Top

കീം 2021 പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജൂണ്‍ 21 വരെ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കീം 2021 പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജൂണ്‍ 21 വരെ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
X

കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന 2021-22ലെ വിവിധ പ്രഫഷനല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് https://www.cee.kerala.gov.in വഴി ജൂണ്‍ 21ന് വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാന്‍ അവസരം. പ്രവേശന നടപടികളെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. കോഴ്‌സുകളെ നാലുസ്ട്രീമുകളിലായി തിരിച്ചിട്ടുണ്ട്.

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്റ് അലൈഡ്, ഫാര്‍മസി. അപേക്ഷാര്‍ഥി താത്പര്യമുള്ള, പരിഗണിക്കപ്പെടേണ്ട, സ്ട്രീമുകള്‍മാത്രം ഇപ്പോള്‍ തിരഞ്ഞെടുത്താല്‍ മതി. എന്‍ജിനീയറിങ്ങിലെ ബ്രാഞ്ചുകള്‍, മെഡിക്കല്‍ ആന്റ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകള്‍ എന്നിവ ഇപ്പോള്‍ തിരഞ്ഞെടുക്കേണ്ടതില്ല.

മൊത്തം 16 കോഴ്‌സുകള്‍, മൂന്ന് പുതിയ കോഴ്‌സുകള്‍

* എന്‍ജിനീയറിങ്: ബിടെക് (കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ഡയറി ടെക്‌നോളജി, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ കീഴിലുള്ള ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സ് ഉള്‍പ്പെടെ)

* ബിആര്‍ക്ക് (ആര്‍ക്കിടെക്ചര്‍)

* മെഡിക്കല്‍: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ് (ആയുര്‍വേദ), ബിഎച്ച്എംഎസ് (ഹോമിയോ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യൂനാനി).

* മെഡിക്കല്‍ അനുബന്ധം: ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍, ബിഎസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി, ബിവിഎസ്‌സി ആന്റ് എഎച്ച് (വെറ്ററിനറി), ബിഎഫ്എസ്‌സി (ഫിഷറീസ്), ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപറേഷന്‍ ആന്റ് ബാങ്കിങ്, ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്‌നോളജി (അവസാനത്തെ മൂന്നും പുതുതായി കീം പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയവ)

* ബിഫാം (ഫാര്‍മസി കോഴ്‌സ്)

അര്‍ഹരായ ഒരാള്‍ക്ക് ഒന്നോ, കൂടുതലോ സ്ട്രീമുകളിലേക്ക് (പരമാവധി നാല്) അപേക്ഷിക്കാം. ഒരു സ്ട്രീമില്‍ മാത്രം അപേക്ഷിച്ചാലും ഒന്നില്‍കൂടുതല്‍ സ്ട്രീമുകളില്‍ അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നല്‍കേണ്ടതുള്ളൂ. ഏതൊക്കെ സ്ട്രീമില്‍ പരിഗണിക്കണമെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പര്‍, ഫാര്‍മസി പ്രവേശനപരീക്ഷകൂടിയാണ്. എന്നാല്‍, എന്‍ജിനീയറിങ്ങിന് അപേക്ഷിക്കുന്ന ഒരാളെ സ്വമേധയാ ഫാര്‍മസി റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല.

അപേക്ഷ നല്‍കുമ്പോള്‍ ഫാര്‍മസി സ്ട്രീം തിരഞ്ഞെടുക്കുന്നവരെമാത്രമേ ഫാര്‍മസി റാങ്കിങ്ങിനായി പരിഗണിക്കുകയുള്ളൂ. വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ വായിക്കുക. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ വേണം. അപേക്ഷാര്‍ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ ഷുലഴ/ഷുഴ ഫോര്‍മാറ്റില്‍, നിശ്ചിത അളവില്‍ തയ്യാറാക്കിവയ്ക്കണം. അപ്‌ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, പിഡിഎഫ് ഫോര്‍മാറ്റില്‍ ആയിരിക്കണം. അപേക്ഷ www.cee.kerala.gov.in hgn നല്‍കാം.

