Job

വിദേശജോലിയ്ക്ക് സുരക്ഷിത വാതായനം; അഞ്ച് വര്‍ഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്

വിദേശജോലിയ്ക്ക് സുരക്ഷിത വാതായനം; അഞ്ച് വര്‍ഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്
X

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശജോലി ലഭിച്ചത് 2,753 പേര്‍ക്ക്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ല്‍ പോലും 787 പേര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ സാധിച്ചു. അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കും വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധവിഭാഗം തൊഴിലാളികള്‍ക്കും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നത് സൗദി അറേബ്യയിലേക്കാണ് (1152). യുഎഇയില്‍ 866 പേര്‍ക്കും, യുകെയില്‍ 594 പേര്‍ക്കും ജോലി ലഭ്യമാക്കി. ഒമാന്‍, ബെല്‍ജിയം, മാല്‍ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനിയറിങ്, അധ്യാപനം, ഹ്യൂമന്‍ റിസോഴ്‌സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലുകളിലാണ് ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളായ യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കുമാണ് മുമ്പ് തൊഴിലന്വേഷകരെ റിക്രൂട്ട് ചെയ്തിരുന്നത്.

നിലവില്‍ ജര്‍മ്മനി, ബെല്‍ജിയം, സൗത്ത് സുദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളികളായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിനല്‍കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ഒഡെപെക് നടപ്പാക്കുന്നു. ഒഡെപെക് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്ന വിദേശ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുവഴി കൂടുതല്‍ പേര്‍ക്ക് മികച്ച ജോലി ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. വിസ തട്ടിപ്പ്, ശമ്പളം തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായി വിദേശ തൊഴില്‍ ലഭ്യമാക്കാന്‍ ഒഡെപെക് വലിയ പിന്തുണയാണ് നല്‍കുന്നത്.

ജര്‍മ്മനിയിലേക്ക് നഴ്‌സുമാര്‍ക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റ നടത്തുന്നതിനായി ജര്‍മ്മന്‍ ഭാഷയില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്‌സുകളും ഒഡെപെക് നടപ്പാക്കുന്നു. ഇതിനുപുറമെ ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് IELTS / OET പരീക്ഷാ പരിശീലനവും ഒഡെപെക് വഴി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരത്തില്‍ 1826 പേര്‍ക്ക് ഈ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. യുഎസ്എ, കാനഡ, ആസ്‌ത്രേലിയ, യുകെ, ന്യൂസിലാന്‍ഡ്, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉപരിപഠനത്തിനു അവസരം ലഭ്യമാക്കുന്നതിനുള്ള സ്റ്റഡി എബ്രോഡ് പദ്ധതിയും ഒഡെപെക് ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it