Top

യുദ്ധവെറി പ്രചരിപ്പിക്കുന്നത് സവര്‍ണര്‍; കൊല്ലപ്പെടുന്നവരിലേറെയും ദരിദ്ര-കീഴ്ജാതിക്കാരായ സൈനികര്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ടവരില്‍ 40 ജവാന്‍മാര്‍ താഴ്ന്ന ജാതിയില്‍പെട്ടവരാണ്

യുദ്ധവെറി പ്രചരിപ്പിക്കുന്നത് സവര്‍ണര്‍; കൊല്ലപ്പെടുന്നവരിലേറെയും ദരിദ്ര-കീഴ്ജാതിക്കാരായ സൈനികര്‍
ന്യൂഡല്‍ഹി: സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ മത-ജാതി കണക്കെടുക്കുകയെന്നത് അത്യന്തം ഹീനമാണ്. എന്നാല്‍, ഏതൊരു ആക്രമണമുണ്ടാവുമ്പോഴും അതിലെ മത-ജാതി കണക്കെടുപ്പ് നടത്തുകയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നവരാണ് സവര്‍ണ മേല്‍ക്കോയ്മയുള്ള സംഘപരിവാരം. കാര്‍ഗില്‍ മുതല്‍ പുല്‍വാമ വരെയുള്ള ആക്രമണങ്ങളുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ യുദ്ധവെറി പ്രചരിപ്പിക്കുകയും ദേശീയതയുടെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നതും സവര്‍ണ ഹിന്ദുക്കള്‍ തന്നെയാണ്. എന്നാല്‍ സൈന്യത്തില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സവര്‍ണരും സമ്പന്നരും കുറവാണെന്നാണു ഏറ്റവും ഒടുവിലത്തെ പുല്‍വാമ ആക്രമണവും തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നു ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ കാറില്‍ സ്‌ഫോടക വസ്തുക്കളുമായെത്തി ആക്രമണം നടത്തിയപ്പോഴും കൊല്ലപ്പെട്ടവരില്‍ നഗരവാസികളുടെയും ഉന്നതജാതിയില്‍പെട്ടവരുടെയും എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണെന്നു കാരവന്‍ മാഗസിന്‍ റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ തല്‍ക്ഷണം 40ഉം ആശുപത്രിയില്‍ 9 സിആര്‍പിഎഫ് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പാകിസ്താനെതിരേ അതിവേഗം യുദ്ധം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഇതിനെല്ലാം മുന്നില്‍ നിന്നത് നഗരത്തില്‍ താമസിക്കുന്നവരും ഉന്നത ജാതിയില്‍പെട്ടവരുമാണ്. എന്നാല്‍, പുല്‍വാമയിലടക്കം കൊല്ലപ്പെട്ട സൈനികരില്‍ കൂടുതലുള്ളത് കീഴ് ജാതിയില്‍പെട്ടവരാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. തല്‍ക്ഷണം കൊല്ലപ്പെട്ടവരില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെയും കുടുംബവിവരങ്ങള്‍ തേടിയപ്പോഴാണ് ഇത്തരമൊരു കണ്ടെത്തല്‍ ലഭിച്ചത്. ചില ജവാന്‍മാര്‍ അവരുടെ ജാതി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അല്ലാത്തവരുടെ കുടുംബാംഗങ്ങളില്‍ നിന്നു, സിആര്‍പിഎഫില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലൂടെ ബന്ധപ്പെട്ടാണ് വിവരങ്ങള്‍ തേടിയത്. ചിലരുടേത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും തേടി.


പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ജാതിതിരിച്ചുള്ള കണക്ക്(കടപ്പാട്: കാരവന്‍ മാഗസിന്‍)