പ്രവേശന അര്‍ഹത

പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിന് പൗരത്വം, നേറ്റിവിറ്റി, വിദ്യാഭ്യാസം, പ്രായം എന്നിവ സംബന്ധിച്ച യോഗ്യതാ വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തണം. ഇന്ത്യക്കാരനാവണം. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഒസിഐ/പിഐഒ വിഭാഗക്കാര്‍ക്ക് സംവരണ ആനുകൂലം ലഭിക്കില്ല. അപേക്ഷകരെ, നേറ്റിവിറ്റി യോഗ്യതയുടെ അടിസ്ഥാനത്തില്‍ കേരളീയന്‍, കേരളീയേതരന്‍ I, കേരളീയേതരന്‍ II എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പരിഗണിക്കും.

കേരളീയന്‍ ആര് ?

അപേക്ഷാര്‍ഥിയോ അപേക്ഷാര്‍ഥിയുടെ അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്‍, അപേക്ഷാര്‍ഥിയെ, 'കേരളീയന്‍' ആയി പരിഗണിക്കും. കേരളീയര്‍ക്കേ സാമുദായിക/വിശേഷാല്‍/ഭിന്നശേഷി സംവരണങ്ങള്‍, ഏതെങ്കിലും ഫീസിളവുകള്‍, എന്നിവ കിട്ടുകയുള്ളൂ. കേരള കേഡറിലുള്ള കേരളീയരല്ലാത്ത, അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ മക്കളെ കേരളീയരായി പരിഗണിക്കും. പക്ഷേ, സംവരണ ആനുകൂല്യങ്ങള്‍, ഫീസിളവ് എന്നിവയ്ക്ക് അര്‍ഹതയില്ല.

കേരളീയന്‍ രേഖകള്‍

കേരളീയന്‍ അര്‍ഹതയ്ക്ക് ഒട്ടേറെ രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അവയില്‍ ഒന്ന് നല്‍കണം. കേരളത്തിലെ ജനനസ്ഥലം അതില്‍ വേണം. രേഖകള്‍ ഇവയിലൊന്നാവാം.

അപേക്ഷാര്‍ഥിയുടെ രേഖവച്ച് കേരളീയന്‍ ക്ലെയിം വച്ചാല്‍:

* എസ്എസ്എല്‍സി/ജനന സര്‍ട്ടിഫിക്കറ്റ് (അപേക്ഷാര്‍ഥിയുടെ പേര് വേണം)/പാസ്‌പോര്‍ട്ട് എന്നിവയിലൊന്നിന്റെ/ബന്ധപ്പെട്ട പേജിന്റെ പകര്‍പ്പ്

* കേരളത്തില്‍ ജനിച്ചു എന്ന് വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫിസര്‍/തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് (നിശ്ചിത ഫോര്‍മാറ്റില്‍).

അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ക്ലെയിം വച്ചാല്‍:

* അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയ എസ്എസ്എല്‍സി/ജനന സര്‍ട്ടിഫിക്കറ്റ്/പാസ്‌പോര്‍ട്ട് എന്നിവയിലൊന്നിന്റെ / ബന്ധപ്പെട്ട പേജിന്റെ പകര്‍പ്പും അതോടൊപ്പം അപേക്ഷാര്‍ഥിയും അച്ഛനും/അമ്മയും (ആരുടെ രേഖയാണോ നല്‍കുന്നത് ആ വ്യക്തിയുമായി) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഔദ്യോഗിക, അനുബന്ധ രേഖയും (ധഅപേക്ഷാര്‍ഥിയുടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു കഴിഞ്ഞെങ്കില്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി., റേഷന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ചിലതിലൊക്കെ ബന്ധം രേഖപ്പെടുത്തിയേക്കാം. ഇവയിലൊന്നു കൊടുക്കുക)പ.

* അപേക്ഷാര്‍ഥിയുടെ അച്ഛന്‍/അമ്മ കേരളത്തില്‍ ജനിച്ചെന്നു വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫിസര്‍/തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് (നിശ്ചിത ഫോര്‍മാറ്റില്‍)

കേരളീയേതരന്‍ l/ II ആരാണ്?

