വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടു; ബില്ല് നിയമസഭ പാസാക്കി
ബില്ല് നിയമമാവുമ്പോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്റസകളിലോ ഉള്ള നിയമനം പിഎസ്സിക്ക് കീഴിലാവുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടു. ഇതുസംബന്ധിച്ചുള്ള ബില്ല് നിയമസഭ പാസാക്കി. വഖഫ് ബോര്‍ഡിലെ നിയമനത്തിന് പിഎസ്സിക്ക് അധികാരം നല്കുന്ന 2021 ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ബില്ല് നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേല് പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ പരിഗണിക്കാതെയാണ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനമെടുത്തത്. മുസ്ലിം ലീഗ് ഉള്‍പ്പടെ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്ത് ശക്തമായി രംഗത്തെത്തി.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കില്‍ മുസ്ലിംകള്ക്ക് അവസരം നഷ്ടമാവുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. എന്നാല്‍, ഇത് ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാന് തള്ളി. മുസ്ലിംകള്ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. നിയമനങ്ങളില്‍ സുതാര്യത ആഗ്രഹിക്കുന്ന ചില മതസംഘടനകളും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
ബില്ല് നിയമമാവുമ്പോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്റസകളിലോ ഉള്ള നിയമനം പിഎസ്സിക്ക് കീഴിലാവുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നത്. യോഗ്യരായ ആളുകളില്‍നിന്ന് മിടുക്കരെ കണ്ടെത്താനാണ് നടപടി. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരുടെ പിന്തുണയോടെ മാത്രമേ നല്ല നിലയിലുള്ള പ്രവര്‍ത്തനം ബോര്‍ഡിന് മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കൂ. ഉത്തരവാദിത്വത്തോടെ, സുതാര്യമായി, മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കാര്യപ്രാപ്തിയുള്ള ജീവനക്കാരും സ്ഥിരം സ്റ്റാഫ് പാറ്റേണും അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ബില്ല് കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച രേഖ സഭയില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ അംഗം കെ ബാബു ആവശ്യപ്പെട്ടത് പ്രകാരം വഖഫ് ബോര്‍ഡിന്റെ കത്ത് മന്ത്രി സഭയില്‍ വച്ചു. നിയമനം പിഎസ്സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.
എന്നാല്‍, തീരുമാനം ചരിത്രത്തിലെ വലിയ മണ്ടത്തരമാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. സ്വയംഭരണാധികാരമുള്ള വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത് ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തുന്ന നടപടിയാണ്. ബില്ല് ഭരണഘടനാ ലംഘനമാണെന്നും രാജ്യത്തിന് കേരളം ഒരു ചീത്തമാതൃക സംഭാവന ചെയ്യുകയാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
RELATED STORIES
യുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTരാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ വിഷാംശ സാന്നിധ്യം വര്‍ധിക്കുന്നു
2 Aug 2022 10:43 AM GMTകേരളത്തില്‍ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
29 July 2022 1:12 AM GMTനദികൾ വരളുന്നു, കാട്ടുതീ, ഉഷ്ണതരംഗം; വെന്തുരുകി യൂറോപ്
21 July 2022 9:38 AM GMTഅമര്‍നാഥിലെ മേഘ വിസ്ഫോടനം: 10 മരണം, നാല്പതോളം പേരെ കാണാതായി
8 July 2022 4:41 PM GMTകുറ്റിയാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
7 July 2022 12:44 PM GMT