- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൂത്തികള്‍ക്കെതിരെ ട്രംപ് പെട്ടെന്ന് വിജയം പ്രഖ്യാപിച്ചത് എന്തുകൊണ്ട് ?

ഹെലെന്‍ കൂപ്പര്‍, എറിക് ഷ്മിറ്റ്, മാഗി ഹേബര്‍മാന്‍, ഇസ്മാഈല്‍ നാര്‍
യെമനിലെ അന്‍സാറുല്ലയെ വ്യോമാക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി ചെങ്കടലിലെ വാണിജ്യഗതാഗതം പഴയതു പോലെയാക്കാനാണ് ഡോണള്‍ഡ് ട്രംപ് സൈനിക നടപടികള്‍ക്ക് ഉത്തരവിട്ടത്. രണ്ടു മാസം മുമ്പ് സൈനിക നടപടിക്ക് നിര്‍ദേശിക്കുമ്പോള്‍ ഒരു മാസം കൊണ്ട് തന്നെ വിജയിക്കണമെന്നാണ് ട്രംപ് ആഗ്രഹിച്ചത്.
സൈനിക നടപടി തുടങ്ങി 31ാം ദിവസം ട്രംപ് സൈനികനടപടികളിലെ പുരോഗതിയുടെ റിപോര്‍ട്ട് തേടിയതായി ഉന്നത ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പക്ഷേ, പുരോഗതിയുടെ റിപോര്‍ട്ടൊന്നും ട്രംപിന് കിട്ടിയില്ല. ഹൂത്തികളുടെ മേല്‍ യുഎസ് വ്യോമ മേധാവിത്വം പോലും സ്ഥാപിച്ചിരുന്നില്ല. പകരം, ചെലവേറിയതും അനിശ്ചിതത്വവുമുള്ള മറ്റൊരു സൈനിക നടപടിയാണ് നടക്കുന്നത് എന്ന റിപോര്‍ട്ടാണ് ലഭിച്ചത്.
ഹൂത്തികള്‍ യുഎസിന്റെ നിരവധി എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ വെടിവച്ചിട്ടു. ഒരു വിമാനവാഹിനിക്കപ്പല്‍ അടക്കം നാവിക സേനയുടെ നിരവധി കപ്പലുകള്‍ക്ക് നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു.

ആദ്യമാസം മാത്രം യുഎസിന് 100 കോടി ഡോളറിന് (8,540 കോടി രൂപ) തുല്യമായ തുകയുടെ ആയുധങ്ങളും വെടിയുണ്ടകളും ചെലവായി. ഹൂത്തികളെ ആക്രമിക്കാന്‍ വിമാനവാഹിനിക്കപ്പലില്‍ നിര്‍ത്തിയിരുന്ന രണ്ട് ഫ്‌ളാഗ്ഷിപ്പ് എഫ്എ-18 സൂപ്പര്‍ ഹോണറ്റ് ജെറ്റുകള്‍ കടലില്‍ പോയി. ഒന്നിന് 67 ദശലക്ഷം ഡോളര്‍ (572 കോടി രൂപ) വിലവരും.
ഇതോടെ തന്നെ ട്രംപിന് മതിയായിരുന്നു.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്ന ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനോട് ചെങ്കടലിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒമാന്‍ അധികാരികള്‍ ചില ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു. യെമനിലെ ബോംബിങ് യുഎസ് നിര്‍ത്തിയാല്‍ ചെങ്കടലില്‍ ഹൂത്തികള്‍ യുഎസ് കപ്പലുകളെ ലക്ഷ്യം വക്കില്ല. പക്ഷേ, ഇസ്രായേലിന് അനുകൂലമെന്ന് കരുതുന്ന കപ്പലുകള്‍ക്ക് ഈ കരാര്‍ ബാധകമായിരിക്കില്ല എന്നതായിരുന്നു വ്യവസ്ഥ.