അപേക്ഷാര്‍ഥി/അച്ഛന്‍/അമ്മ കേരളത്തില്‍ ജനിച്ചവരല്ലെങ്കില്‍ അപേക്ഷാര്‍ഥി കേരളീയേതരന്‍ I / II വിഭാഗത്തില്‍ പെടും.

* കേരളീയേതരന്‍ I: എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ കേരളത്തില്‍ പഠിച്ചവര്‍, കഴിഞ്ഞ 12 വര്‍ഷത്തെ തന്റെ പഠനകാലയളവില്‍, കുറഞ്ഞത് അഞ്ചുവര്‍ഷം, കേരളത്തില്‍ താമസിച്ചവര്‍ എന്നിവരെ കേരളീയേതരന്‍-I ആയി പരിഗണിക്കും. അപേക്ഷാര്‍ഥി, യോഗ്യതാ കോഴ്‌സിന് കേരളത്തില്‍ പഠിക്കുകയും കേരളീയനല്ലാത്ത രക്ഷാകര്‍ത്താവ്, കേരളത്തില്‍ ജോലി ചെയ്യുന്ന സായുധസേന/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ ആവുകയോ, കേരള സര്‍ക്കാരിനുവേണ്ടി രണ്ടുവര്‍ഷം ജോലി ചെയ്ത/രണ്ടുവര്‍ഷമായി ജോലിചെയ്തുവരുന്ന ജീവനക്കാരന്‍ ആയിരിക്കുകയോ ചെയ്താലും, അപേക്ഷാര്‍ഥിയെ, കേരളീയേതരന്‍I വിഭാഗത്തില്‍ പരിഗണിക്കും.

* ഓരോരുത്തരും ഹാജരാക്കേണ്ട രേഖ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം, അത് അപ്‌ലോഡ് ചെയ്യണം.

* കേരളീയേതരന്‍- I: വിഭാഗക്കാരെ, എല്ലാ കോഴ്‌സുകളിലും സ്‌റ്റേറ്റ് മെറിറ്റ് സീറ്റിലേക്കേ പരിഗണിക്കൂ. ഫീസിളവ് കിട്ടില്ല.

* കേരളീയന്‍, കേരളീയേതരന്‍-I എന്നിവയില്‍ പെടാത്തവരെ, കേരളീയേതരന്‍-II വിഭാഗമായി കണക്കാക്കും. പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖ അപ്‌ലോഡ് ചെയ്യണം. ഇവരെ സര്‍ക്കാര്‍വിഭാഗം കോളജിലെ കോഴ്‌സുകളിലേക്ക് പരിഗണിക്കില്ല.

വ്യവസ്ഥകള്‍ക്കു വിധേയമായി സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയവിഭാഗം കോളജുകളിലെ നിശ്ചിത കോഴ്‌സുകളില്‍ (പ്രവേശന പരീക്ഷാ കമ്മീഷണര്‍ അഖിലേന്ത്യാ തലത്തില്‍ അലോട്ട് ചെയ്യുന്ന സ്വകാര്യ സ്വാശ്രയ എംബിബിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ്/ ബിയുഎംഎസ് കോഴ്‌സുകളിലെ സീറ്റുകള്‍ ഉള്‍പ്പെടെ) പരിഗണിക്കും. ഇവരും ഈ വിജ്ഞാപനപ്രകാരം ഇപ്പോള്‍ അപേക്ഷ നല്‍കണം.

