Career

ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു; 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി 56 വിദ്യാര്‍ഥികള്‍

ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു; 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി 56 വിദ്യാര്‍ഥികള്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷാഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ പങ്കെടുത്തവരില്‍ 56 വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം സ്‌കോര്‍ ലഭിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ഗജാരെ നീല്‍കൃഷ്ണ നിര്‍മ്മല്‍കുമാര്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി. ദക്ഷേഷ് സഞ്ജയ് മിശ്ര (മഹാരാഷ്ട്ര), ആരവ് ഭട്ട് (ഹരിയാന) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

പൂര്‍ണ മാര്‍ക്ക് നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെലങ്കാനയില്‍ നിന്നാണ്. 15 വിദ്യാര്‍ഥികളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഏഴു പേര്‍ വീതവും ഡല്‍ഹിയില്‍ നിന്ന് ആറുപേരും 100 ശതമാനം സ്‌കോര്‍ നേടി. ഏപ്രില്‍ നാലു മുതല്‍ 12 വരെ രാജ്യത്തെ 319 നഗരങ്ങളിലായി നടന്ന പരീക്ഷയില്‍ 12.57 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.ac.in വഴി ഫലം പരിശോധിക്കാം.

ജെഇഇ മെയിന്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 2.5 ലക്ഷം റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഐഐടികളിലേക്കുള്ള പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും.

Next Story

RELATED STORIES

Share it