Big stories

'നാവ് മുറിക്കുന്ന സംഘപരിവാരകാലം'; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ തടവറയിലായിട്ട് രണ്ട് വര്‍ഷം

നാവ് മുറിക്കുന്ന സംഘപരിവാരകാലം; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ തടവറയിലായിട്ട് രണ്ട് വര്‍ഷം
X

ന്യൂഡല്‍ഹി: മലയാളിയും വിവിധ മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്ന സിദ്ദീഖ് കാപ്പന്റെ തടവ് ജീവിതം രണ്ട് വര്‍ഷം പിന്നിട്ടു. രണ്ട് വര്‍ഷം മുമ്പ് ഈ ദിവസമാണ് അദ്ദേഹത്തെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരേ ചുമത്തിയ ഒരു കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇ ഡി കേസിലെ സാങ്കേതികപ്രശ്‌നങ്ങളുടെ പേരില്‍ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

കാപ്പന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഹാഥ്‌റസ് സംഭവം നടക്കുന്നത്. ഏതാനും സവര്‍ണയുവാക്കള്‍ ചേര്‍ന്ന് ഒരു ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രതിഷേധമുയര്‍ത്തി. പെണ്‍കുട്ടിയെ മൃതദേഹം കുടുംബത്തെ മുള്‍മുനയില്‍നിര്‍ത്തി സംസ്‌കരിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഈ സംഭവം റിപോര്‍ട്ട് പോകുന്നതിനാണ് കാപ്പനും കാംപസ് ഫ്രണ്ട് ദേശീയ ഖജാന്‍ജി അതീഖുര്‍റഹ്മാന്‍, മസൂദ്, ഓലെ കാബ് ഡ്രൈവര്‍ ആലം എന്നിവരും 2020 ഒക്ടോബര്‍ 5ന് അറസ്റ്റിലായത്.

അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ യുപി പോലിസ് യുഎപിഎ ചുമത്തി. മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹാഥ്‌റസിലേക്ക് പോയതെന്നായിരുന്നു പോലിസിന്റെ വാദം. രാജ്യദ്രോഹം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവയും ചുമത്തിയിരുന്നു.

അറസ്റ്റിലാവുന്ന സമയത്ത് കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയായിരുന്നു സിദ്ദീഖ് കാപ്പന്‍. അദ്ദേഹത്തിനുവേണ്ടി പത്രപ്രവര്‍ത്തക യൂനിയന്‍ വലിയ നീക്കങ്ങള്‍ നടത്തി. ഇക്കാര്യത്തില്‍ അദ്ദേഹം പലരേക്കാളും ഭാഗ്യവാനായിരുന്നു. മോദി ഭരണത്തില്‍കീഴില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനായിരുന്നില്ല അദ്ദേഹം. അതിനു മുമ്പും ശേഷവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി മാധ്യമപ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. 2020ല്‍ മാത്രം 67 പേര്‍ അറസ്റ്റിലായി. ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈറിന് ഏതാനും മാസം മുമ്പാണ് ജാമ്യം ലഭിച്ചത്.

രണ്ടുവര്‍ഷത്തോളം ജയിലിലടച്ച ശേഷം കാബ് ഡ്രൈവര്‍ ആലമിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ പുറത്തുണ്ട്. . ഇതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പന് ഒരു കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് യുപി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥയനുസരിച്ച് ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം. അതിന് ശേഷം കേരളത്തിലേക്ക് പോവാം. ഡല്‍ഹിയില്‍ കഴിയുന്ന സമയം ജംഗ്പുരയിലെ പോലിസ് സ്‌റ്റേഷനില്‍ എല്ലാ ദിവസവും ഹാജരാവണം. കേരളത്തിലെത്തിയശേഷം എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം. കാപ്പനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ എല്ലാ ദിവസവും ഹിയറിങ്ങിന് വിചാരണ കോടതിയില്‍ ഹാജരാവണം. പുറത്തിറങ്ങുന്നതിന് മുമ്പ് കാപ്പന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം- ഇതൊക്കെയാണ് ജാമ്യവ്യവസ്ഥ.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കാപ്പന് ജാമ്യം ലഭിക്കേണ്ടതുണ്ട്. കാപ്പനെതിരേ ആരംഭിച്ച ഇഡി കേസ് നടപടികളില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും കാപ്പന് അനുവദിച്ചിട്ടുണ്ട്. യുഎപിഎ കേസില്‍ യുപി സര്‍ക്കാര്‍ ഹാജരാക്കിയ കള്ളക്കഥകളുടെ അടിസ്ഥാനത്തിലാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതോടെ ഇഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ രണ്ട് തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.

ജാമ്യം പരിഗണിക്കുന്നതിനിടയില്‍ യുപി കോടതി ആരോപണങ്ങളാണ് ഉന്നയിച്ചത്. സിദ്ദീഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ട്, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ട് തുടങ്ങിയവയായിരുന്നു യുപി സര്‍ക്കാരിന്റെ വാദം. അറസ്റ്റിലായ ശേഷം ഒരിക്കല്‍ മാത്രമാണ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗബാധിതയായ മാതാവിനെ കാണാന്‍. 2021 ഫെബ്രുവരിയിലായിരുന്നു അത്. കാപ്പന്‍ വന്നുപോയി നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കാപ്പന്‍ ജയിലിലാണ്. അദ്ദേഹത്തിന്റെ ജയില്‍ജീവിതം രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ആര്‍എസ്എസ് ഭീഷണിയില്‍ മാറ്റിവച്ചിരിക്കുകയാണ്. പരിപാടി നടത്താന്‍ അനുമതി നല്‍കിയ പോലിസ് തന്നെ പരിപാടി മാറ്റാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it