എന്‍ആര്‍ഐ ക്വാട്ട സീറ്റിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍

എന്‍ആര്‍ഐ ക്വാട്ട പ്രവേളനത്തിന് അപേക്ഷകന്‍/അപേക്ഷക വിദേശത്ത് ജോലിചെയ്യുന്ന അച്ഛന്‍/അമ്മ, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരന്‍മാരുടെ മകന്‍/മകള്‍ ഉള്‍പ്പെടെ) ഭര്‍ത്താവ്/ഭാര്യ/അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാര്‍ (അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കളുടെ സഹോദരീ സഹോദരന്‍മാരുടെ മകന്‍/മകള്‍ ഉള്‍പ്പെടെ)/അര്‍ധ സഹോദരന്‍/അര്‍ധ സഹോദരി/ദത്തെടുത്ത അച്ഛന്‍ അല്ലെങ്കില്‍ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളജുകളില്‍ എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള താഴെ പറയുന്ന രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പിപ്പണം.

a. എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസ/ഗ്രീന്‍കാര്‍ഡ്/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. പ്രസ്തുത രേഖയില്‍ സ്‌പോണ്‍സറുടെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കണം. വിസയുടെ കാലാവധി മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനം അവസാനിക്കുന്ന തിയ്യതിയാരിക്കും.

b. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസ/ഗ്രീന്‍കാര്‍ഡ്/ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) എന്നിവയില്‍ തൊഴില്‍ രേഖപ്പെടുത്താത്ത പക്ഷം എംസബി സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.

c. സ്‌പോണ്‍സറും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് (ബന്ധം വിശദമാക്കിയിരിക്കണം). സ്‌പോണ്‍സര്‍ അച്ഛന്‍/അമ്മ ആണെങ്കില്‍ അപേക്ഷകന്റെയും സ്‌പോണ്‍സറുടെയും പേരുകള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ രേഖകള്‍ മതിയാവും.

d. വിദ്യാര്‍ഥി സ്‌പോണ്‍സറുടെ ആശ്രിതനാണെന്നും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും കോഴ്‌സ് കാലാവധിയിലുടനീളം) വഹിക്കാമെന്നുള്ള സ്‌പോണ്‍സറുടെ സമ്മതപത്രം 200/- രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി ഒരു നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം.

e. സ്‌പോണ്‍സര്‍ വിദേശത്താണെങ്കില്‍ വിദ്യാര്‍ഥി സ്‌പോണ്‍സറുടെ ആശ്രിതനാണെന്നും വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും കോഴ്‌സ് കാലാവധിയിലുടനീളം) വഹിക്കാമെന്ന സ്‌പോണ്‍സറുടെ സമ്മതപത്രം, സ്‌പോണ്‍സര്‍ ജോലിനോക്കുന്ന രാജ്യത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി നോട്ടറിയോ/കൗണ്‍സിലേറ്റോ/എംബസിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

f. സ്‌പോണ്‍സര്‍ ഒരു ഇന്ത്യന്‍ പൗരന്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന് തെളിയിക്കുന്ന രേഖ.

അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍

അവകാശവാദങ്ങള്‍ തെളിയിക്കാന്‍ ബാധകമായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം:

നേറ്റിവിറ്റി (നിര്‍ബന്ധമാണ്)

ജനന തിയ്യതി തെളിയിക്കുന്ന രേഖ (നിര്‍ബന്ധമാണ്)

എസ്ഇബിസി സംവരണം/ഒഇസി ആനുകൂല്യം

എസ്‌സി/എസ്ടി സംവരണം

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എസ്ഇബിസി, എസ്‌സി/എസ്ടി സംവരണത്തിന്

ഇഡബ്ല്യുഎസ് സംവരണം

വിദ്യാഭ്യാസാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗക്കാരുടെ (അനുബന്ധം X(a) നോക്കുക) ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റ്

വിശേഷാല്‍ സംവരണം രേഖ

വാര്‍ഷിക കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ആനുകൂല്യം/സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പരിഗണിക്കപ്പെടാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ്

എന്‍ആര്‍ഐ രേഖകള്‍

ന്യൂനപക്ഷസമുദായ ക്വാട്ട പരിഗണനയ്ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ്

കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (സംസ്‌കൃതപഠനം, വിഎച്ച്എസ്ഇ/എച്ച്എസ്ഇ നിശ്ചിതവിഷയം പഠിച്ചവര്‍ക്കുള്ള സംവരണത്തിന്)/ മാര്‍ക്ക് ഷീറ്റ് (കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍). വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

