Big stories

'ലൗ ജിഹാദ്' നിയമത്തിൽ ഇടപെട്ട് സുപ്രിംകോടതി; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ്

ഒരു മാസം മുമ്പ് യുപിയിൽ നടപ്പിലാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിയമം 2020 പ്രകാരം ഇതുവരെ 54 പേരാണ് അറസ്റ്റിലായത്.

ലൗ ജിഹാദ് നിയമത്തിൽ ഇടപെട്ട് സുപ്രിംകോടതി; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ്
X

ന്യൂഡൽഹി: ലൗ ജിഹാദ് തടയാനെന്ന പേരിൽ വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ നിയമങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും രാജ്യത്തിൻറെ മതേതരത്വത്തിനും എതിരാണ് പുതിയ നിയമങ്ങളെന്ന ഹരജികൾ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷമുണ്ടാകാൻ ഇടയാക്കുന്നതുമാണ് നിയമ നിർമാണങ്ങളെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.

സുപ്രിംകോടതി ആദ്യം ഹരജി പരിഗണിക്കാൻ മടിച്ചു. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത്. ഉത്തരാഖണ്ഡ്, അലഹബാദ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള കാര്യമായതിനാൽ എന്തുകൊണ്ട് ആ കോടതികളെ സമീപിച്ചുകൂടാ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. എന്നാൽ ഒന്നിലധികം സംസ്ഥാനങ്ങൾ സമാന നിയമ നിർമാണം നടത്തിയിട്ടുള്ളതിനാൽ പരമോനത കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് 'സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻറ് പീസി'ന് വേണ്ടി ഹാജരായ സി യു സിങ് വാദിച്ചു. തുടർന്നാണ് രണ്ട് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചത്.

ഒരു മാസം മുമ്പ് യുപിയിൽ നടപ്പിലാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിയമം 2020 പ്രകാരം ഇതുവരെ 54 പേരാണ് അറസ്റ്റിലായത്. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഉത്തർപ്രദേശ് പോലിസ് 16 എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 86 പേർക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സുപ്രിം കോടതിയിലേക്കെത്തിയത്.

Next Story

RELATED STORIES

Share it