- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് 103 വയസ്സ്

കെ പി ഒ റഹ്മത്തുല്ല
1921 ലെ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന് 1922 ഫെബ്രുവരി 20ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ താനൂര്‍ സ്വദേശി ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീര രക്ത സാക്ഷിത്വത്തിന് ഇന്ന് 103 വയസ്സ്. താനൂരിലെ പ്രമുഖനായ വ്യവസായിയും ധനാഢ്യനുമായിരുന്ന കുഞ്ഞിക്കാദര്‍, മഹാത്മാഗാന്ധിയുടെ പ്രചോദനത്താലാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമാകുന്നത്. 1920ല്‍ താനൂരില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം താനൂരിനെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന്റെ കേന്ദ്രമാക്കി മാറ്റി. 1921 ആഗസ്റ്റ് 20ന് പന്താരങ്ങാടിയില്‍ വെച്ചാണ് കുഞ്ഞിക്കാദറിനെ ബ്രിട്ടീഷ് ഭരണകൂടം ചതിയിലൂടെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കപ്പെട്ട അദ്ദേഹത്തെ 1922 ഫെബ്രുവരി 20ന് തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിനു മുമ്പ് അവസാന ആഗ്രഹം ചോദിച്ച ആരാച്ചാരോട് കുഞ്ഞിക്കാദര്‍ പറഞ്ഞ വാക്ക് ഇങ്ങനെയായിരുന്നു: 'എനിക്കാവശ്യമുണ്ട്; ഇന്ത്യയുടെ സ്വാതന്ത്ര്യം.'
1921ലെ ധീര പോരാളികള്‍ക്കൊപ്പം എന്നും സ്മരിക്കപ്പെടുന്ന ഇദ്ദേഹം യുപി കുഞ്ഞിഖാദിര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1883ല്‍ കിഴക്കിനിയകത്ത് അബ്ദുറഹ്മാന്റെയും പുത്തന്‍വീട്ടില്‍ ആഇശക്കുട്ടിയുടെയും മകനായി താനൂരിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. എയ്ഡഡ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. ആവശ്യത്തിനു വേണ്ട മതപഠനവും നേടി. പിന്നീട് വ്യാപാരത്തിലാണ് കുഞ്ഞിക്കാദര്‍ ശ്രദ്ധവെച്ചത്. താനൂരിലും തിരൂരിലും മെച്ചപ്പെട്ട രീതിയില്‍ കച്ചവടം നടത്തി. ഏറെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് നാട്ടിലും പരിസരങ്ങളിലും ശക്തമായ സ്വാധീനമുണ്ടായിരുന്നു. ബഹുഭാഷാ പരിജ്ഞാനിയായിരുന്ന അദ്ദേഹത്തിന് ദേശീയഅന്തര്‍ദേശീയ ചലനങ്ങള്‍ യഥാസമയം അറിയുവാനും വിലയിരുത്തുവാനും അവസരമുണ്ടായി. ചെറുപ്പം മുതലേ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും താല്‍പര്യം കാണിച്ചിരുന്ന അ ദ്ദേഹം അഖിലേന്ത്യാതലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സമര രംഗത്തേക്കിറങ്ങി. തന്റെ ഗുരുനാഥനായ പരീക്കുട്ടി മുസ്ല്യാരുടെ നിര്‍ദ്ദേശങ്ങള്‍ക്കൊത്താണ് അദ്ദേഹം ചലിച്ചിരുന്നത്. ദേശീയ നേതാക്ക ളുമായി ആശയ വിനിമയം നടത്തുകയും താനൂരിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.