രജിസ്‌ട്രേഷന്‍ പേര്, ജനന തിയ്യതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പാസ്‌വേര്‍ഡ് (മൊബൈല്‍ നമ്പര്‍,

ഇ-മെയില്‍ വിലാസം, പാസ്‌വേര്‍ഡ് എന്നിവ കണ്‍ഫേം ചെയ്യണം), അക്‌സസ് കോഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പേര് ഇനീഷ്യല്‍വച്ച് തുടങ്ങരുത്. പേര്, ഇനീഷ്യല്‍ എന്നിവയ്ക്ക് ഇടയില്‍ കുത്ത് (.) ഇടരുത്. പകരം സ്‌പേസ് ഇടുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റംവഴി കിട്ടുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ കുറിച്ചുവയ്ക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ അപേക്ഷാര്‍ഥി കടന്നുചെല്ലുന്നത് തന്റെ 'ഹോം പേജി'ലേക്കാണ്. തുടര്‍നടപടികള്‍ ഹോം പേജിലാണ് പൂര്‍ത്തിയാക്കേണ്ടത്.

അപേക്ഷ പൂരിപ്പിക്കല്‍: അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. ഈ ഘട്ടത്തിലാണ് പരിഗണിക്കപ്പെടേണ്ട കോഴ്‌സുകള്‍/ സ്ട്രീമുകള്‍ (എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ്/ഫാര്‍മസി), പരീക്ഷാകേന്ദ്രം (കേരളത്തില്‍ 14 കേന്ദ്രങ്ങള്‍, മുംബൈ, ന്യൂഡല്‍ഹി, ദുബയ്) തുടങ്ങിയവ തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ജില്ലയിലെ ഒരു താലൂക്കുകൂടി തിരഞ്ഞെടുത്ത് നല്‍കണം.

വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കണം. അര്‍ഹതയ്ക്കുവിധേയമായി വിവിധ സംവരണ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശവാദമുന്നയിക്കണം. വിവരങ്ങള്‍ നല്‍കിയശേഷം, അവ സേവ് ചെയ്ത്, പ്രിവ്യൂ നടത്തി ശരിയെന്ന് ഉറപ്പാക്കി, ഡിക്ലറേഷന്‍ അംഗീകരിച്ച്, സേവ് ആന്‍ഡ് ഫൈനലൈസ് ക്ലിക്ക് ചെയ്ത്, രണ്ടാംഘട്ടം പൂര്‍ത്തിയാക്കണം. ഇതുകഴിഞ്ഞാല്‍ വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ല.

അപേക്ഷാഫീസ് അടയ്ക്കല്‍ ഓണ്‍ലൈന്‍ (നെറ്റ് ബാങ്കിങ്/ക്രഡിറ്റ് /ഡെബിറ്റ് കാര്‍ഡ് വഴി) ആയോ ഇചലാന്‍ വഴി (അപേക്ഷ നല്‍കുമ്പോള്‍ ചലാന്‍ പ്രിന്റ് ചെയ്യാം) തിരഞ്ഞെടുത്ത ഹെഡ്/സബ് പോസ്റ്റ് ഓഫിസില്‍ പണമായോ അടയ്ക്കാം.

അപേക്ഷാഫീസ് ഇപ്രകാരം: എന്‍ജിനീയറിങ്/ഫാര്‍മസി ഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 700 രൂപ. ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ ഇവയില്‍ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 500 രൂപ. സൂചിപ്പിച്ചവയില്‍ മൂന്നോ/നാലോ സ്ട്രീമുകള്‍ക്ക് അപേക്ഷിക്കാന്‍ 900 രൂപ. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 300 രൂപ, 200 രൂപ, 400 രൂപ. പട്ടികവര്‍ഗ വിഭാഗം അപേക്ഷകര്‍ക്ക് അപേക്ഷാഫീസില്ല. ദുബയ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്താല്‍ അപേക്ഷാഫീസിനുപുറമേ 12,000 രൂപ കൂടി അടയ്ക്കണം.

