- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലെ വഖ്ഫ് ചരിത്രത്തിലേക്ക് വെളിച്ചം വീഴ്ത്തി പുതിയ പുസ്തകം

2025ലെ വഖ്ഫ് ഭേദഗതി നിയമം മുസ്ലിംകളില്‍ സൃഷ്ടിച്ച ആശങ്ക ചെറുതൊന്നുമായിരുന്നില്ല. ഇസ്ലാം വിശ്വാസപ്രകാരം വിശ്വാസികള്‍ ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ച സ്വത്തുക്കളിന്മേല്‍ അന്യായമായും അനര്‍ഹമായും കടന്നുകയറാനുള്ള കുറുക്കുവഴിയായി വഖ്ഫ് ഭേദഗതി നിയമത്തെ തല്‍പ്പരകക്ഷികള്‍, പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ശക്തികള്‍ ദുരുപയോഗപ്പെടുത്തുമെന്ന കടുത്ത ആശങ്കയാണ് മുസ്ലിം സമുദായവും വര്‍ഗീയ മുന്‍വിധിയില്ലാതെ പ്രശ്‌നത്തെ സമീപിച്ച മറ്റുള്ളവരും പൊതുവില്‍ പങ്കുവച്ചത്. അതുകൊണ്ടാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭേദഗതിക്കെതിരേ ശക്തമായ വാദഗതികളുയര്‍ത്തി പ്രതിപക്ഷം നിലയുറപ്പിച്ചത്. എന്നാല്‍ ഭരണകക്ഷിക്ക് ഇരുസഭകളിലുമുണ്ടായിരുന്ന ഭൂരിപക്ഷം എന്ന സാങ്കേതികത്വത്തിന്റെ പിന്‍ബലത്തില്‍ വഖ്ഫ് ഭേദഗതി ബില്ല് നിയമമാവുകയായിരുന്നു.
സാമൂഹിക നന്മയ്ക്കും സമുദായ പുനരുദ്ധാരണത്തിനും ഉതകേണ്ട വഖ്ഫ് സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വഖ്ഫ് ബോര്‍ഡുകള്‍ എന്ന സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ ഘടനയിലും അധികാരത്തിലും മാറ്റങ്ങള്‍ വരുത്തി മതപരമായ സ്വഭാവമുള്ള വഖ്ഫിനെ സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കുടിലനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.
വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന മുതവല്ലിമാരുടെയും ട്രസ്റ്റുകളുടെയും മസ്ജിദ് പരിപാലന സമിതികളുടെയും വഖ്ഫ് ബോര്‍ഡുകളുടെ തന്നെയും സൂക്ഷ്മതക്കുറവും പിടിപ്പുകേടും മൂലം ധാരാളം വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. ശരിയായ പരിപാലനമില്ലാതെ നഷ്ടപ്പെട്ടതും സര്‍ക്കാരിന്റെ അധീനതയിലേക്ക് കൊണ്ടുവരപ്പെട്ടതുമായ ഇനത്തിലും കണക്കറ്റ വഖ്ഫ് സ്വത്തുക്കളുണ്ട്. അപ്പോള്‍ പോലും വാഖിഫിന്റെ അഥവാ വഖ്ഫ് ചെയ്തയാളുടെ ഉദ്ദേശ്യവും സന്മനോഭാവവും സാമൂഹിക നന്മയും സാക്ഷാല്‍കൃതമാവുന്നതില്‍ വഖ്ഫ് സ്വത്തുക്കളുടെ പങ്ക് വളരെ വലുതാണ്.
നിയമത്തിന്റെയും ഇസ്ലാമിക നിയമശാസ്ത്രത്തിന്റെയും സങ്കീര്‍ണതകള്‍ വഖ്ഫ് നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഒരു സാധാരണ മുസ്ലിം പൂര്‍ണമായും ഈ സങ്കീര്‍ണതകള്‍ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. എന്നു മാത്രമല്ല ഇത്രയും സുപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച് വിദ്യാസമ്പന്നരായ മുസ്ലിംകളിലും നേതാക്കളിലും മത പണ്ഡിതന്മാര്‍ക്കിടയിലും സമകാലിക പ്രാധാന്യം മനസ്സിലാക്കി വേണ്ടത്ര അവഗാഹത്തോടെയുള്ള ചര്‍ച്ചകളും പഠനങ്ങളും എത്രത്തോളം ഉണ്ടായിട്ടുണ്ടെന്നതും സംശയമാണ്.ഈയൊരു പശ്ചാത്തലത്തിലാണ് സയ്യിദ് ഉബൈദുര്‍റഹ്മാന്‍ എഴുതിയ 'ഹിസ്റ്ററി ഓഫ് വഖ്ഫ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം സമയോചിതമായ ഒരു ഇടപെടലായി കാണാനാവുന്നത്.
ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജിന്റെ ഡയറക്ടറായ സയ്യിദ് ഉബൈദുര്‍റഹ്മാന്‍ ഇന്ത്യയിലും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും പരിചിതനായ ഒരു അക്കാദമികനാണ്. ലോകമെമ്പാടുമുള്ള വിജ്ഞാനകുതുകികളെ ആകര്‍ഷിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ കോഴ്സുകള്‍. ചരിത്രപരമായ വിവരണങ്ങളുടെ വളച്ചൊടിക്കലില്‍ വളരെയധികം അസ്വസ്ഥനായ അദ്ദേഹം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയിലെ മുസ്ലിംകളുടെ യഥാര്‍ഥ ചരിത്രം പുനരാവിഷ്‌കരിക്കുകയെന്ന ദൗത്യം ഏറ്റെടുത്തയാളാണ്. വെറും നാല് വര്‍ഷത്തിനുള്ളില്‍, ഇംഗ്ലീഷില്‍ അഞ്ച് പ്രധാന കൃതികള്‍ അദ്ദേഹം രചിച്ചു. അവ ഓരോന്നും മുസ്ലിം ചരിത്രത്തിന്റെ അവഗണിക്കപ്പെട്ടതോ വക്രീകരിക്കപ്പെട്ടതോ ആയ വശങ്ങളിലേക്ക് പുതിയ വെളിച്ചം വീശുന്നവയാണ്.
ഇസ്ലാമിക എന്‍ഡോവ്മെന്റ് സ്ഥാപനമായ വഖ്ഫ്, മതപരവും സാമൂഹികവുമായ ജീവിതത്തിന്റെ ഒരു മൂലക്കല്ലായി പണ്ടേ നിലനിന്നിട്ടുണ്ട്. ഇസ്ലാമിക നിയമത്തില്‍ വേരൂന്നിയ വഖ്ഫ്, ലോകത്തെവിടെയും മുസ്ലിംകള്‍ക്ക് സമൂഹക്ഷേമം, വിദ്യാഭ്യാസം, പൊതു സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഒരു പ്രധാന പിന്തുണയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, വഖ്ഫ് പാരമ്പര്യം ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ളതാണ്. നൂറ്റാണ്ടുകളായി, ഇത് വ്യവസ്ഥാപിതവും സുസ്ഥിരവുമായ ഒരു ചട്ടക്കൂടായി നിലനില്‍ക്കുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴയ സംഘടിത മനുഷ്യസ്നേഹ പ്രകടനത്തിന്റെ രൂപമായി ഇത് മാറിയിട്ടുണ്ട്.
ഇന്ന്, ഇന്ത്യ ദശലക്ഷക്കണക്കിന് വഖ്ഫ് സ്വത്തുക്കളുടെ കേന്ദ്രമാണ്. ഈ സ്വത്ത് ഏകദേശം 3.8 ദശലക്ഷം ഏക്കറില്‍, നഗര- ഗ്രാമ പ്രദേശങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവയുടെ മൊത്തം മൂല്യം ട്രില്യണ്‍ കണക്കിന് രൂപ വരും. എന്നിരുന്നാലും, ഗുരുതരമായ ചോദ്യങ്ങള്‍ അവശേഷിക്കുന്നു: ഈ സ്വത്തുക്കളില്‍ എത്രയെണ്ണം സത്യസന്ധതയില്ലാത്ത ട്രസ്റ്റികള്‍ വിറ്റു? എത്രയെണ്ണം നിയമവിരുദ്ധമായ കൈയേറ്റത്തിന് വിധേയമായി? എത്രയെണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ പിടിയിലാണ്?