1920 ആഗസ്റ്റ് 18ന് ഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ട് ഖിലാഫത്ത് സമ്മേളനത്തില്‍ എത്തിയപ്പോള്‍ കുഞ്ഞിക്കാദര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
താനൂരില്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ അതിനെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഗാന്ധിയും പ്രതികരിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്കായി ഉത്തരേന്ത്യക്കാരനായ അബ്ദുല്‍ കരീം എന്നവരെ ഗാന്ധി തന്നെ താനൂരിലേക്ക് അയച്ചു. 1920 ഒക്ടോബറില്‍ താനൂരില്‍ രൂപം കൊണ്ട് ഖിലാഫത്ത് കമ്മിറ്റിയുടെ പ്രധാന ഭാരവാഹിയായിരുന്നു കുഞ്ഞിക്കാദര്‍. നാട്ടില്‍ രൂപീകൃതമായ ജനകീയ കോടതിയുടെ അഞ്ചംഗ ഭരണസമിതിയുടെ തലവനും അദ്ദേഹമായിരുന്നു. കേസുകള്‍ക്ക് വേണ്ടി ജനം താനൂരിലെ ജനകീയ കോടതിയെ ആശ്രയിച്ചതോടെ തിരൂരിലെ ബ്രിട്ടീഷ് കോടതിയുടെ പ്രസക്തി നഷ്ടപ്പെട്ടു. താനൂര്‍ കടപ്പുറത്ത് നിയമലംഘന സമരവും ഖാദര്‍ ആരംഭിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ പോലും അദ്ദേഹത്തെ കാണുമ്പോള്‍ തൊപ്പിയൂരി അഭിവാദ്യം ചെയ്തിരുന്നു. പോലിസ് സൂപ്രണ്ട് ആമുവിന് കുഞ്ഞിഖാദര്‍ വലിയ തലവേദനയായി പിന്നീട് മാറി.
ആമുവിന് കുഞ്ഞിക്കാദറിനോട് വ്യക്തി വിരോധനം ശക്തിപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും നേതൃഗുണങ്ങളും ബ്രിട്ടീഷുകാരെ വലിയ തോതില്‍ ചൊടിപ്പിച്ചിരുന്നു. സമരങ്ങളില്‍ അദ്ദേഹത്തിന് പിന്നില്‍ ജനങ്ങള്‍ അണിനിരന്നു.
ഇത്തരം സംഭവങ്ങള്‍ ആമുവിന് കുഞ്ഞിക്കാദറിനോട് വ്യക്തിവിരോധം സൃഷ്ടിച്ചു. തന്ത്രശാലിയായ കുഞ്ഞിക്കാദര്‍ ഓര്‍ക്കാപുറത്ത് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലവും ഇതാണ്. 1921 ആഗസ്റ്റ് 16ന് പരീക്കുട്ടി മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ സമര പോരാളികള്‍ക്കെതിരെ കലക്ടര്‍ തോമസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് ലിസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടവരുടെ കൂട്ടത്തിലല്ലാതെ കുഞ്ഞിക്കാദറിന്റെ പേരും ഉണ്ടായിരുന്നു.
ആഗസ്റ്റ് 20ന് രാവിലെ തിരൂരങ്ങാടിയിലേക്കെത്താനുള്ള സന്ദേശം ലഭിച്ചപ്പോള്‍ അത് പൂര്‍ണ്ണമായും മുഖവിലക്കെടുക്കാന്‍ കുഞ്ഞിക്കാദര്‍ തയാറായിരുന്നില്ല. ഖിലാഫത്ത് കമ്മിറ്റി ഓഫീസിലെ പൊതു അഭിപ്രായത്തിന് വഴങ്ങിയാണ് അദ്ദേഹവും മൂവായിരത്തോളം ആളുകളും പുറപ്പെട്ടത്. തിരൂരങ്ങാടിയിലെത്തുന്നതിന് മുമ്പ് താനൂര്‍ സംഘത്തെ പോലിസ് തടഞ്ഞു. ജനം മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച പ്പോള്‍ പോലിസ് വെടിവെച്ചു. എന്നിട്ടും ജനം പിന്‍മാറാതെ വന്നപ്പോള്‍ ആമു സൂപ്രണ്ട് കുഞ്ഞിക്കാദറിനെ അനുനയ രൂപത്തില്‍ സ മീപിക്കുകയും പിരിഞ്ഞുപോയാല്‍ പ്രതികാര നടപടിയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സമാധാന പ്രേമിയായ കുഞ്ഞിക്കാദര്‍ പറഞ്ഞതനുസരിച്ച് ജനം പിരിഞ്ഞുപോയി. ഇതിനു ശേഷം പന്താരങ്ങാടി പള്ളിയില്‍ എത്തിയ കുഞ്ഞിക്കാദറിനെ ആമു സൂപ്രണ്ട് സൗഹൃദ ഭാവത്തില്‍ ചിലതുപറയാനുണ്ടെന്ന് വിശ്വസിപ്പി പള്ളിയുടെ പുറത്തേക്ക് വിളിച്ചുവരുത്തുകയും തികച്ചും നാടകീയമായി അദ്ദേഹത്തെയും ഉറ്റ സുഹൃത്തായ വലിയ മുഹമ്മദിനെയും മറ്റു നാല്‍പ്പത് വളണ്ടിയര്‍മാരെയും അറസ്റ്റ് ചെയ്ത് ആമം വെച്ച് പട്ടാള കോടതിയിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി സംഭവത്തിനു ശേഷം കുഞ്ഞിക്കാദറിന്റെ അറസ്റ്റുകൂടെ നടന്നപ്പോള്‍ മല ബാര്‍ മുഴുവന്‍ ഇളകിമറിഞ്ഞു. ഉമൈത്താനകത്ത് തറവാട്ടില്‍ പട്ടാളം കയറി വിലപിടിപ്പുള്ള സകല വസ്തുക്കളും കൊള്ളയടിച്ചു. ഈ തറവാട് ഇന്നും നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് അതിക്രമങ്ങളുടെ ചില അടയാളങ്ങള്‍ ഇവിടെ ഇന്നും മായാതെ കിടപ്പുണ്ട്.
1921 സെപ്തംബര്‍ 6ന് കുഞ്ഞിക്കാദറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം സെല്ലിലടച്ചു. ആലി മുസ്ല്യാരും കുഞ്ഞി കാദറും ഉള്‍പ്പെടെ അറസ്റ്റിലായ 46 സമര പോരാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സെപ്തംബര്‍ 19ന് ജില്ലാ മജിസ്‌ട്രേറ്റ് ഇഎഫ് തോമസ് മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതി തേടി. സെപ്തംബര്‍ 21ന് കുഞ്ഞിക്കാദറിനെ സ്‌പെഷ്യല്‍ ട്രിബ്യൂണലിനു മുമ്പാകെ വിചാരണ ചെയ്യാന്‍ ഉത്തരവായി. പട്ടാളക്കോടതിയുടെ വിചാരണ പ്രഹസനമായിരുന്നു. കുഞ്ഞിക്കാദറിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. വിചാരണക്കിടെ അദ്ദേഹം കോടതിയോടു പറഞ്ഞു: 'ഞാന്‍ താനൂരില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭിണിയാണ്. അടുത്ത മാസം അവള്‍ പ്രസവിക്കും. അവള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനേയും ഞാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായി രംഗത്തുവരാന്‍ പരിശീലിപ്പിക്കും'. ഭാര്യ ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചെങ്കിലും കുട്ടിയെ കാണാന്‍ കുഞ്ഞിക്കാദറിന് നിയോഗമുണ്ടായില്ല. 1921 ഒക്ടോബര്‍ 18ന് കോഴിക്കോട് സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഐപിസി 121ാം വകുപ്പ് പ്രകാരം ബ്രിട്ടീഷ് രാജാവിനെതിരേ യുദ്ധം നടത്തിയ കുറ്റത്തിന് കുഞ്ഞിഖാദറിന് എതിരേ വിധി പ്രസ്താവിച്ചു. മരണം വരെ തൂക്കിക്കൊല്ലാനും അദ്ദേഹത്തിന്റെ സ്വത്ത് കണ്ട് കെട്ടാനുമായിരുന്നു ഉത്തരവ്. ഈ വിധിക്കെതിരേ കുഞ്ഞി ഖാദര്‍ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുസ്‌ലിം ലീഗ് നേതാവ് ബി പോക്കര്‍, കോണ്‍ഗ്രസ് നേതാവ് എസ് സ്വാമിനാഥന്‍ എന്നീ അഭിഭാഷകരാണ് ഖാദറിന് വേണ്ട