ഫോട്ടോ, ഒപ്പ് ഇമേജുകള്‍, അവകാശവാദങ്ങള്‍ സ്ഥാപിക്കുന്നതിനാവ ശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പിഡിഎഫ് പകര്‍പ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, ജനന തിയ്യതി രേഖ എന്നിവ ജൂണ്‍ 21നകം അപ്ലോഡ് ചെയ്യണം. മറ്റുരേഖകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്യണം.

അക്‌നോളജ്‌മെന്റ് പ്രിന്റിങ് നല്‍കിയ വിവരങ്ങളടങ്ങിയ അക്‌നോളജ്‌മെന്റ് പേജിന്റെ പ്രിന്റ്ഔട്ട്, ഭാവിയിലെ റഫറന്‍സിനായി എടുത്തുസൂക്ഷിക്കണം. ഇത് എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് തപാല്‍ മാര്‍ഗം അയക്കേണ്ടതില്ല. അപേക്ഷകന്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/എല്ലാ കോഴ്‌സുകളിലേക്കോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹോം പേജില്‍നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.

മാര്‍ക്ക് ഇളവുകള്‍

* എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന്, പ്ലസ്ടുവിന്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്ക് പട്ടിക/എസ്ഇബിസി വിഭാഗക്കാര്‍ക്ക്, മൊത്തം 40ഉം ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45ഉം ശതമാനം മാര്‍ക്ക് മതി. ഈ വിഭാഗക്കാര്‍ക്ക് ബിഎഎംഎസ്, ബിഎച്ച്എംഎസ്., ബിഎസ്എംഎസ്, ബിയുഎംഎസ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങള്‍ക്ക് 40/45 ശതമാനം മാര്‍ക്ക് മതി.

* ബിവിഎസ്‌സി ആന്റ് എഎച്ച് പ്രവേശനത്തിന് പട്ടിക/എസ്ഇബിസി/ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് ബാധകമായ നാലുവിഷയങ്ങള്‍ക്ക് മൊത്തം 47.5 ശതമാനം മാര്‍ക്ക് മതി.

* മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് എസ്ഇബിസി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്. പട്ടിക വിഭാഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് മതി.

* എന്‍ജിനീയറിങ്: പട്ടിക/എസ്ഇബിസി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമായ മൂന്ന് വിഷയങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി.

* പ്ലസ്ടു തല യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അതിന്റെ ഫലം കാത്തിരിക്കുന്നവര്‍ക്കും വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

പ്രായം

2021 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കണം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകള്‍ക്ക്, ഉയര്‍ന്ന പ്രായപരിധിയല്ല. മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സ് പ്രവേശനത്തിന് പ്രായപരിധി നീറ്റ് യുജി 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ വിഭാഗങ്ങളിലെ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷാര്‍ഥികള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കുനേടി, ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, കോഴ്‌സിനനുസരിച്ച് ചില അധിക വ്യവസ്ഥകള്‍ ഉണ്ടാകാം.

* എംബിബിഎസ്, ബിഡിഎസ്, പ്രവേശനത്തിന് ബയോളജിക്കുപകരം ബയോടെക്‌നോളജി ആവാം.

* എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിയുഎംഎസ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (എംബിബിഎസിന് ബയോളജിക്കു പകരം ബയോടെക്‌നോളജി ആവാം) എന്നിവ പ്രത്യേകമായി ജയിച്ചിരിക്കണം.

* ബിവിഎസ് ആന്റ് എഎച്ച് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ നാല് വിഷയങ്ങള്‍ക്കും കൂടി 50 ശതമാനം മാര്‍ക്ക് വേണം.

* ബിഎസ്എംഎസ് പ്രവേശനത്തിന് അപേക്ഷാര്‍ഥി 10/12 ക്ലാസില്‍ തമിഴ് ഒരുവിഷയമായി പഠിച്ചിരിക്കണം. ഇല്ലെങ്കില്‍ പ്രവേശനം നേടി ആദ്യ വര്‍ഷത്തിനകം തമിഴ് ലാംഗ്വേജ് കോഴ്‌സ് ജയിക്കണം.

