Job

എസ്ബിഐയില്‍ 5,000 ഒഴിവുകള്‍; ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ ? അറിയാം

എസ്ബിഐയില്‍ 5,000 ഒഴിവുകള്‍; ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ ? അറിയാം
X

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റിന്റെ 5000ലധികം ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തെ 15 വ്യത്യസ്ത സര്‍ക്കിളുകളിലായി ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) 5,008 തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

സപ്തംബര്‍ ഏഴ് മുതല്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. സപ്തംബര്‍ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ bank.sbi/careers, sbi.co.in. എന്നിവ സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഏതൊങ്കിലുമൊരു സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഈ റിക്രൂട്ട്‌മെന്റ് പ്രോജക്ടിന് കീഴില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ.

വിജ്ഞാപനമനുസരിച്ച്, പ്രിലിമിനറി പരീക്ഷ ഈ വര്‍ഷം നവംബറില്‍ നടത്താനും മെയിന്‍ പരീക്ഷ 2022 ഡിസംബറിലോ 2023 ജനുവരിയിലോ നടത്താനാണ് സാധ്യത. തിരഞ്ഞെടുത്ത പ്രാദേശിക ഭാഷയുടെ പരിജ്ഞാനത്തിനായുള്ള ടെസ്റ്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടത്തും- എസ്ബിഐ അറിയിച്ചു. ഇത് ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയതിന് ശേഷം ബാങ്കില്‍ ചേരുന്നതിന് മുമ്പ് നടത്തും. ഈ പരീക്ഷയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കില്ല. 10ാം ക്ലാസിലോ 12ാം ക്ലാസിലോ നിര്‍ദ്ദിഷ്ട പ്രാദേശിക ഭാഷ പഠിച്ചതിന്റെ തെളിവ് (മാര്‍ക്ക് ഷീറ്റ്) ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഭാഷാ പരീക്ഷയ്ക്ക് വിധേയരാവേണ്ടതില്ല.

ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ആഗസ്ത് ഒന്നിന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ പ്രായമുണ്ടാവരുത്. സംവരണ വിഭാഗത്തിലുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്. SC/ ST/ PwBD/ ESM/DESM വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഫീസില്ല. ജനറല്‍/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിലുളള ഉദ്യോഗാര്‍ഥികള്‍ക്ക് 750 രൂപയാണ് ഫീസ്.

ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. ബിരുദത്തിന്റെ അവസാന വര്‍ഷ/സെമസ്റ്ററിലുള്ളവര്‍ക്കും താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടാല്‍, ആഗസ്ത് 16നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താല്‍ക്കാലികമായി അപേക്ഷിക്കാം.

പരീക്ഷാ ഷെഡ്യൂള്‍

പ്രിലിമിനറി പരീക്ഷ 2022 നവംബര്‍ മാസത്തിലും മെയിന്‍ പരീക്ഷ 2022 ഡിസംബര്‍/ജനുവരി 2023 മാസത്തിലും താല്‍ക്കാലികമായി നടത്തും.

100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് പരീക്ഷകള്‍ അടങ്ങുന്ന പ്രിലിമിനറി പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. ഇംഗ്ലീഷ് ഭാഷ (30 മാര്‍ക്ക്), സംഖ്യാപരമായ കഴിവ് (35 മാര്‍ക്ക്), റീസണിങ് എബിലിറ്റി (35 മാര്‍ക്ക്) എന്നിങ്ങനെ 3 വിഭാഗങ്ങള്‍ അടങ്ങുന്ന ഈ പരീക്ഷ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

പ്രധാന പരീക്ഷയില്‍ നാല് പരീക്ഷകള്‍ ഉള്‍പ്പെടുന്നു: ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നസ് (50 മാര്‍ക്ക്, 35 മിനിറ്റ്), ഇംഗ്ലീഷ് (40 മാര്‍ക്ക്, 35 മിനിറ്റ്), അഭിരുചി (50 മാര്‍ക്ക്, 45 മിനിറ്റ്), കമ്പ്യൂട്ടര്‍ അഭിരുചി (60 മാര്‍ക്ക്, 45 മിനിറ്റ്). മൊത്തത്തില്‍ രണ്ട് മണിക്കൂറും 40 മിനിറ്റും ആയിരിക്കും മെയിന്‍ പരീക്ഷ.

ശമ്പളം

ശമ്പള സ്‌കെയില്‍ 17,900-1,000/3-20,900-1230/3-24,590-1,490/4-30,550-1,730/7-42,600-3,270/1-45,930-1,990/1-47,920 ആയിരിക്കും. പ്രാരംഭ അടിസ്ഥാന ശമ്പളം 19,900/ രൂപയാണ് (17,900/ രൂപയും ബിരുദധാരികള്‍ക്ക് അനുവദനീയമായ രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്റുകളും).

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം, മറ്റ് അപേക്ഷകളൊന്നും സ്വീകരിക്കില്ല. ഉദ്യോഗാര്‍ഥികള്‍ ബാങ്കിന്റെ വെബ്‌സൈറ്റ് https://bank.sbi/careers, https://www.sbi.co.in/careers ജൂനിയര്‍ അസോസിയേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് 2022 വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷന് ശേഷം ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ തുക അടയ്‌ക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈന്‍ മോഡ് വഴിയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്.

Next Story

RELATED STORIES

Share it