ഹാജരായത്. എന്നാല്‍, കോടതി 1921 നവംബര്‍ 16ന് ്രൈടബ്യൂണല്‍ വിധി ശരിവയ്ക്കുകയായിരുന്നു. മൂന്ന് മാസത്തോളം കണ്ണൂര്‍ ജയിലില്‍ തടവില്‍ കിടന്ന കുഞ്ഞിഖാദറിനെ അടുത്ത ദിവസം തന്നെ തൂക്കിലേറ്റുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. ജയിലില്‍ ഒരു ഭാവമാറ്റവും കൂടാതെ തന്റെ മൂത്ത സഹോദരന്‍ കമ്മുക്കുട്ടിക്ക് ഒരു കത്തെഴുതാന്‍ കടലാസും പേനയും വേണമെന്നാണ് അദ്ദേഹം ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്. അവര്‍ അത് നല്‍കുകയും അദ്ദേഹം ഇങ്ങനെ എഴുതുകയും ചെയ്തു. 'നാളെ പുലര്‍ച്ചെ ഈ ലോകത്തോട് യാത്ര പറഞ്ഞ് പിരിയുകയാണ്. ബ്രിട്ടീഷ് ഭരണകൂടം എന്നെ നേരം പുലരുന്നതിന് മുന്‍പ് തൂക്കിക്കൊല്ലും. ഉമ്മയേയും സഹോദരിയേയും അറിയിച്ച് അവരെ കൂടുതല്‍ വേദനിപ്പിക്കരുത്. അല്ലാഹുവിന്റെ വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. എന്റെ സാധന സാമഗ്രികള്‍ ജയില്‍ അധികൃതര്‍ അങ്ങോട്ട് അയക്കും. അതിലുള്ള എന്റെ മോതിരം ഉമ്മാക്ക് കൊടുക്കണം. ജീവന്‍ ത്യജിക്കുന്നതില്‍ എനിക്ക് വിഷമമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണല്ലോ ഞാനും പോരാടിയത്. എനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം'.
കുഞ്ഞിഖാദറിനെ പറ്റി ജയിലില്‍ സഹതടവുകാരനായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതുന്നത് കാണുക. ആലി മുസ്‌ല്യാരെ കഴിച്ചാല്‍ 1921ലെ പ്രക്ഷോഭത്തിലെ പ്രധാനികളില്‍ ഒരാളാണ് താനൂരുകാരന്‍ കുഞ്ഞിഖാദര്‍. ഖാദറിന്റെ നേതൃത്വത്തിലാണ് താനൂരില്‍ നിന്നും ആഗസ്ത് 20ന് തിരൂരങ്ങാടിയിലേക്ക് ജനക്കൂട്ടം പ്രവഹിച്ചത്'.
എ സി പി റൗളിനെ കൊന്നുവെന്നായിരുന്നു കുഞ്ഞിഖാദറിനെതിരെ കുറ്റപത്രത്തിലെ പ്രധാന ചാര്‍ജ്ജ്. പന്താരങ്ങാടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ റൗളിയെ ആദ്യമായി അടിച്ചത് കുഞ്ഞികാദറായിരുന്നു. അസഭ്യവും അതിക്രമവും നടത്തിയതിന്റെ പേരിലായിരുന്നു അത്. ജനക്കൂട്ടത്തിന്റെ അക്രമത്തില്‍ റൗളിയും മറ്റ് 5 പട്ടാളക്കാരും കൊല്ലപ്പെടുകയായിരുന്നു. രക്തസാക്ഷിത്വത്തിന്റെ നൂറ്റിമൂന്നാം വാര്‍ഷികത്തിലും മലയാളികള്‍ക്ക് ഒരു സങ്കടമുണ്ട്.ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകവും ആരും നിര്‍മ്മിച്ചിട്ടില്ല. ആലി മുസ്ല്യാര്‍ക്കും വാരിയന്‍ കുന്നനും സ്മാരകമുള്ളപ്പോള്‍ കുഞ്ഞികാദറിനെ അവഗണിക്കുന്നത് ശരിയല്ല. താനൂരില്‍ അദ്ദേഹം താമസിച്ച വീട് സ്മാരകമുണ്ടാക്കാന്‍ വിട്ട് നല്‍കാമെന്ന് കുടുംബം പറഞ്ഞിട്ടും ആരും മുന്നോട്ട് വന്നിട്ടില്ല.ആ തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണം. രക്ത സാക്ഷികളെ ഓര്‍മ്മിക്കാനുള്ള വഴിയമ്പലങ്ങളാണ് സ്മാരകങ്ങള്‍.