പുല്‍വാമയില്‍ കൊല്ലപ്പെട്ടവരില്‍ 40 ജവാന്‍മാര്‍ താഴ്ന്ന ജാതിയില്‍പെട്ടവരാണ്. ഇതില്‍ 19 പേര്‍ മറ്റു പിന്നാക്ക വിഭാഗം(ഒബിസി)യില്‍ പെട്ടവരാണ്. ഏഴുപേര്‍ പട്ടികജാതിക്കാരും അഞ്ചുപേര്‍ പട്ടിക വിഭാഗക്കാരുമാണ്. നാലുപേരാണ് ഉന്നത ജാതിയില്‍പെട്ടവര്‍. ഒരാള്‍ ബംഗാളി ഉന്നത ജാതിയില്‍പെട്ടതാണ്. മൂന്ന് ജാട്ട് സിഖുകളും ഒരു മുസ്‌ലിം ജവാനും കൊല്ലപ്പെട്ടവരില്‍ പെടും. 40ല്‍ വെറും 12.5 ശതമാനം മാത്രമാണ് ഉന്നതജാതിയില്‍ പെട്ടവര്‍ അതവാ ഹിന്ദുക്കളിലെ സവര്‍ണ പാരമ്പര്യമുള്ളവര്‍. ഇതില്‍നിന്നു തന്നെ ഇന്ത്യയിലെ സവര്‍ണ ഹിന്ദുക്കളുടെ ദേശീയതയും ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്ന ദേശസ്‌നേഹവും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നു വ്യക്തമാക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വിമുക്ത ജാട്ട് സമുദായത്തില്‍ നിന്നുള്ള സഞ്ജയ് രജപുത്, നിധിന്‍ ശിവാജി റാത്തോഡ് എന്നിവര്‍ ഒബിസി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനറല്‍ വിഭാഗത്തിലാണ് സിആര്‍പിഎഫില്‍ ജോലി ലഭിച്ചത്. മുസ് ലിമിനെയും രജപുത് സമുദായംഗത്തെയും ഒഴിവാക്കിയാല്‍, എട്ടുപേര്‍ അഥവാ 20 ശതമാനം മാത്രമാണ് ജനറല്‍ കാറ്റഗറിയില്‍ സിആര്‍പിഎഫിലെത്തിയതെന്ന് വ്യക്തമാവും. മാത്രമല്ല, രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് 40 ജവാന്‍മാര്‍. ജനറല്‍ കാറ്റഗറിയിലെ എട്ടുപേരില്‍ അഞ്ചും ഉത്തരാഖണ്ഡില്‍നിന്നും പഞ്ചാബില്‍ നിന്നുമാണെത്തിയത്. ഉത്തരാഖണ്ഡില്‍ നിന്നെത്തിയ രണ്ടു ജവാന്‍മാരില്‍ ഒരു ബ്രാഹ്മണനും ഒരു രജപുത് അംഗവുമാണുള്ളത്. പരിക്കേറ്റ നാലില്‍ മൂന്ന് ജാട്ട് സിഖുകാരും പഞ്ചാബികളാണ്. മറ്റു മൂന്നു ഉന്നതജാതിയില്‍പെട്ട ജവാന്‍മാരില്‍ രണ്ടുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബ്രാഹ്മണരാണ്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്‍ ഭഗല്‍പൂരിലെ രത്തന്‍ ഠാക്കൂറിന്റെ കുടുംബം

