Education

വ്യാജവാര്‍ത്തകളെ പ്രതിരോധിക്കല്‍: 19.72 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം

വ്യാജവാര്‍ത്തകളെ പ്രതിരോധിക്കല്‍: 19.72 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം
X

തിരുവനന്തപുരം: വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ബോധവല്‍ക്കരണം നടത്തുന്ന 'സത്യമേവജയതേ' പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം പൂര്‍ത്തിയാക്കി. 2020 ഫെബ്രുവരി 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ 'ഫസ്റ്റ്‌ബെല്‍' ക്ലാസുകളിലൂടെയായിരുന്നു.

2021 ജൂണ്‍ മുതല്‍ ആരംഭിച്ച രണ്ടാംഘട്ട പരിശീലനത്തില്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അതത് ക്ലാസുകളില്‍ പരിശീലനം നല്‍കിയിരുന്നത്. 2022 ആഗസ്ത് മുതല്‍ പ്രത്യേക മൊഡ്യൂള്‍ ഉപയോഗിച്ച് നടത്തിയ മൂന്നാംഘട്ട പരിശീലനത്തിലാണ് അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികളെ പരിശീലിപ്പിച്ചത്.

കൈറ്റിന്റെ നേതൃത്വത്തില്‍ 5920 പരിശീലകരുടെ സഹായത്തോടെയാണ് പൊതുവിദ്യാലയങ്ങളില്‍ യുപി തലത്തില്‍ 9.48 ലക്ഷം കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ തലത്തില്‍ 10.24 ലക്ഷം കുട്ടികള്‍ക്കും (മൊത്തം 19.72 ലക്ഷം) പരിശീലനം നല്‍കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെ പരിശീലിപ്പിച്ച സര്‍ക്കാര്‍ വിദ്യാലയം മലപ്പുറം ജില്ലയിലെ ഡിജിഎച്ച്എസ്എസ് താനൂരും (3691) എയ്ഡഡ് വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്എസ്എസ് പട്ടവും (7467) ആണ്.

ഇന്റര്‍നെറ്റ് നിത്യ ജീവിതത്തില്‍, സോഷ്യല്‍ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാര്‍ത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാലു മേഖലകളിലായി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനമാണ് ഓരോ വിദ്യാര്‍ഥിക്കും നല്‍കിയത്. പൊതുജനങ്ങള്‍ക്കായി 'സത്യമേവ ജയതേ' പരിപാടിയുടെ ഉള്ളടക്കം തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 7 മണിയ്ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

Next Story

RELATED STORIES

Share it