മേയ് അഞ്ചിന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വൈറ്റ് ഹൗസില്‍ നിന്നും ഒരു ഉത്തരവ് വന്നു. ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനായിരുന്നു ഈ ഉത്തരവ്. പൂര്‍ണമായും ഉന്‍മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇസ്‌ലാമിക പോരാളി ഗ്രൂപ്പിനെതിരായ ശത്രുത അവസാനിപ്പിക്കുന്നുവെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്, അവരെ അഭിനന്ദിക്കുന്ന പോലെയും ട്രംപ് സംസാരിച്ചു.
'' ഞങ്ങള്‍ അവരെ വളരെ ശക്തിയില്‍ ആക്രമിച്ചു, അതിനെ ചെറുക്കാന്‍ അവര്‍ക്ക് മികച്ച കഴിവുണ്ടായിരുന്നു. അവര്‍ക്ക് നല്ല ധൈര്യമുണ്ടെന്ന് പറയാം. കപ്പലുകളെ ആക്രമിക്കില്ലെന്ന് അവര്‍ വാക്ക് തന്നിരിക്കുന്നു. അത് ഞങ്ങള്‍ മാനിക്കുന്നു.''- ട്രംപ് പറഞ്ഞു.
അത് സത്യമായിരിക്കുമോ എന്നത് കണ്ടറിയേണ്ടി വരും. മേയ് ഒമ്പതിന് ഹൂത്തികള്‍ ഇസ്രായേലിന് നേരെ ഒരു ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടു. വ്യോമപ്രതിരോധ സംവിധാനം അപായ സൈറണ്‍ മുഴക്കിയപ്പോള്‍ തെല്‍ അവീവിലെ ബീച്ചുകളില്‍ നിന്നും ആളുകള്‍ ഓടി. ആ മിസൈലിനെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു.

ഹൂത്തികള്‍ക്കെതിരായ പെട്ടെന്നുള്ള വിജയ പ്രഖ്യാപനം പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ സംഘത്തിലെ ചില അംഗങ്ങള്‍, പ്രതിരോധശേഷിക്ക് പേരുകേട്ട ഒരു ഗ്രൂപ്പിനെ എങ്ങനെ കുറച്ചുകാണുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ശക്തമായ ഒരു സൈനിക നടപടി വേണമെന്നായിരുന്നു സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്ന ജനറല്‍ മൈക്കിള്‍ ഇ കുരില്ല ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിനെ പ്രതിരോധ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആദ്യം പിന്താങ്ങിയെന്നാണ് ഈ ചര്‍ച്ചകളെ കുറിച്ച് അറിയാവുന്നവര്‍ പറയുന്നത്. എന്നാല്‍, ശക്തമായ ബോംബാക്രമണത്തിനിടയിലും ഹൂത്തികള്‍ സ്വന്തം ബങ്കറുകളും ആയുധ ഡിപ്പോകളും ശക്തിപ്പെടുത്തി.

ജനറല്‍ കുരില്ല ഇസ്രായേലില്‍
ഉന്നത ഉദ്യോഗസ്ഥരാവട്ടെ മേഖലയിലെ സൈനിക സംഘര്‍ഷത്തോടുള്ള തങ്ങളുടെ ബോസിന്റെ നിലപാടിനെ കുറിച്ച് തെറ്റായ വിലയിരുത്തല്‍ നടത്തി. ഈ ആഴ്ച്ച സൗദിയിലും ഖത്തറിലും യുഎഇയിലും ട്രംപ് സന്ദര്‍ശനം നടത്തും. പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷങ്ങളില്‍ ട്രംപ് ഒരിക്കലും ഇടപെട്ടിട്ടില്ല. തന്റെ ആദ്യ ഭരണകാലത്ത് തന്നെ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് സൈനികരെ നാട്ടിലേക്ക് കൊണ്ടുവരാനാണ് ട്രംപ് ശ്രമിച്ചിരുന്നത്.
