Big stories

ട്രെയിനില്‍ സീറ്റ് നല്‍കിയില്ല; ഹൃദ്രോഗിയായ ബാലിക ചികില്‍സ ലഭിക്കാതെ മരിച്ചു

സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും റിസര്‍വേഷന്‍ കോച്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടിടിആര്‍ അനുവദിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ട്രെയിനില്‍ സീറ്റ് നല്‍കിയില്ല; ഹൃദ്രോഗിയായ ബാലിക ചികില്‍സ ലഭിക്കാതെ മരിച്ചു
X

എടപ്പാള്‍/ഇരിക്കൂര്‍ (കണ്ണൂര്‍): ഹൃദ്രോഗിയായ ഒരു വയസ്സുകാരി ചികില്‍സ ലഭിക്കാതെ ട്രെയിനില്‍ മരിച്ചു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും റിസര്‍വേഷന്‍ കോച്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടിടിആര്‍ അനുവദിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം. കണ്ണൂര്‍ ഇരിക്കൂര്‍ കാളാവാറയിലെ കെ സി ഹൗസില്‍ കെ ഷമീറിന്റെയും കെ സി സുമയ്യയുടെയും ഇളയമകള്‍ മറിയം ആണ് മരിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളതിനാല്‍ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലായിരുന്നു ചികില്‍സ. ഇക്കഴിഞ്ഞ നാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതായിരുന്നു. കഴിഞ്ഞദിവസം പനി പിടിപെട്ടതിനാല്‍ ചികില്‍സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുവാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബുധനാഴ്ച രാത്രി 8.20ന് മാവേലി എക്‌സ്പ്രസിനാണ് മറിയവും രക്ഷിതാക്കളും പുറപ്പെട്ടത്.

കുട്ടിയുടെ രോഗാവസ്ഥയും നിന്നോ ഇരുന്നോ യാത്രചെയ്യാന്‍ പറ്റാത്തതും പരിഗണിച്ച് റിസര്‍വേഷന്‍ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ കേണപേക്ഷിച്ചിട്ടും ടിടിആറിനോട് തിരക്കാനായിരുന്നു ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ലഭിച്ച മറുപടി. ട്രെയിനില്‍ കയറിയ രക്ഷിതാക്കള്‍ കുട്ടിയെയും എടുത്ത് കംപാര്‍ട്ടുമെന്റുകളിലൂടെ അലഞ്ഞു. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ഇവര്‍ ടിടിആറിനെ കണ്ടെങ്കിലും സ്ലീപര്‍ കംപാര്‍ട്ട് മെന്റില്‍നിന്ന് ഇറക്കിവിട്ടു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ പറഞ്ഞപ്രകാരം ഇവര്‍ അവിടേക്ക് പോയി. എന്നാല്‍, കുറ്റിപ്പുറം വരെയുള്ള യാത്രയ്ക്കിടെ പനി മൂര്‍ച്ഛിച്ച് കുട്ടി തളര്‍ന്നുപോയി. കുറ്റിപ്പുറത്തിനടുത്തുവച്ച് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് എടപ്പാളില്‍നിന്ന് മയ്യിത്ത് ആംബുലന്‍സില്‍ ഇരിക്കൂര്‍ ആയിപ്പുഴയില്‍ എത്തിച്ച ശേഷം രാവിലെ ഒമ്പതോടെ മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സഹോദരങ്ങള്‍: സജ (പട്ടാന്നൂര്‍ കെപിസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), നജ (ആയിപ്പുഴ ഗവ. യുപി സ്‌കൂള്‍). അതിനിടെ, സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍, റെയില്‍വേ പോലിസ്, ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.






Next Story

RELATED STORIES

Share it