Big stories

വര്‍ഗീയവാദികള്‍ക്കുള്ള ഇടത്താവളമല്ല എല്‍ഡിഎഫ്: വിഎസ്

വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍ഡിഎഫ് എന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയവാദികള്‍ക്കുള്ള ഇടത്താവളമല്ല എല്‍ഡിഎഫ്: വിഎസ്
X

തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍. വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍ഡിഎഫ് എന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങലില്‍ സഖാക്കള്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ചകളുള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളും. ഇന്ത്യന്‍ ഭരണഘടന വിശകലനം ചെയ്ത് സുപ്രിംകോടതി ശരിയായി വിലയിരുത്തിയ സ്ത്രീസമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്.

പുരുഷന്‍ ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍, കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവില്ലെന്ന നിലപാടുള്ളവരും സ്ത്രീകള്‍ തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാവും. ശബരിമലയെ വര്‍ഗീയസംഘര്‍ഷത്തിന് ഉപയോഗിക്കാനാണ് ബിജെപി നീക്കം. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അതിനുള്ള മറ മാത്രമാണെന്നും വിഎസ് പറഞ്ഞു.

ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാനതലത്തിലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) വിപുലീകരണത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അച്യുതാനന്ദന്റെ വിമര്‍ശനം ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാനതലത്തിലാണെന്ന് യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് വികസിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it