* ബിയുഎംഎസ് പ്രവേശനം തേടുന്നവര്‍ 10ല്‍ ഉറുദു /അറബിക് / പേര്‍ഷ്യന്‍ വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത ഉറുദു പ്രവേശന പരീക്ഷ/ഒരുവര്‍ഷ പ്രീടിബ് പരീക്ഷ ജയിച്ചിരിക്കണം.

* ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷാര്‍ഥി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരുവിഷയമായി പഠിച്ചിരിക്കണം.

* ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചശേഷം, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി എന്നിവയിലൊന്ന് മുഖ്യവിഷയമായും ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങള്‍ ഉപവിഷയമായും പഠിച്ച്, മുഖ്യവിഷയത്തിനും ഉപവിഷയങ്ങള്‍ക്കുംകൂടി മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി, ത്രിവത്സര ബിഎസ്‌സി. ബിരുദമെടുത്തവര്‍ക്ക്, എംബിബിഎസ്, ബിഡിഎസ്, ബിഎസ്എംഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, കോഴ്‌സുകളിലെ പ്രവേശനത്തിന് അര്‍ഹതയുണ്ട്. പക്ഷേ, അപേക്ഷിക്കുന്ന സമയത്ത് ഇവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കണം. ബിഎസ്എംഎസിന് നേരത്തേ സൂചിപ്പിച്ച തമിഴ് ഭാഷാ വ്യവസ്ഥ ഇവര്‍ക്കും ബാധകമാണ്

* എന്‍ജിനീയറിങ്: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് (രണ്ടും നിര്‍ബന്ധമാണ്), കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാര്‍ക്ക് വാങ്ങി ഹയര്‍ സെക്കന്‍ഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. പ്ലസ് ടു തലത്തില്‍ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കില്‍, ബയോടെക്‌നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.

* ആര്‍ക്കിടെക്ചര്‍: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. മാത്തമാറ്റിക്‌സ് ഒരുവിഷയമായി പഠിച്ച്, 10+3 സ്‌കീം ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

* ബിഫാം: ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി പഠിച്ച് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

കേരളത്തില്‍ പ്രവേശന പരീക്ഷകളുള്ള/പ്രവേശന പരീക്ഷ ഇല്ലാത്ത കോഴ്‌സുകള്‍

പ്രവേശന പരീക്ഷാ കമ്മീഷണര്‍ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനങ്ങള്‍ക്കു മാത്രമേ പ്രവേശന പരീക്ഷകള്‍ നടത്തുന്നുള്ളൂ. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ്‌യു.ജി.) അടിസ്ഥാനമാക്കിയാണ്. ആര്‍ക്കിടെക്ചര്‍ പ്രവേശനം നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) അഭിരുചി പരീക്ഷ അടിസ്ഥാനമാക്കി.

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് പ്രവേശന/അഭിരുചി പരീക്ഷകള്‍ കേരളത്തില്‍ നടത്തുന്നില്ലെങ്കിലും ഈ കോഴ്‌സുകളില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റില്‍ താത്പര്യമുള്ളവര്‍ ഈ വിജ്ഞാപനപ്രകാരം ഇപ്പോള്‍ അപേക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം നീറ്റ് യുജി., നാറ്റ എന്നിവയ്ക്ക് അപേക്ഷിച്ച് യോഗ്യത നേടുകയും വേണം.

പരീക്ഷാഘടന

ഒഎംആര്‍ അധിഷ്ഠിത പരീക്ഷ. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാര്‍ക്ക്, ഓരോ തെറ്റ് ഉത്തരത്തിനും ഒരു മാര്‍ക്ക് കുറയ്ക്കും.

ചോദ്യഘടന

* എന്‍ജിനീയറിങ്: രണ്ടുപേപ്പര്‍, പേപ്പര്‍ I ഫിസിക്‌സ് ആന്റ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍)- ജൂലൈ 24 രാവിലെ 10 മുതല്‍ 12.30 വരെ. പേപ്പര്‍ II മാത്തമാറ്റിക്‌സ് (120 ചോദ്യങ്ങള്‍) ജൂലൈ 24 ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ.