കൂടാതെ, ട്രംപിന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ പുതിയ ചെയര്‍മാനായ ജനറല്‍ ഡാന്‍ കെയ്ന്‍, ഹൂത്തികള്‍ക്കെതിരായ വിപുലമായ സൈനികനടപടി ഏഷ്യ-പസഫിക് മേഖലയിലെ യുഎസിന്റെ സൈനിക വിഭവങ്ങള്‍ ചോര്‍ത്തിക്കളയുമോയെന്ന് ആശങ്കപ്പെട്ടിരുന്നു. ജനറല്‍ ഡാന്‍ കെയ്‌നിന്റെ മുന്‍ഗാമിയായ ജനറല്‍ ചാള്‍സ് ക്യു ബ്രൗണ്‍ ജൂനിയറിനും ഇതേ ആശങ്കയുണ്ടായിരുന്നു.
സൈനിക നടപടി അവസാനിപ്പിക്കാന്‍ മേയ് അഞ്ചോടെ തന്നെ ട്രംപ് തയ്യാറായിരുന്നതായാണ് ദേശീയ സുരക്ഷാ വൃത്തത്തിലെ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഒരു ഡസനിലധികം ഉദ്യോഗസ്ഥര്‍ പറയുന്നത്.
''അവരുടെ പ്രതിബദ്ധതയെയും വാക്കിനെയും ഞങ്ങള്‍ മാനിക്കുന്നു.'' - വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ മേയ് ആറിന് ട്രംപ് പറഞ്ഞു.
''പ്രസിഡന്റ് ട്രംപ് വിജയകരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഇത് അമേരിക്കയ്ക്കും നമ്മുടെ സുരക്ഷയ്ക്കും മറ്റൊരു നല്ല കരാറാണ്''-വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് സൈന്യം 1,100ലധികം ആക്രമണങ്ങള്‍ നടത്തിയതായും നൂറുകണക്കിന് ഹൂത്തി പോരാളികളെ കൊന്നൊടുക്കിയതായും അവരുടെ ആയുധങ്ങളും ഉപകരണങ്ങളും നശിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൈനിക നടപടി പരിമിതമായ തോതില്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു. '' സൈനിക നടപടിയുടെ എല്ലാ വശങ്ങളും രാഷ്ട്രീയ-സൈനിക നേതൃത്വത്തിന്റെ ഉന്നതതലങ്ങളില്‍ ഏകോപിപ്പിച്ചിരുന്നു.''-അദ്ദേഹം ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
യെമനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അറിയാവുന്ന ഒരു മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍, ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കല്‍ വാള്‍ട്ട്‌സിനെ ന്യായീകരിച്ചു. പ്രസിഡന്റിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മാത്രമാണ് വാള്‍ട്ട്‌സ് ശ്രമിച്ചതെന്നും മറ്റൊരു നയം മാറ്റത്തിനും ശ്രമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗസയിലെ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഹൂത്തികള്‍ ചെങ്കടലിലെ ഇസ്രായേലി കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയ 2023 നവംബറില്‍ തന്നെ ഹൂത്തികളെ ആക്രമിക്കണമെന്നാണ് ജനറല്‍ കുരില്ല ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍, ഹൂത്തികള്‍ക്കെതിരെ വലിയ സൈനിക നടപടി നടത്തുന്നത് ആഗോള തലത്തില്‍ ഹൂത്തികളുടെ സ്ഥാനം ഉയര്‍ത്തുമെന്നാണ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ കരുതിയത്. അതിനാല്‍, പരിമിതമായ ആക്രമണങ്ങള്‍ക്ക് മാത്രം ബൈഡന്‍ അനുമതി നല്‍കി. എന്നാല്‍, ആ ആക്രമണങ്ങള്‍ക്ക് ഹൂത്തികളെ തടയാനായില്ല.