ഓരോ സംസ്ഥാനത്തിനും അതിന്റേതായ വഖ്ഫ് ബോര്‍ഡ് ഉണ്ട്. അതേസമയം കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ ഒരു മേല്‍നോട്ട ചുമതല വഹിക്കുന്നു. മൊത്തത്തില്‍, 23 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 വഖ്ഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും അഴിമതി, രാഷ്ട്രീയ ഇടപെടല്‍, നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും ഈ സ്ഥാപനങ്ങളെ ഏട്ടിലെ പശുക്കളോ കടലാസു പുലികളോ ഒക്കെയാക്കി മാറ്റിയിരിക്കുന്നു.
ഉബൈദുര്‍റഹ്മാന്റെ 'ഹിസ്റ്ററി ഓഫ് വഖ്ഫ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിലെ ആദ്യ അധ്യായം വായനക്കാരനെ ഹിജ്റയ്ക്ക് ശേഷമുള്ള ആദ്യ നാല് നൂറ്റാണ്ടുകളിലെ വഖ്ഫ് നിയമശാസ്ത്രത്തിന്റെ പരിണാമ ചരിത്രത്തിലേക്ക് നയിക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രധാന ഇസ്ലാമിക ചിന്താധാരകളിലുടനീളമുള്ള നിര്‍വചനങ്ങളിലേക്കും തത്ത്വങ്ങളിലേക്കും ഇത് ആഴ്ന്നിറങ്ങുന്നു. വഖ്ഫ് എന്താണ്? ആര്‍ക്കാണ് അത് സൃഷ്ടിക്കാന്‍ അവകാശമുള്ളത്? ഏതൊക്കെ വ്യവസ്ഥകള്‍ പാലിക്കണം? നിരവധി ഇസ്ലാമിക പദങ്ങളുടെ സൂക്ഷ്മതകള്‍ ഈ പുസ്തകം വിശദീകരിക്കുന്നു.
വഖ്ഫ് എന്ന അറബി പദത്തിന്റെ സാരാംശം, ദൈവത്തിന് സ്വത്ത് സമര്‍പ്പിക്കുകയന്നതാണ്. അതിന്റെ ഗുണങ്ങള്‍ ദാതാവിനേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും വരും തലമുറകളിലേക്ക് ഒഴുകാനും ഉദ്ദേശിച്ചുള്ളതാണ്. ഒരു വഖ്ഫ് സൃഷ്ടിച്ചുകഴിഞ്ഞാല്‍, അതു മുതല്‍ ആ സ്വത്ത് മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതായി കണക്കാക്കില്ല; മറിച്ച് അല്ലാഹുവിന്റേത് ആയിരിക്കും. അത് സ്വകാര്യ ലാഭത്തില്‍നിന്ന് എന്നന്നേക്കുമായി അകറ്റി നിര്‍ത്തപ്പെടുന്നു.
രണ്ടാം അധ്യായം ഡല്‍ഹി സുല്‍ത്താനേറ്റില്‍ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വഖ്ഫ് ചരിത്രത്തിന്റെ സമ്പന്നമായ ചരിത്ര വസ്തുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഖില്‍ജി, തുഗ്ലക്ക്, ലോധി ഭരണകാലത്ത് വഖ്ഫ് എന്ന ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചു. മുഗളരുടെ കീഴില്‍ അത് ഏറെ വികസിച്ചു. അക്ബര്‍ മുതല്‍ ഔറംഗസേബ് വരെ, മദ്‌റസകള്‍, പള്ളികള്‍, ദര്‍ഗകള്‍, ഇമാംബാരകള്‍, ഖബ്ര്‍സ്ഥാനുകള്‍, പൊതുസത്രങ്ങള്‍, ആശുപത്രികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള നട്ടെല്ലായി വഖ്ഫ് മാറി.