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ ധീര ദേശാഭിമാനിയുടെ രക്തസാക്ഷിത്വത്തിന് നൂറ് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ആ വീര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു പുരാതന ഭവനമുണ്ട് താനൂര്‍ ടിപ്പു സുല്‍ത്താന്‍ റോഡില്‍. താനൂര്‍ ഒട്ടുംപുറം റോഡില്‍ ആളൊഴിഞ്ഞ് കാടുമൂടി നാശോന്മുഖമായി കിടക്കുന്ന പൂര്‍വ്വപ്രതാപം സ്ഫുരിത്തുന്ന ഉമൈത്താനകത്ത് തറവാട് ഒരു നൂറ്റാണ്ടിന്റെ മൂക സാക്ഷിയാണ്. കുഞ്ഞിക്കാദര്‍ സാഹിബിന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന സ്മാരകം പണിയുമെന്ന് വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നടത്താറുണ്ട്. നിയമസഭയില്‍ പോലും പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിക്കാദര്‍ സാഹിബിന്റെ സ്വന്തം തറവാട് ഇതിനായി വിട്ടുകൊടുക്കാന്‍ കുടുംബം തയാറാണെന്നറിയിച്ചിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. പിറന്ന നാടിന് ജീവന്‍ നല്‍കിയ ധീര പോരാളിയുടെ 103ാം ചരമ വാര്‍ഷിക വേളയിലെങ്കിലും ഈ പദ്ധതിക്ക് സമാരംഭം കുറിക്കണമെന്ന് കുഞ്ഞിക്കാദര്‍ സാഹിബിന്റെ പൗത്രനും പൗരപ്രമുഖനുമായ കുഞ്ഞിക്കാദര്‍ അഭിപ്രായപ്പെട്ടു.
വിചാരണ കോടതിയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. തൂക്കിലേറ്റുന്നതിന് മുന്‍പ് അവസാന ആഗ്രഹം ചോദിച്ച ജയില്‍ സൂപ്രണ്ടിനോട് അദ്ദേഹം പറഞ്ഞു. എനിക്ക് ആവശ്യമുള്ളത് ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്. 1922 ഫെബ്രുവരി അവസാന പകുതി മലബാര്‍ ജനത കണ്ണീരോടെയാണ് കഴിച്ചുകൂട്ടിയത്. ആലി മുസ്‌ല്യാരുടെ മരണ വാര്‍ത്തയില്‍ മലബാര്‍ മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കവേയാണ് കുഞ്ഞിഖാദറിനെ തൂക്കിലേറ്റുന്നത്. കണ്ണൂരിലെ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു. ആലിമുസ് ല്യാരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും അതേ ഗണത്തില്‍ തന്നേയാണ് 1921 ലെ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ഉമൈത്താനകത്ത് കുഞ്ഞിഖാദറിന്റേയും സ്ഥാനം.
RELATED STORIES
റമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്‍ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMTആംബുലന്‍സിന്റെ വഴിമുടക്കി കാര്‍
28 March 2025 3:47 PM GMTഎസ്റ്റേറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...
28 March 2025 3:36 PM GMTമലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍
28 March 2025 3:25 PM GMTക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് നല്‍കിയ അപ്പത്തില്‍ ചുവപ്പ് നിറം;...
28 March 2025 3:17 PM GMTനവരാത്രി ആഘോഷത്തിന് മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് ബിജെപി എംഎല്‍എ; ...
28 March 2025 3:01 PM GMT