ഇപ്പോള്‍ കുരില്ലയാണ് പുതിയ കമാന്‍ഡര്‍ ഇന്‍ ചീഫ്
ഹൂത്തികളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്ന് എട്ട് മുതല്‍ പത്തുവരെ മാസം സൈനികനടപടി സ്വീകരിക്കണമെന്നാണ് കുരില്ല ശുപാര്‍ശ ചെയ്തത്. ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തിയ പോലെ ഹൂത്തി നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നടത്താനും കുരില്ല ശുപാര്‍ശ ചെയ്തു. ഇക്കാര്യം മൂന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് സ്ഥിരീകരിച്ചു.
സൗദി ഉദ്യോഗസ്ഥര്‍ ജനറല്‍ കുരില്ലയുടെ ശുപാര്‍ശയെ പിന്തുണച്ചു. അവര്‍ 12 ഹൂത്തി നേതാക്കളുടെ പട്ടികയും കൈമാറി. പട്ടികയിലുള്ളവരുടെ കൊലപാതകം ഹൂത്തി പ്രസ്ഥാനത്തെ തകര്‍ക്കുമെന്നാണ് സൗദിയുടെ അഭിപ്രായം. എന്നാല്‍, മേഖലയിലെ യുഎസിന്റെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ യുഎഇക്ക് അതില്‍ അത്ര ഉറപ്പില്ലായിരുന്നു. സൗദികളും എമിറാത്തികളും വര്‍ഷങ്ങളോളം നടത്തിയ ആക്രമണങ്ങളെ അതിജീവിച്ചവരായിരുന്നു ഹൂത്തികള്‍.
മാര്‍ച്ച് അവസാനമായപ്പോള്‍ ജനറല്‍ കുരില്ലയുടെ പദ്ധതി ഭാഗികമായി ട്രംപ് അംഗീകരിച്ചു. ഹൂത്തികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കെതിരായ വ്യോമാക്രമണങ്ങളും നേതാക്കള്‍ക്കെതിരായ ആക്രമണങ്ങളുമാണ് ട്രംപ് അംഗീകരിച്ചത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ നടപടിക്ക് ഓപ്പറേഷന്‍ റഫ് റൈഡര്‍ എന്ന് പേരിട്ടു.
അതിനിടയില്‍ എപ്പോഴോ ജനറല്‍ കുരില്ലയുടെ എട്ട് മുതല്‍ പത്ത് മാസം വരെ നീണ്ടുനിന്ന സൈനിക നടപടിയുടെ ഫലം കാണിക്കാന്‍ വെറും 30 ദിവസം മാത്രമേ അനുവദിച്ചുള്ളൂ. ഈ ദിവസങ്ങളില്‍ ഹൂത്തികള്‍ യുഎസിന്റെ ഏഴ് എംക്യു-9 ഡ്രോണുകള്‍ വെടിവച്ചിട്ടു. ഇത് ഹൂത്തികളെ ട്രാക്ക് ചെയ്ത് ആക്രമിക്കാനുള്ള സെന്‍ട്രല്‍ കമാന്‍ഡിന്റെ ശേഷിയെ തടസപ്പെടുത്തി. നിരവധി എഫ്-16 യുദ്ധ വിമാനങ്ങളും ഒരു എഫ്-35 വിമാനവും പൊടിക്കാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.(സര്‍ഫസ് ടു എയര്‍ മിസൈലാണ് എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്ററിന് സമീപത്ത് എത്തിയത്. ഇതോടെ ഫൈറ്റര്‍ സ്ഥലം വിടേണ്ടി വന്നു.to read more click) യുഎസ് സൈനികര്‍ കൊല്ലപ്പെടാനുള്ള സാധ്യത വരെ ഉണ്ടായി എന്നാണ് നിരവധി യുഎസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.
പത്ത് ദിവസത്തിനുള്ളില്‍ രണ്ട് എഫ്-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റുകള്‍ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നും ചെങ്കടലില്‍ വീണപ്പോള്‍ രണ്ടു പൈലറ്റുമാര്‍ക്കും ഒരു ഫ്‌ളൈറ്റ് ഡെക്ക് ക്രൂ മെമ്പര്‍ക്കും പരിക്കേറ്റു. ഇതോടെ മരണങ്ങള്‍ക്കുള്ള സാധ്യത യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്തു.