ഇത് രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മാത്രം ശ്രമമായിരുന്നില്ല. സാധാരണ മുസ്ലിംകളും തുറന്ന മനസ്സോടെ കൈയയച്ചു നല്‍കിയ സംഭാവനയായിരുന്നു വഖ്ഫിന് ആധാരമായി വര്‍ത്തിച്ചത്. വഖ്ഫിന്റെ ശുദ്ധമായ ഭരണത്തിന് അക്ബര്‍ ഊന്നല്‍ നല്‍കുകയും ദുരുപയോഗത്തില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബംഗാള്‍, ബാഹ്മിനി, മാള്‍വ, ഗുജറാത്ത്, ഖണ്ഡേഷ് തുടങ്ങിയ പ്രാദേശിക സുല്‍ത്താനേറ്റുകളിലെ വഖ്ഫ് ചരിത്രവും ഈ പുസ്തകത്തില്‍ പട്ടികപ്പെടുത്തുന്നുണ്ട്.
മൂന്നാം അധ്യായം ഇന്ത്യയില്‍ സവിശേഷ പ്രാധാന്യമുള്ള വഖ്ഫ് അലല്‍ ഔലാദ് അഥവാ കുടുംബ എന്‍ഡോവ്മെന്റുകളെ കുറിച്ചുള്ള പഠനമാണ്. പ്രാഥമിക ഗുണഭോക്താക്കള്‍ കുടുംബാംഗങ്ങളാണെങ്കിലും, ആത്യന്തിക ലക്ഷ്യം ഒരു ശാശ്വത ജീവകാരുണ്യ ദാനം എന്നര്‍ഥം വരുന്ന സ്വദഖത്തുന്‍ ജാരിയ ആണ്. ഈ എന്‍ഡോവ്മെന്റുകള്‍ എണ്ണമറ്റ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ഭാഗം പൊതുക്ഷേമത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍, കുടുംബ വഖ്ഫുകള്‍ നിയമപരമായ തടസ്സങ്ങള്‍ നേരിട്ടു. ഇതിനെതിരേ ബ്രിട്ടിഷുകാരുമായി പൊരുതാന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാനെ പ്രേരിപ്പിച്ചു. 1913ല്‍ മുസ്ലിം വഖ്ഫ് സാധൂകരണ നിയമത്തിലൂടെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു. പക്ഷേ, കൊളോണിയല്‍ ഭരണകൂടം ഇതിനകം തന്നെ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചിരുന്നു. നിരവധി വഖ്ഫുകളെ ഭരണകൂട നിയന്ത്രണത്തിന് അല്ലെങ്കില്‍ സ്വകാര്യ നിയന്ത്രണത്തിന് കീഴിലാക്കി. 1923ലും 1930ലും തുടര്‍ന്നുള്ള നിയമപരമായ സംഭവവികാസങ്ങള്‍ വഖ്ഫിന്റെ ചട്ടക്കൂട് കൂടുതല്‍ വികസിപ്പിച്ചു.
നാലാമത്തെ അധ്യായം കാലാകാലങ്ങളില്‍ വഖ്ഫ് ഭരണത്തിന്റെ വിശാലമായ ഒരു വീക്ഷണം നല്‍കുന്നു. ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ കാലഘട്ടങ്ങളില്‍, ട്രസ്റ്റികളും ഖാദിമാരും വഖ്ഫ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു, ഇത് ഒരു നല്ല സംഘടിത ഘടന രൂപപ്പെടുത്തി. എന്നിരുന്നാലും, ബ്രിട്ടിഷുകാരുടെ കീഴില്‍, മതപരവും മതേതരവുമായ നിയമങ്ങള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടലില്‍ വഖ്ഫ് എന്ന സംവിധാനം കുരുങ്ങിപ്പോയി. സ്വാതന്ത്ര്യാനന്തരം, 1954ലെ വഖ്ഫ് നിയമം വഖ്ഫ് ഭരണത്തെ കേന്ദ്രീകൃതമാക്കി. 1995ല്‍ കൂടുതല്‍ പരിഷ്‌കാരങ്ങളും 2013ല്‍ വഖ്ഫ് ആസ്തികളുടെ സുതാര്യതയും സംരക്ഷണവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിര്‍ണായക ഭേദഗതികളും വരുത്തി.
