Big stories

നിയമപോരാട്ടം അവസാനിക്കുന്നില്ല; ശബരിമല കേസിന്റെ നാള്‍വഴി ഇങ്ങനെ

റിട്ട് ഹരജികള്‍ ഉള്‍പ്പെടെയുള്ള 65 ഹരജികളിലാണു സുപ്രിംകോടതി പരിഗണിച്ചത്.

നിയമപോരാട്ടം അവസാനിക്കുന്നില്ല; ശബരിമല കേസിന്റെ നാള്‍വഴി ഇങ്ങനെ
X

കോഴിക്കോട്: 1991 മുതല്‍ തുടരുന്ന നിയമപോരാട്ടമാണ് ശബരിമല കേസ്. 2018 സപ്തംബര്‍ 28ലെ വിധിക്ക് ശേഷം വലിയ വാദങ്ങളും സംഘര്‍ഷങ്ങളുമാണ് ശബരിമലയെച്ചൊല്ലിയുണ്ടായത്. ശബരിമലയില്‍ 10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രില്‍ അഞ്ചിലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ അയച്ച ഒരു കത്ത് റിട്ട് ഹരജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ പരിപൂര്‍ണന്‍, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രിംകോടതിയിലെത്തുന്നത്.

ഹരജി നല്‍കിയതാവട്ടെ യങ് ലോയേഴ്‌സ് അസോസിയേഷനും. ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രന്‍ എന്നിവരായിരുന്നു ആദ്യം ഈ കേസ് പരിഗണിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. റിട്ട് ഹരജികള്‍ ഉള്‍പ്പെടെയുള്ള 65 ഹരജികളാണു സുപ്രിംകോടതി പരിഗണനയ്‌ക്കെടുത്തത്. 2019 നവംബര്‍ 14ന് ഹരജികള്‍ വിശാല ബെഞ്ചിന് വിട്ടതോടെ സുപ്രിംകോടതിയില്‍ ഇനിയും നിയമപോരാട്ടം തുടരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

1951 മെയ് 18: 10നും 50നും വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പ്.

1952 നവംബര്‍ 24: ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികളുടെ വിളംബരം

1965: കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരം ശബരിമലയില്‍ 10നും 50നും വയസിനിടയിലുള്ള സ്ത്രീകളുടെ പ്രവേശനത്തിനു നിരോധനം

1981 നവംബര്‍ 22: ശബരിമലയിലേക്കു 10നും 50നും വയസിനിടയിലുള്ള സ്ത്രീകള്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന

1990: ശബരിമലയിലെ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് എം മഹേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

1991 ഏപ്രില്‍ 5: 10നു 50നും ഇടയിലുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ഹൈക്കോടതി ശരിവച്ചു

2006 ആഗസ്ത് 4: സ്ത്രീപ്രവേശന വിലക്ക് ചോദ്യംചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍. ഹരജി ഫയലില്‍ സ്വീകരിക്കുന്നതിലുള്ള ദേവസ്വം ബോര്‍ഡിന്റെ എതിര്‍പ്പ് കോടതി തള്ളി

2007 ജുലൈ 11: ഹരജി ജസ്റ്റിസുമാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവരടങ്ങിയ ബഞ്ചിലെത്തി. കേസില്‍ കക്ഷിചേരാന്‍ എന്‍എസ്എസ്സിന് അനുമതി.

2007 നവംബര്‍ 16: സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍എസ്എസ് കോടതി അംഗീകരിച്ചു

2008 മാര്‍ച്ച് 3: യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആവശ്യം കോടതി അംഗീകരിച്ചു

2016 ഫെബ്രുവരി 6: സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്നു വ്യക്തമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി

2016 ഏപ്രില്‍ 11: സ്ത്രീപ്രവേശനം വിലക്കുന്നതു ലിംഗസമത്വത്തെ അപകടത്തിലാക്കുമെന്നു കോടതി

2016 ഏപ്രില്‍ 13: പാരമ്പര്യത്തിന്റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കുന്നതു ന്യായീകരിക്കാനാവില്ലെന്നു കോടതി

2016 ഏപ്രില്‍ 21: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ഹിന്ദു നവോത്ഥാന പ്രതിഷ്ഠാനത്തിന്റെയും നാരായണശര്‍മ തപോവനത്തിന്റെയും ഹരജി

2016 ഏപ്രില്‍ 22: സ്ത്രീപ്രവേശന നിഷേധം അവരുടെ അന്തസ്സിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

2016 ജൂലൈ 8: കേസ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ മൂന്നംഗ ബഞ്ച് പുനസ്സംഘടിപ്പിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിനെയും ഗോപാലഗൗഡയെയും മാറ്റി. പകരം ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയെയും സി നാഗപ്പനെയും ഉള്‍പ്പെടുത്തി.

2016 നവംബര്‍ 8: സ്ത്രീപ്രവേശനം അനുവദിക്കാമെന്നു വ്യക്തമാക്കി പിണറായി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി

2017 ഫെബ്രുവരി 20: സുപ്രിംകോടതി ബഞ്ച് വീണ്ടും പുനസ്സംഘടിച്ചു. ജസ്റ്റിസ് നാഗപ്പനു പകരം ജസ്റ്റിസ് അശോക് ഭൂഷണെ ബഞ്ചില്‍ ഉള്‍പ്പെടുത്തി.

2017 ഒക്ടോബര്‍ 13: ഹരജി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടുകൊണ്ട് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്

2018 ജൂലൈ 17: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു

2018 ജൂലൈ 19: സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നു കോടതി

2018 സപ്തംബര്‍ 28: സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ചരിത്രവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

2018 ഒക്ടോബര്‍ 8: ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ എന്‍എസ്എസ്സസിന്റെയും ദേശീയ അയ്യപ്പഭക്ത സമിതിയുടെയും റിവ്യൂ ഹരജി

2018 നവംബര്‍ 13: റിവ്യൂ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍

2019 ജനവരി 2: ശബരിമല വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് പ്രക്ഷോഭം. പ്രതിഷേധത്തിനിടെ ബിന്ദു അമ്മിണി, കനഗ ദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു.

2019 ഫെബ്രുവരി 9: റിട്ട് ഹരജികള്‍ ഉള്‍പ്പെടെയുള്ള 65 പുനപ്പരിശോധനാ ഹരജികളില്‍ വാദം പൂര്‍ത്തിയായി

2019 നവംബര്‍ 14: പുനപ്പരിശോധനാ ഹരജികള്‍ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടുകൊണ്ട് സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി.

Next Story

RELATED STORIES

Share it