Big stories

സാക്കിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചു

ഐആര്‍എഫ് നിയമവിരുദ്ധ സംഘനയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശവാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.

സാക്കിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചു
X

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ശരിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച യുഎപിഎ ട്രൈബ്യൂണല്‍. ഐആര്‍എഫ് നിയമവിരുദ്ധ സംഘനയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശവാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ട്രൈബ്യൂണലില്‍ ഹാജരായത്. മേത്തയുടെ വാദത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നായിരുന്നു ട്രൈബ്യൂണലിന്റെ പ്രതികരണം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഐആര്‍എഫ് ഏര്‍പ്പെട്ടെന്ന് ബോധ്യമായെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.

ഐആര്‍എഫിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. ഈ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവാണ് യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചത്.

രാജ്യത്തിന്റെ ഐക്യം, ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന തരത്തില്‍ ഐആര്‍എഫ് പ്രവര്‍ത്തിച്ചുവെന്ന് ബോധ്യമായതിനാലാണ് നിരോധനം ശരിവയ്ക്കുന്നതെന്ന് ട്രൈബ്യൂണല്‍ അവകാശപ്പെട്ടു.

അതേസമയം, സംഘടനയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തികഞ്ഞ അനീതിയാണെന്ന് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒരു തെളിവു പോലും ഹാജാരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തങ്ങളുടെ ലക്ഷ്യങ്ങളിലും നിയമവിരുദ്ധമായ ഒന്നുമില്ല. രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സംഘടനയുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസം, ധാര്‍മികത, സാമൂഹികസാമ്പത്തിക വികസനം എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. സ്‌കൂളുകളും അനാഥാലയങ്ങളും നടത്തുന്ന ഞങ്ങള്‍ക്ക് ഗവേഷണ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രോല്‍സാഹനമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്നും ഐആര്‍എഫ് ട്രൈബ്യൂണലിന് നല്‍കിയ പ്രതികരണത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ, മുതിര്‍ന്ന അഭിഭാഷകന്‍ സച്ചിന്‍ ദത്ത്, കാപിറ്റല്‍ ഗുഡ്‌സ് സ്‌കില്‍ കൗണ്‍സിലിന്റെ അമിത് മഹാജന്‍, അഭിഭാഷകരായ രജത് നായര്‍, ജയ് പ്രകാശ് സിങ്, കാനു അഗര്‍വാള്‍, ധ്രുവ് പാണ്ഡെ, ഹിമാന്‍ഷു ഗോയല്‍, ശാന്തനു ശര്‍മ എന്നിവരും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായി. രാഹൂല്‍ ചിറ്റ്‌നിസ്, ആദിത്യ പാണ്ഡെ എന്നീ അഭിഭാഷകരാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.

എസ് ഹരി ഹരന്‍, ഷകുല്‍ ആര്‍ ഗതോലെ, ഭാവന ദുഹൂന്‍, ജയ്കൃതി എസ്, ജഡേജ എന്നീ അഭിഭാഷകരാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വേണ്ടി ഹാജരായത്.

വിഷയം പരിശോധിക്കാന്‍ യുഎപിഎ നിമയ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഒരു ട്രൈബ്യൂണല്‍ തട്ടികൂട്ടിയത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലായിരുന്നു ട്രൈബ്യൂണല്‍. സാക്കിര്‍ നായികിന്റെ പീസ് ടിവിക്കും ഇന്ത്യയില്‍ നിരോധനമുണ്ട്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വേട്ടയാടലുകളെ തുടര്‍ന്ന് 2016 മുതല്‍ സാക്കിര്‍ നായിക് മലേസ്യയിലാണ്.സാക്കിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചു

Next Story

RELATED STORIES

Share it