* ഫാര്‍മസി: ഒരു പേപ്പര്‍, പേപ്പര്‍ I ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍) ജൂലായ് 24 രാവിലെ 10 മുതല്‍ 12.30 വരെ (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പര്‍ തന്നെയാണിത്).

റാങ്കിങ് എങ്ങനെ

* എന്‍ജിനീയറിങ്: യോഗ്യതാ പ്രോഗ്രാം രണ്ടാം വര്‍ഷ പരീക്ഷയില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നിവയുടെ മാര്‍ക്ക് നൂറില്‍ വീതം കണക്കാക്കി പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം ഓരോന്നും ഏകീകരിച്ച് മൊത്തത്തില്‍ 300ല്‍ കണക്കാക്കിയ മാര്‍ക്കും എന്‍ട്രന്‍സിലെ മാര്‍ക്ക് 960ല്‍ ഉള്ളത് 300ല്‍ കണക്കാക്കിയതും കൂട്ടി 600ല്‍ കിട്ടുന്ന മാര്‍ക്ക് പരിഗണിച്ച്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയാലേ റാങ്കിങ്ങിന് പരിഗണിക്കൂ. അതിന് ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം നേടണം. പട്ടിക വിഭാഗക്കാര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണം.

* ഫാര്‍മസി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍ മാര്‍ക്ക് പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം പുനര്‍നിര്‍ണയിക്കുമ്പോള്‍ 480ല്‍ കിട്ടുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് പരിഗണിച്ച്. റാങ്ക് പട്ടികയില്‍ സ്ഥാനം നേടാന്‍ ഇന്‍ഡക്‌സ് മാര്‍ക്ക് പത്ത് എങ്കിലും നേടണം. പട്ടികവിഭാഗക്കാര്‍ ഈ പേപ്പറിലെ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കിയിരിക്കണം.

* മെഡിക്കല്‍ (ബിഎഎംഎസ് ഒഴികെ): പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യുജി 2021 റാങ്ക് പരിഗണിച്ച് തയ്യാറാക്കുന്ന കേരളമെഡിക്കല്‍ റാങ്ക് പട്ടിക പ്രകാരം. നീറ്റ് വ്യവസ്ഥപ്രകാരം യോഗ്യത നേടണം

* ബിഎഎംഎസ്: പ്ലസ്ടു തലത്തില്‍ രണ്ടാം ഭാഷയായി സംസ്‌കൃതം പഠിച്ചവര്‍ക്ക് വെയ്‌റ്റേജായി എട്ട് മാര്‍ക്ക് നീറ്റ് സ്‌കോറിനൊപ്പം ചേര്‍ത്തും സംസ്‌കൃതം പഠിക്കാത്തവര്‍ക്ക് നീറ്റ് സ്‌കോര്‍ പരിഗണിച്ചും തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം

* മെഡിക്കല്‍ അനുബന്ധം: പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യുജി 2021 റാങ്ക്/സ്‌കോര്‍ പരിഗണിച്ച്. നീറ്റില്‍ 720ല്‍ 20 മാര്‍ക്ക് എങ്കിലും ലഭിക്കുന്നവരെയും പരിഗണിക്കും

* ആര്‍ക്കിടെക്ചര്‍: പ്ലസ്ടു മൊത്തം മാര്‍ക്ക് 200ല്‍ കണക്കാക്കിയതും 200ല്‍ ലഭിച്ച നാറ്റ സ്‌കോറും കൂട്ടി 400ല്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ച്.

എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രത്യേക അറിയിപ്പ്

അപൂര്‍ണവും നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും.

അഡ്മിറ്റ് കാര്‍ഡ്: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. അഡ്മിറ്റി കാര്‍ഡ് പരീക്ഷാദിവസം പരീക്ഷാഹാളില്‍ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡുകള്‍ തപാല്‍ മുഖാന്തരം അയക്കില്ല.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും വിവിധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റും പ്രവേശനവും സര്‍ക്കാര്‍ അംഗീകരിച്ച 2021 വര്‍ഷത്തെ പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

Next Story

RELATED STORIES

Share it