അതേസമയം, ആക്രമണങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തന പദ്ധതികള്‍ സിഗ്‌നല്‍ ആപ്പിലെ ഒരു ചാറ്റില്‍ മിസ്റ്റര്‍ ഹെഗ്‌സെത്ത് പങ്കുവച്ചത് യുഎസ് പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന വെളിപ്പെടുത്തലിനെ ചൊല്ലി മിസ്റ്റര്‍ ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തില്‍ ചര്‍ച്ചകള്‍ തുടരുകയായിരുന്നു. മിസ്റ്റര്‍ വാള്‍ട്ട്‌സ് ചാറ്റ് ആരംഭിച്ചപ്പോള്‍ അബദ്ധവശാല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
ഹൂത്തികളുടെ നിരവധി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൗകര്യങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, നൂതന ആയുധ നിര്‍മ്മാണ സൗകര്യങ്ങള്‍, നൂതന ആയുധ സംഭരണ സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ 1,000ത്തിലധികം സ്ഥലങ്ങള്‍ ആക്രമിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡസനിലധികം മുതിര്‍ന്ന ഹൂത്തി നേതാക്കള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം പറഞ്ഞു.
എന്നാല്‍ ഈ സൈനിക നടപടിയുടെ ചെലവ് അമ്പരപ്പിക്കുന്നതായിരുന്നു. രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, അധിക ബി2 ബോംബറുകള്‍, യുദ്ധവിമാനങ്ങള്‍, പാട്രിയറ്റ്, താഡ് വ്യോമ പ്രതിരോധങ്ങള്‍ എന്നിവ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യമായി സമ്മതിച്ചു. സൈനിക നടപടിയുടെ ആദ്യ 30 ദിവസത്തില്‍ തന്നെ ചെലവ് 100 കോടി ഡോളര്‍(8540 കോടി രൂപ) കവിഞ്ഞു.
ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാവുന്ന നിരവധി ബോംബുകള്‍ ഉപയോഗിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ കൂടുതല്‍ ഉപയോഗിച്ചത് മൊത്തം സ്‌റ്റോക്കിനെ ബാധിച്ചെന്നും തായ്‌വാന്‍ പിടിക്കാന്‍ ചൈന ശ്രമിച്ചാല്‍ തടയാനാവില്ലെന്നും പെന്റഗണിലെ ചില ആസൂത്രകര്‍ ആശങ്ക പ്രകടിപ്പിച്ചു.
യുഎസ് ഇത്രയെല്ലാം ചെയ്തിട്ടും ഹൂത്തികള്‍ കപ്പലുകള്‍ക്കും ഡ്രോണുകള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ബങ്കറുകള്‍ ശക്തിപ്പെടുത്തുകയും ആയുധ ശേഖരം ഭൂമിക്കടിയിലേക്ക് മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
സൈനിക നടപടി വിജയമാണെന്ന് കാണിക്കാന്‍ വേണ്ട അളവുകോലുകള്‍ക്കായി വൈറ്റ്ഹൗസ് സെന്‍ട്രല്‍ കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടങ്ങി. ഉപയോഗിച്ച ബോംബുകളുടെയും മിസൈലുകളുടെയും എണ്ണമാണ് സെന്‍ട്രല്‍ കമാന്‍ഡ് വൈറ്റ്ഹൗസിന് നല്‍കിയത്. ഹൂത്തികളുടെ സൈനികശേഷിയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവ എളുപ്പത്തില്‍ പുനസ്ഥാപിക്കുമെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് വഴികളാണ് പരിഗണിച്ചത്. ഒരു മാസം കൂടി ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുകയും അതിന് ശേഷം കാള്‍ വിന്‍സണ്‍, ട്രൂമാന്‍ എന്നീ വിമാനവാഹിനിക്കപ്പലുകളെ ഉപയോഗിച്ച് ചെങ്കടലില്‍ നാവിക സ്വാതന്ത്ര്യ അഭ്യാസം നടത്തണമെന്നതുമായിരുന്നു ഒന്നാമത്തെ വഴി. ഹൂത്തികള്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെങ്കില്‍, ട്രംപ് ഭരണകൂടം വിജയം പ്രഖ്യാപിക്കും.
