Big stories

മറാത്ത സംവരണം സുപ്രിംകോടതി റദ്ദാക്കി; സംവരണം 50 ശതമാനം കടക്കരുതെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്. സംവരണം പകുതിക്കുമേല്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി. ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

മറാത്ത സംവരണം സുപ്രിംകോടതി റദ്ദാക്കി; സംവരണം 50 ശതമാനം കടക്കരുതെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്
X

ന്യൂഡല്‍ഹി: മറാത്ത സംവരണം സുപ്രിംകോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട അസാധാരണ സാഹചര്യമൊന്നുമില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്. സംവരണം പകുതിക്കുമേല്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി.

ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഇത് മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതില്ല. ഇന്ദിര സാഹ്നി വിധി മികച്ചതാണ്. മറാത്ത സംവരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം നടപ്പാക്കിയാല്‍ 65 ശതമാനം സംവരണം വരുമെന്നും കോടതി നിരീക്ഷിച്ചു. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നാക്കാവസ്ഥ ആയിരിക്കണമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സംവരണം ഒരുകാരണവശാലും 50 ശതമാനത്തിന് മുകളിലാവരുത്.

2017 ലെ നിയമം തുല്യതയുടെ തത്വങ്ങള്‍ ലംഘിക്കുകയും പരിധി 50 ശതമാനം കവിയുകയും ചെയ്യുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 വ്യക്തമായി ലംഘിക്കുന്നതാണ്. ഗെയ്ക്ക്‌വാദ് കമ്മീഷന്‍ റിപോര്‍ട്ടോ ബോംബെ ഹൈക്കോടതിയുടെ വിധിന്യായമോ മറാത്തക്കാരുടെ കാര്യത്തില്‍ സംവരണം 50 ശതമാനത്തിന് മുകളില്‍ ആക്കേണ്ട അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല. കമ്മീഷന്റെ നിഗമനങ്ങള്‍ സുസ്ഥിരമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2017 നവംബറിലാണ് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തികള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്ന നിയമം മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്.

പിന്നീട് ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ കോടതിക്ക് മുന്നിലെത്തുകയായിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിയ 102ാം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം 50 ശതമാനം കടക്കാമെന്ന നിലപാടാണ് കേരളം സുപ്രിംകോടതിയില്‍ സ്വീകരിച്ചത്. തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. ഇന്ദിരാസാഹ്നി വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുകയുണ്ടായി. സംവരണത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ നിലപാട് ചോദിച്ചപ്പോഴാണ് കേരളം ഇക്കാര്യം കോടതിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it