Job

വനിതകള്‍ക്കും എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാം; സായുധസേനയിലെ ലിംഗവിവേചനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

വനിതകള്‍ക്കും എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാം; സായുധസേനയിലെ ലിംഗവിവേചനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പ്രവേശന പരീക്ഷ വനിതകള്‍ക്കും എഴുതാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വനിതകളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നയം ലിംഗവിവേചനമാണെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. സപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ എന്‍ഡിഎ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സായുധ സേനയില്‍ കൂടുതല്‍ വനിതകളുടെ പ്രവേശനത്തിന് വഴിതുറക്കുന്നതാണ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ഇടക്കാല ഉത്തരവ് ഇറക്കിയത്.

എന്‍ഡിഎ പ്രവേശന പരീക്ഷയെഴുതാന്‍ സ്ത്രീകളെ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സപ്തംബര്‍ 8ന് ഹരജിയില്‍ അന്തിമവാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സായുധസേനയില്‍ സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് കുറ്റപ്പെടുത്തി. മാനസികാവസ്ഥയുടെയും ലിംഗവിവേചനത്തിന്റെയും പ്രശ്‌നമാണിത്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് സേനാവിഭാഗങ്ങള്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷ. ജുഡീഷ്യറിയില്‍നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാവുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈയെടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു.

നിങ്ങള്‍ മാനസികാവസ്ഥ മാറ്റാന്‍ തയ്യാറാവണം. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. സേനയില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം വിധികളുണ്ടായിട്ടും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതില്‍ ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. 'സേനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് വിധികളുണ്ടായിട്ടും നിങ്ങളെന്താ ഇങ്ങനെ ചെയ്യുന്നത്? ഇത് അസംബന്ധമാണ്'. ജുഡീഷ്യറി ഉത്തരവിട്ടാല്‍ മാത്രമേ സൈന്യം അത് നടപ്പാക്കുകയുള്ളോ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യാം- ജസ്റ്റിസ് കൗള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു.

റിക്രൂട്ട്‌മെന്റ് നയം വിവേചനപരമല്ലെന്നും സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ ധാരാളം അവസരങ്ങളുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. വ്യത്യസ്തമായ പരിശീലനമുറകളാണ്. ആത്യന്തികമായി ദേശീയ സുരക്ഷയുടെ കാര്യമാണെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. നയപരമായ തീരുമാനമാണെന്നും കോടതി ഇടപെടരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചിന്‍മോയ് പ്രദീപ് ശര്‍മ ബെഞ്ചിനോട് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് എന്‍ഡിഎയില്‍ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് അവരുടെ പുരോഗതിയിലോ കരിയറിലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമെന്ന് അര്‍ഥമാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതകളെ സായുധസേനയില്‍നിന്ന് ഒഴിവാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16, 19 എന്നിവയുടെ ലംഘനമാണെന്നാണ് ഹരജിയിലെ വാദം. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരാനുള്ള അവസരം നിഷേധിക്കുന്നു.

വനിതാ ഓഫിസര്‍മാരുടെ കരിയറിന് ഇതൊരു തടസ്സമായി മാറുന്നുവെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. എന്‍ഡിഎ പരീക്ഷയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന പുരുഷന്‍മാര്‍ക്ക് നിലവില്‍ ഇന്ത്യയുടെ സായുധ സേനയില്‍ പെര്‍മനന്റ് സര്‍വീസ് കമ്മീഷനിലാണ് നിയമനം. സ്ത്രീകളെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫിസര്‍മാരായാണ് നിയമിക്കുന്നത്. സേനയിലെ വനിതാ ഉദ്യോഗസ്ഥരെ കമാന്‍ഡ് പദവികളിലേക്കും പുരുഷന്‍മാര്‍ക്ക് തുല്യമായി സ്ഥിരം കമ്മീഷനുകളിലേക്കും നിയമിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it