അതല്ലെങ്കില്‍, സന്‍ആയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നും ഹൂത്തികളെ തുരത്താനുള്ള ശ്രമം പുനരാരംഭിക്കാന്‍ യെമനിലെ ഔദ്യോഗിക സര്‍ക്കാര്‍ സേനയ്ക്ക് സമയം നല്‍കുന്നതിനായി സൈനിക നടപടി വിപുലീകരിക്കണം.
ഏപ്രില്‍ അവസാനത്തില്‍, സൗദി, എമിറാത്തി ഉദ്യോഗസ്ഥരുമായും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും വൈറ്റ് ഹൗസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പീറ്റ് ഹെഗ്‌സെത്ത് ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്തു. സൈനിക നടപടി വിജയിപ്പിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് ട്രംപിന് ശുപാര്‍ശ നല്‍കാന്‍ വേണ്ട വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
പക്ഷേ, ഈ ഗ്രൂപ്പിന് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
ഹൂത്തികള്‍ക്കെതിരായ സൈനികനടപടികളുടെ ചര്‍ച്ചകളില്‍ ട്രംപിന്റെ പുതിയ ജോയിന്റ് ചീഫ്‌സ് ചെയര്‍മാനായ ജനറല്‍ കെയ്ന്‍ ആണ് ഇപ്പോള്‍ പങ്കെടുക്കുന്നത്. യെമനില്‍ വിപുലമായ സൈനിക നടപടി സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. പസിഫിക് പ്രദേശത്തേക്കെന്ന പേരിലുള്ള സൈനിക സംവിധാനങ്ങള്‍ യെമനില്‍ ഉപയോഗിക്കുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിസ്റ്റര്‍ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരും ദീര്‍ഘകാല സൈനിക നടപടിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇരുവശത്തും വാദിച്ച് ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടുപോയി.
പക്ഷേ, സമയം പോവും തോറും ട്രംപിനായിരുന്നു ഏറ്റവും സംശയം.
ഹൂത്തികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏപ്രില്‍ 28ന് യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പല്‍ ഒന്നു വെട്ടിച്ചെടുക്കേണ്ടി വന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വെട്ടിക്കലില്‍ ഒരു എഫ്എ-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്ന് ചെങ്കടലില്‍ വീണു പോവാന്‍ കാരണമായി. അന്നു തന്നെ യെമനിലെ ഒരു കുടിയേറ്റ പാളയത്തില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
മേയ് നാലിന് ഹൂത്തികളുടെ ഒരു ബാലിസ്റ്റിക് മിസൈല്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം എത്തി പൊട്ടിത്തെറിച്ചു.
മേയ് ആറിന് യുഎസ്എസ് ഹാരി എസ് ട്രൂമാനില്‍ നിന്നും ഒരു എഫ്എ-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റ് കൂടി കടലില്‍ വീണു പോയി.
അപ്പോഴേക്കും യെമനിലെ സൈനിക നടപടി വിജയമാണെന്ന് പ്രഖ്യാപിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു.
ഹൂത്തികളും അവരെ പിന്തുണക്കുന്നവരും ഉടന്‍ തന്നെ വിജയം പ്രഖ്യാപിച്ചു. ''യെമന്‍ അമേരിക്കയെ പരാജയപ്പെടുത്തി'' എന്ന ഹാഷ്ടാഗാണ് അവര്‍ ഉപയോഗിച്ചത്.
കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















