Big stories

ഇന്ത്യന്‍ മാധ്യമങ്ങളിലെ നേതൃസ്ഥാനങ്ങളില്‍ 90 ശതമാനവും സവര്‍ണര്‍

ഇന്ത്യന്‍ മാധ്യമങ്ങളിലെ നേതൃസ്ഥാനങ്ങളില്‍ 90 ശതമാനവും സവര്‍ണര്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാധ്യമങ്ങളിലെ നേതൃപദവികളില്‍ 90 ശതമാനവും കൈയാളുന്നത് സവര്‍ണ ജാതിയില്‍പ്പെട്ടവരാണെന്ന് റിപോര്‍ട്ട്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉയര്‍ന്ന പദവികള്‍ ദലിതനോ ആദിവാസികളോ കൈകാര്യം ചെയ്യുന്നില്ലെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. ന്യൂസ് ലോണ്‍ട്രി പ്രസിദ്ധീകരിച്ച ഓക്‌സ്ഫാം ഇന്ത്യ റിപോര്‍ട്ടിന്റെ രണ്ടാം പതിപ്പിലാണ് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിലെ സവര്‍ണ മേധാവിത്വം വ്യക്തമാക്കുന്നത്. അച്ചടി, ടിവി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 90 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് സംവരണേതര വിഭാഗത്തില്‍പ്പെട്ടവരാണ്. ഇന്ത്യന്‍ മാധ്യമങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതി വിഭാഗങ്ങളുടെ അഭാവത്തില്‍ അവരുടെ കഥകള്‍ ആരാണ് അവതരിപ്പിക്കുകയെന്നത് പ്രസക്തമാണ്.

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ നയിക്കുന്ന മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളൊന്നും തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാര്‍ത്താമാധ്യമ ഫോറമായ ദി മീഡിയ റമ്പിളിലാണ് റിപോര്‍ട്ട് ആദ്യമായി പരസ്യപ്പെടുത്തിയത്. മാധ്യമങ്ങളിലെ എഡിറ്റര്‍ ഇന്‍ ചീഫ്, മാനേജിങ് എഡിറ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ബ്യൂറോ ചീഫ്, ഇന്‍പുട്ട്/ഔട്ട്പുട്ട് എഡിറ്റര്‍ എന്നിങ്ങനെ ന്യൂസ് റൂമില്‍ 121 തസ്തികകളാണുള്ളത്. ഇതില്‍ 106 തസ്തികകളില്‍ ഉയര്‍ന്ന ജാതിക്കാരും അഞ്ച് തസ്തികകളില്‍ മറ്റ് താഴ്ന്ന വിഭാഗക്കാരും ആറ് തസ്തിക ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുമാണ് വഹിക്കുന്നത്.

നാല് തസ്തികകളിലെ പ്രാതിനിധ്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ അഞ്ചില്‍ മൂന്ന് ലേഖനങ്ങളും എഴുതുന്നത് സവര്‍ണ എഴുത്തുകാരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതിയില്‍പ്പെട്ടവരുടേതായി (എസ്‌സി, എസ്ടി, ഒബിസി) ഓരോ അഞ്ചിലും ഒരു ലേഖനം മാത്രമാണുണ്ടാവുന്നത്. ഹിന്ദി ചാനലുകളിലെ ആകെ 40 അവതാരകരും ഇംഗ്ലീഷ് ചാനലുകളിലെ 47 പേരും ഓരോ നാല് ഡിബേറ്റ് അവതാരകരില്‍ മൂന്ന് പേരും സവര്‍ണരാണ്. അവരാരും ദലിതുകളോ ആദിവാസികളോ ഒബിസി വിഭാഗത്തില്‍പ്പെടുന്നവരോ ആയിരുന്നില്ല. വാര്‍ത്താ ചാനലുകളിലെ 70 ശതമാനത്തിലധികം പ്രൈം ടൈം ഡിബേറ്റ് ഷോകളിലും പാനലിസ്റ്റുകളായെത്തുന്നതില്‍ ഭൂരിഭാഗവും സവര്‍ണ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും.

