Big stories

കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന്‍ സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി സംഘവും

ഹെല്‍മണ്ട് പ്രവിശ്യയില്‍ കറുപ്പ് കൃഷി 2022ല്‍ 120,000 ഹെക്ടറോളം ഉണ്ടായിരുന്നത് 2023ല്‍ 1,000 ഹെക്ടറില്‍ താഴെ മാത്രമായി ചുരുങ്ങിയതായി അല്‍സിസിന്റെ ഹൈ റെസല്യൂഷന്‍ ഇമേജറി കാണിക്കുന്നു.

കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന്‍ സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി സംഘവും
X

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റ ശേഷം മാരക ലഹരിമരുന്നായ കറുപ്പ് കൃഷി വന്‍തോതില്‍ കുറഞ്ഞതായി റിപോര്‍ട്ട്. ജിയോസ്‌പേഷ്യല്‍ ഡാറ്റാ ശേഖരണത്തിലും സ്ഥിതിവിവര വിശകലനത്തിലൂം വൈദഗ്ധ്യമുള്ള യുകെ ആസ്ഥാനമായുള്ള ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് സ്ഥാപനമായ അല്‍സിസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ 2023ല്‍ കറുപ്പ് കൃഷിയില്‍ അഭൂതപൂര്‍വമായ തോതില്‍ കുറവ് വരുത്തിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 2021 ആഗസ്തില്‍ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുകയും താലിബാന്‍ അധികാരമേറ്റെടുക്കുകയും ചെയ്ത് ഏഴ് മാസത്തിന് ശേഷം 2022 ഏപ്രിലില്‍ താലിബാന്‍ നേതാവ് മുല്ലാ ഹിബത്തുല്ല അഖുന്‍സാദ പുറപ്പെടുവിച്ച മയക്കുമരുന്ന് നിരോധനമാണ് കറുപ്പ് കൃഷി ഇല്ലാതാവാന്‍ കാരണം. കറുപ്പ് കൃഷിക്ക് നിരോധനം നേരത്തേ നിലവിലുണ്ടായിരുന്നെങ്കിലും 2022നെ അപേക്ഷിച്ച് 2023ല്‍ കറുപ്പ് ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞതായി അല്‍സിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെല്‍മണ്ട് പ്രവിശ്യയില്‍ കറുപ്പ് കൃഷി 2022ല്‍ 120,000 ഹെക്ടറോളം ഉണ്ടായിരുന്നത് 2023ല്‍ 1,000 ഹെക്ടറില്‍ താഴെ മാത്രമായി ചുരുങ്ങിയതായി അല്‍സിസിന്റെ ഹൈ റെസല്യൂഷന്‍ ഇമേജറി കാണിക്കുന്നു. ഹെല്‍മണ്ട് പ്രവിശ്യയെ കറുപ്പിന്റെ ഹൃദയഭൂമി എന്നാണ് വിളിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉല്‍പ്പാദനത്തിലെ പകുതിയും ഇവിടെയായിരുന്നു.