അവസാന അധ്യായം 2025ലെ വഖ്ഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലമാണ് കൈകാര്യം ചെയ്യുന്നത്. മതസ്വാതന്ത്ര്യത്തിനും കൂട്ടായ അവകാശങ്ങള്‍ക്കും മേലുള്ള ഒരു നഗ്‌നമായ ലംഘനമായിട്ടാണ് മുസ്ലിം സമൂഹം ഈ നിയമത്തെ കാണുന്നത്. രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും എംപിമാര്‍ ഭേദഗതി നിയമത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. ഇതൊക്കെയാണെങ്കിലും, നിയമം പാര്‍ലമെന്റില്‍ പാസ്സായി. അതിന്റെ ഭരണഘടനാ സാധുത ഇപ്പോള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വിവാദപരമായ മാറ്റങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം വര്‍ധിപ്പിക്കല്‍, വഖ്ഫ് ഭരണത്തില്‍ മുസ്ലിംകളല്ലാത്തവരുടെ പങ്കാളിത്തം, 'ഉപയോക്താവ് മുഖേനയുള്ള വഖ്ഫ്' നിര്‍ത്തലാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം അപായങ്ങളുടെ മണിമുഴക്കമായി മാറിയിരിക്കുന്നു. മുസ്ലിം ഇതര എന്‍ഡോവ്മെന്റുകളുടെ നിയമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിയമത്തില്‍ വിവേചനങ്ങള്‍ പ്രകടമാണ്.
വഖ്ഫ് സമ്പ്രദായത്തിന്റെ ഈ ദയനീയ അവസ്ഥയ്ക്ക് സമുദായം തന്നെയാണ് ഉത്തരവാദി എന്ന ചിന്തയില്‍നിന്നാണ് സയ്യിദ് ഉബൈദുര്‍റഹ്മാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥരചനയ്ക്ക് പ്രേരണ കണ്ടെത്തുന്നത്. ''ബലഹീനത ഒരു കുറ്റകൃത്യമാണ്, അതിന്റെ ശിക്ഷ അദ്ഭുതകരമായ മരണമാണ്!'' എന്നാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. ഒരു സമൂഹത്തിന് അതിന്റെ ദൃഢനിശ്ചയം നഷ്ടപ്പെടുമ്പോള്‍, അതിന്റെ സംവിധാനങ്ങള്‍ ക്ഷയിക്കുമ്പോള്‍, നിസ്സംഗത ഒരു അംഗീകൃത മാനദണ്ഡമായി മാറുമ്പോള്‍, അത്തരം തകര്‍ച്ച അനിവാര്യമാണ്. നിയമപരമായ ഭൂമി കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നു. ഇവിടെ, നിങ്ങളുടെ എതിരാളി സജീവവും സദാ സന്നദ്ധനുമാണ്. നിങ്ങളുടെ അടിച്ചമര്‍ത്തലിന്റെ കഥകള്‍ പറഞ്ഞുകൊണ്ട് നിങ്ങള്‍ ആശ്വസിക്കുന്നത് തുടരുമോ? സമൂഹത്തിന് അതിന്റെ ദാനങ്ങള്‍ സംരക്ഷിക്കാന്‍ മതിയായ സമയം നല്‍കി. പക്ഷേ, അത് പാഴാക്കി. കണ്ണാടിയെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ആന്തരിക പരിഷ്‌കാരങ്ങളാണ് കാലത്തിന്റെ ആവശ്യം. ചുരുക്കത്തില്‍ അങ്ങേയറ്റം പ്രസക്തമായ ഇത്തരം ഓര്‍മപ്പെടുത്തലുകളാണ് ഈ കൃതിയുടെ കാതല്‍.
പ്രശസ്ത ഭരണഘടനാ വിദഗ്ധന്‍ ഫൈസാന്‍ മുസ്തഫയുടെ അഭിപ്രായത്തില്‍ ഉബൈദുര്‍റഹ്മാന്റെ ഈ പുസ്തകം നിയമ, ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായിരിക്കുമെന്നാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രഫ. നന്ദിനി ചാറ്റര്‍ജിയും വഖ്ഫിനെ ഇന്ത്യയുടെ മൂല്യവത്തായ ഒരു നാഗരിക സ്വത്തായി വിശേഷിപ്പിക്കുന്നു.നിലവിലെ സാഹചര്യത്തില്‍, ഈ പുസ്തകം പ്രസക്തം മാത്രമല്ല അത്യന്താപേക്ഷിതവുമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