ഇംഗ്ലീഷ് പത്രങ്ങളിലെ ആകെയുള്ള ലേഖനങ്ങളില്‍ ദലിത്, ആദിവാസി മേഖലയുമായി ബന്ധപ്പെട്ടവ അഞ്ചുശതമാനത്തില്‍ കൂടുതലുണ്ടാവാറില്ല. ഹിന്ദി പത്രങ്ങളിലാവട്ടെ ആകെയുള്ള ലേഖനത്തില്‍ 10 ശതമാനം വരെ ആദിവാസി, ദലിത് മേഖലയില്‍പ്പെട്ടത് ഉണ്ടാവാറുണ്ട്. പഠനം നടത്തിയ 12 മാഗസിനുകളുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട 972 ലേഖനങ്ങളില്‍ 10 എണ്ണം മാത്രമാണ് ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. വാര്‍ത്താ വെബ്‌സൈറ്റുകളില്‍ രചയിതാവിന്റെ പേരുകളുള്ള 72 ശതമാനം ലേഖനങ്ങളും സവര്‍ണരാണ് എഴുതുന്നത്. ഇന്ത്യയിലെ ന്യൂസ് റൂമുകള്‍ രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന സ്ഥലമല്ലെന്ന് മൂന്ന് വര്‍ഷത്തിനിടയിലെ തങ്ങളുടെ രണ്ടാമത്തെ പഠന റിപോര്‍ട്ട് തെളിയിക്കുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാര്‍ പറഞ്ഞു.

ദലിതര്‍ക്കും ആദിവാസികള്‍ക്കും ബഹുജനങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എല്ലാ വേദികളിലെയും മാധ്യമസംഘടനകളുടെ നേതാക്കള്‍ പരാജയപ്പെടുകയാണ്. രാജ്യത്തെ മാധ്യമങ്ങള്‍ അതിന്റെ കവറേജില്‍ മാത്രമല്ല, നിയമന രീതികളിലും തുല്യത എന്ന ഭരണഘടനാ തത്വം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്- അദ്ദേഹം ഓര്‍മപ്പെടുത്തി. മാധ്യമ കമ്പനികള്‍ അവരുടെ നിയമന നടപടിക്രമങ്ങളെക്കുറിച്ച് ഉടനടി സമഗ്രമായ അവലോകനം നടത്തണം. രാജ്യത്തുടനീളമുള്ള ന്യൂസ് റൂമുകള്‍ കൂടുതല്‍ വൈവിധ്യപൂര്‍ണമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മുന്‍വിധികളില്‍ നിന്നും അനീതിയില്‍ നിന്നും മുക്തമായ ഒരു ഇന്ത്യ സ്ഥാപിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്ന് ബെഹാര്‍ പറഞ്ഞു.

43 ഇന്ത്യന്‍ പ്രിന്റ്, ടിവി, ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ അവര്‍ എങ്ങനെയാണ് വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നത്, അവരുടെ ചുമതലക്കാരുടെ സാമൂഹത്തിലെ സ്ഥാനം, അവരുടെ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ജാതി തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 20,000ലധികം മാസികകള്‍, പത്രങ്ങളും ലേഖനങ്ങളും, 76 മോഡറേറ്റര്‍മാരും 3,318 പേര്‍ പങ്കെടുത്തതുമായ 2,075 പ്രൈം ടൈം സംവാദങ്ങള്‍, 12 മാസത്തെ ഓണ്‍ലൈന്‍ വാര്‍ത്താ റിപോര്‍ട്ടുകള്‍ എന്നിവയും വിശകലനം ചെയ്തു.

രചയിതാക്കളുടെയും പങ്കെടുക്കുന്നവരുടെയും സാമൂഹിക പശ്ചാത്തലം, വാര്‍ത്തയുടെ പ്രാധാന്യം, കവറേജിന്റെ വിഷയം തുടങ്ങിയ ഗുണപരമായ ഘടകങ്ങളിലാണ് പഠനം ശ്രദ്ധകേന്ദ്രീകരിച്ചത്. സര്‍വേകള്‍, വിവരങ്ങളുടെ ഉറവിടങ്ങള്‍, യുപിഎസ്‌സി, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റാബേസുകള്‍, വാര്‍ത്താ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങള്‍ക്കിടയിലെ വിവിധ ജാതി ഗ്രൂപ്പുകളുടെ പ്രാതിനിധ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

Next Story

RELATED STORIES

Share it