2001ലെ യുഎസ് അധിനിവേശത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെടുന്നതിനു മുമ്പും താലിബാന്‍ അധികാരത്തിലിരിക്ക കറുപ്പ് ഉല്‍പ്പാദനം നിരോധിച്ചിരുന്നെങ്കിലും രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കുറവാണ് കറുപ്പ് കൃഷിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, കറുപ്പ് കൃഷി ഇല്ലാതായപ്പോള്‍ പകരം അവിടെ ഗോതമ്പ് കൃഷി വന്‍തോതില്‍ വര്‍ധിച്ചതായും കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ തെക്ക് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്. 2022 ഏപ്രിലിലാണ് കറുപ്പ് കൃഷി നിരോധിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 2021 അവസാനത്തോടെ നട്ടുപിടിപ്പിച്ച വിളവെടുപ്പ് അനുവദിച്ചിരുന്നു. ഈ വിളവെടുപ്പിനു ശേഷം പുതിയ കറുപ്പ് വിളകള്‍ നടുന്നത് നിരോധിക്കുകയും നിരോധനം ലംഘിച്ച് നട്ടുപിടിപ്പിച്ച എല്ലാ കറുപ്പ് കൃഷിയിടങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. 2022ലെ വേനല്‍ക്കാലത്തോടെ താലിബാന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള എഫെഡ്ര വിളയും എഫിഡ്രൈന്‍ ലാബുകളും നശിപ്പിച്ച് മെത്താംഫെറ്റാമൈന്‍ വ്യവസായത്തെയും ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. അല്‍സിസ് പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ ബിബിസിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടുകണ്ട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ബിബിസി നല്‍കിയ റിപോര്‍ട്ടിലും ഇക്കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നുണ്ട്. അവശേഷിച്ച കറുപ്പ് കൃഷി വയലുകള്‍ വടികള്‍ ഉപയോഗിച്ച് താലിബാന്‍ അംഗങ്ങള്‍ നശിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, അഫ്ഗാന്‍ ഹെറോയിന്റെ വിതരണം കുറയുന്നത് യുഎസിലെയും യൂറോപ്പിലെയും മയക്കുമരുന്ന് ഉപയോക്താക്കള്‍ക്കിടയില്‍ 'ഓപിയത്തേക്കാള്‍ വളരെ മോശമായ സിന്തറ്റിക് മരുന്നുകളുടെ വര്‍ധനവിന് കാരണമാവുമെന്നാണ് ബിബിസി അഭിപ്രായപ്പെടുന്നത്. അമേരിക്കയുടെ പിന്തുണയുള്ള മുന്‍ അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കറുപ്പ് സ്വതന്ത്രമായി വളര്‍ത്തിയിരുന്നുവെന്നും ബിബിസി ഇതിന് സാക്ഷ്യം വഹിച്ചിരുന്നുവെന്നും ബിബിസിയുടെ റിപോര്‍ട്ടിലുണ്ട്.മയക്കുമരുന്ന് വിരുദ്ധ യൂനിറ്റ് രൂപീകരിച്ചാണ് താലിബാന്റെ പ്രവര്‍ത്തനം. പോപ്പി കൃഷിയില്‍ നിന്നാണ് ഹെറോയിന്റെ പ്രധാന ഘടകമായ കറുപ്പ് വേര്‍തിരിച്ചെടുക്കുന്നത് എന്നതിനിലാണ് കൃഷി കര്‍ശനമായി നിരോധിച്ച് ഉത്തരവിട്ടത്. നിരോധനം ലംഘിച്ചാല്‍ മയക്കുമരുന്ന് വിരുദ്ധ യൂനിറ്റ് അംഗങ്ങളെത്തി നശിപ്പിക്കും. ഒരുകാലത്ത് ലോകത്തിലെ കറുപ്പിന്റെ 80 ശതമാനത്തിലധികം ഉല്‍പ്പാദിപ്പിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലാണ്. യൂറോപിലെ ഹെറോയിന്‍ വിപണിയിലെ 95 ശതമാനവും അഫ്ഗാന്‍ കറുപ്പില്‍ നിന്നുള്ളവയായിരുന്നു. നംഗര്‍ഹാര്‍, കാണ്ഡഹാര്‍, ഹെല്‍മണ്ട് തുടങ്ങിയ പ്രവിശ്യകളില്‍ ബിബിസി സംഘം നേരിട്ട് സന്ദര്‍ശനം നടത്തി കറുപ്പ് നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പോപ്പി കൃഷി വിലക്കി വരുമാനം കുറഞ്ഞ ഗോതമ്പ് കൃഷി നടത്തുന്നതിനെ ചൊല്ലി സംഘര്‍ഷം ഉണ്ടാവുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അധികൃതരെത്തി പരിഹരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പോപ്പി വയലുകളാല്‍ നിറഞ്ഞ ഭാഗങ്ങളില്‍ ഇത്തവണ ഒരിടത്തും പോപ്പി കൃഷിയിടങ്ങള്‍ കണ്ടെത്താനായില്ലെന്ന് ബിബിസി സംഘം തന്നെ വ്യക്തമാക്കുന്നുണ്ട്.

https://www.alcis.org/post/taliban-drugs-ban

പോപ്പി കൃഷി ചെയ്തിരുന്ന കര്‍ഷകരുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാവുന്നുണ്ടെന്നും ഇതിനെ എങ്ങനെ പരിഹരിക്കുമെന്നുമുള്ള ചോദ്യത്തിന് താലിബാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് സബീഉല്ല മുജാഹിദിന് വ്യക്തമായ മറുപടിയുണ്ട്. ആളുകള്‍ വളരെ ദരിദ്രരാണെന്നും അവര്‍ കഷ്ടപ്പെടുന്നുണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ കറുപ്പിന്റെ ദോഷം അതിന്റെ ഗുണങ്ങളെക്കാള്‍ കൂടുതലാണ്. 37 ദശലക്ഷം ജനസംഖ്യയുള്ള നമ്മുടെ നാട്ടില്‍ നാല് ദശലക്ഷം ആളുകള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. അതൊരു വലിയ സംഖ്യയാണ്. ഉപജീവനത്തിന് ബദല്‍ സ്രോതസ്സുകളെ ആശ്രയിക്കുന്നവരെ, നഷ്ടം നേരിടുന്ന അഫ്ഗാനികളെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മയക്കുമരുന്ന് എല്ലാ രാഷ്ട്രങ്ങളുടെയും പ്രശ്‌നമാണെന്നും സബീഉല്ല മുജാഹിദ് പറഞ്ഞു. പാശ്ചാത്യ ശക്തികള്‍ക്കും മുന്‍ അഫ്ഗാന്‍ ഭരണകൂടത്തിനുമെതിരെ പോരാടുമ്പോള്‍ താലിബാന്റെ പ്രധാന വരുമാന സ്രോതസ്സ് കറുപ്പ് ആണെന്ന യുഎന്നിന്റെയും യുഎസിന്റെയും മറ്റ് സര്‍ക്കാരുകളുടെയും വാദങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.

Next Story

RELATED STORIES

Share it