Big stories

മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

സംഘപരിവാരവുമായി മൃദുസമീപനം പുലര്‍ത്തിയത് ചോദ്യം ചെയ്തതോടെയാണ് ജനതാ പാര്‍ട്ടിയില്‍ ഏറ്റവും മൂല്യമുള്ള നേതാവായി ഇദ്ദേഹം ഉയര്‍ത്തപ്പെട്ടത്. ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശില്‍പിയും കണ്‍വീനറുമായി മാറുന്നതിനും രാജ്യം സാക്ഷിയായി.

മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ഏറെക്കാലം ചികില്‍സയിലായിരുന്ന ഇദ്ദേഹം ഡല്‍ഹിയിലെ സ്വകാര്യ വസതിയിലാണ് അന്തരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ഉന്നത നേതാക്കളിലൊരാളായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്‍പിയാണ്. ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു. രോഗം ബാധിച്ചതോടെ 2010ല്‍ പൊതുരംഗം വിട്ട ഇദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും തമ്മിലുള്ള അവകാശതര്‍ക്കത്തിന്റെ പേരിലും ഏറെക്കാലം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇന്ദിരാഗാന്ധിയെ വെല്ലുവിളിച്ച് തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂനിയന്‍ നേതാവായ ഇദ്ദേഹംസമതാ പാര്‍ട്ടി സ്ഥാപകനാണ്. കേന്ദ്രമന്ത്രിയായിരിക്കെ കൊക്ക കോലയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളോട് രാജ്യം വിടാന്‍ കല്‍പിച്ച ശക്തനായ ഭരണാധികാരിയിയാണ് രാജ്യം ഫെര്‍ണാണ്ടസിനെ ഓര്‍മിക്കുക. സംഘപരിവാരവുമായി മൃദുസമീപനം പുലര്‍ത്തിയത് ചോദ്യം ചെയ്തതോടെയാണ് ജനതാ പാര്‍ട്ടിയില്‍ ഏറ്റവും മൂല്യമുള്ള നേതാവായി ഇദ്ദേഹം ഉയര്‍ത്തപ്പെട്ടത്. ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശില്‍പിയും കണ്‍വീനറുമായി മാറുന്നതിനും രാജ്യം സാക്ഷിയായി. വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ റെയില്‍വേ, വ്യവസായം, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെയാണ് കോക്ക കോലയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കൊങ്കണ്‍ റയില്‍വേ യാഥാര്‍ഥ്യമാക്കിയത്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായപ്പോഴാണ് പാകിസ്താനുമായുള്ള കാര്‍ഗില്‍ യുദ്ധം അരങ്ങേറിയത്. ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ ഉന്നത നേതാവിനെയാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ വിയോഗത്തോടെ നഷ്ടമായത്.




Next Story

RELATED STORIES

Share it