പശ്ചിമ ബംഗാളില്‍ നിന്നുള്ള സുധീപ് ബിശ്വാസ് പട്ടികജാതിയിലോ ബ്രാഹ്മണനോ അല്ലെന്നും എന്നാല്‍ ഉന്നത ജാതിയില്‍ പെട്ടയാളാണെന്നും ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സമപ്ത ബിശ്വാസ് പറഞ്ഞു. പഞ്ചാബിലെ രാംദാസ്യ സെക്ടറില്‍നിന്നുള്ള മനീന്ദര്‍ സിങ് ആട്രിയാണ് കൊല്ലപ്പെട്ട പട്ടികജാതിക്കാരനായ മറ്റൊരു ജവാന്‍. ആട്രിയുടെ കുടുംബത്തിന്‍ കാല്‍ ഏക്കറില്‍ താഴെ മാത്രമാണ് ഭുമിയുള്ളത്. സാമൂഹിക സുരക്ഷയില്ലാത്തതിനാലാണ് സാഹസികമായ ജോലി തേടി സിആര്‍പിഎഫില്‍ ജോലി ചേര്‍ന്നതെന്നും അദ്ദേഹത്തിന്റെ ബന്ധുവായ സുനില്‍ ദത്ത് പറയുന്നു. ദേശീയത മുദ്രാവാക്യം വിളിക്കുന്നവര്‍ സുഖകരമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ കുട്ടികളും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ ഒരുക്കമല്ല. ഇതില്‍നിന്നു തന്നെ അവരുടെ ദേശസ്‌നേഹം വ്യക്തമല്ലേയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ സുനില്‍ദത്ത് ചോദിക്കുന്നു. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ജാട്ട് സമുദായത്തില്‍പെട്ട കുല്‍വീന്ദര്‍ സിങും കുടുംബ പ്രാരാബ്ധം മൂലമാണ് സൈന്യത്തില്‍ ചേര്‍ന്നതെന്ന് പിതാവ് ദര്‍ശന്‍ പറയുന്നു. യുപി കാണ്‍പൂര്‍ ദേഹാതിലെ എസ്‌സി സമുദായംഗമായ ശ്യാംബാബുവിന്റെ ഭാര്യ റുബി ദേവി രാഷ്ട്രനേതാക്കളുടെ വാഗ്ദാനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിലെ തുദിഹര്‍ വില്ലേജില്‍നിന്നുള്ള മഹേഷ്‌കുമാറിന്റെ ബന്ധുക്കളുമായി ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അനുപ്രിയ പാട്ടീലും കാബിനറ്റ് മന്ത്രി റിത ബഹുഗുണയും വിളിച്ചപ്പോള്‍ രൂക്ഷമായാണ് പ്രതികരിച്ചതെന്നു അമ്മാവന്‍ സുശീല്‍കുമാര്‍ യാദവ് പറഞ്ഞു. നമുക്ക് അവരെ അടക്കിനിര്‍ത്താനാവില്ലെന്നും അത്രയും പരിതാപകരമാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഇവര്‍ക്ക് പറയാനുള്ളത് രണ്ടു കാര്യമാണ്. മഹേഷിന്റെ സഹോദരന് ജോലി നല്‍കണം. മറ്റൊന്ന്, അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയവര്‍ക്ക് എന്തുകൊണ്ട് തുദിഹര്‍ വില്ലേജിന്റെ പേര് മഹേഷിന്റെ പേരില്‍ മാറ്റിക്കൂട. അങ്ങനെയാണെങ്കില്‍ എല്ലാവരും എന്നും ഓര്‍മിക്കില്ലേ. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെയെല്ലാം പേര് ഇത്തരത്തില്‍ നല്‍കിയാല്‍ എന്നും ഓര്‍മിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. രണ്ട് ബ്രാഹ്മണന്‍മാരും മൂന്ന് എസ്‌സിക്കാരും ഏഴ് ഒബിസിക്കാരും ഉള്‍പ്പെടെ 12 ജവാന്‍മാരെ നഷ്ടപ്പെട്ട ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് സുധീര്‍ പന്‍വാര്‍ പറയുന്നത് കേള്‍ക്കൂ: ''ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ദേശസ്‌നേഹം വിളമ്പുന്നവരല്ല ഗ്രാമീണ ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരാണ് രാജ്യത്തെ സംരക്ഷിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്‍ പങ്കജ് ത്രിപാഠിയുടെ വീട് സന്ദര്‍ശിക്കുന്നു


മൂന്ന് ഗുജ്ജാറുകളും എസ്ടി വിഭാഗമായ ഒരു മീണ സമുദായംഗവും ഒരു ജാട്ടും ഉള്‍പ്പെടെ അഞ്ചു ജവാന്‍മാരാണ് രാജസ്ഥാനില്‍ നിന്നുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു പറയറും(എസ്‌സി) ഒരു തേവറും(ഒബിസി) ആണുണ്ടായിരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ധോബി സമുദായംഗമാണ് കൊല്ലപ്പെട്ടത്. ഒഡീഷയില്‍ നിന്നു ഒരു പിന്നാക്ക ജാതിക്കാരനും ഒരു എസ്‌സി അംഗവുമാണ് മരിച്ചത്. ഉദ്യോഗമേഖലയില്‍ സവര്‍ണര്‍ക്കും സംവരണം വേണമെന്ന് വാദിക്കുകയും ബില്ല് കൊണ്ടുവരികയും ചെയ്യുന്നവര്‍ സായുധ സേനയില്‍ ഇത് ആവശ്യപ്പെടാത്തത് ജീവന്‍ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണെന്നും രാഷ്ട്രത്തിനു വേണ്ടി അവരുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടാത്തതിനാലാണെന്നും മീററ്റിലെ ദലിത് അക്റ്റിവിസ്റ്റ് സതീശ് പ്രകാശ് പറഞ്ഞു. ഹിന്ദുത്വ ദേശീയത രാജ്യത്തെ ജാതിയെയും വര്‍ഗത്തെയും രാഷ്ട്രീയ നിലനില്‍പിനും ഉപജീവനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഉപകരണം മാത്രമാണെന്നും അമൃത്‌സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ പരംജിത് സിങ് ജഡ്ജി പറയുന്നു. ദലിതുകള്‍ തങ്ങളോട് ചായ്‌വില്ലാത്തവരാണെന്നു മനസ്സിലാക്കിയ ബിജെപി തീവ്രദേശീയതയിലൂടെ മതത്തെയും ജാതിയെയും വര്‍ഗത്തെയും ഉയര്‍ത്തിക്കാട്ടി തങ്ങളോട് അടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ജാതി ബിജെപി പറയാത്തതിനു പിന്നിലും അത് അടുത്ത തിരഞ്ഞെടുപ്പില്‍ കാര്യമായി ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it