ഇതേ പ്രതിഷ്ഠാപനം സുരേഷ് സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും ബിനാലെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ബറോഡയിലെ പ്രതിഷ്ഠാപനം മൂകമായിരുന്നെങ്കില്‍ ബിനാലെയിലേത് കാണികളുമായി സംവദിക്കുന്നതാണെന്ന് ബറോഡയിലെ വിദ്യാര്‍ഥിയായ നരേന്ദ്ര പറഞ്ഞു. ബിനാലെ ഫൗണ്ടേഷന്റെ സ്റ്റുഡന്റ്‌സ് ബിനാലെയുടെ ആര്‍ട്ട് എജ്യൂക്കേറ്റര്‍ കൂടിയാണ് ബി വി സുരേഷ്.Next Story

RELATED STORIES

Share it