Big stories

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും ഈയിടെ ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേര് സ്വീകരിക്കുകയും ചെയ്ത സയ്യിദ് വസീം റിസ്‌വിയാണ് ഹരജി നല്‍കിയത്.

ഹൈക്കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹരജിക്കാരന്റെ ആവശ്യവും പരിഗണിച്ചാണ് കോടതി നടപടി. ഹരജി തള്ളണമെന്ന് മുസ് ലിം ലീഗിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദള്‍, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കെതിരേയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകള്‍ പ്രകാരം ഇത്തരം പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ആവശ്യം. ബിജെപി വക്താവ് കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ ആണ് ഹരജിക്കു വേണ്ടി ഹാജരായത്.

മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് കോടതി അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ സമാനമായ ആവശ്യം ഉള്‍ക്കൊള്ളുന്ന ഹര്‍ജിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിച്ചത്. മതനാമങ്ങളും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന ബിജെപി അടക്കമുള്ള നിരവധി പാര്‍ട്ടികളുടെ പട്ടിക തങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവരെയും ഈ കേസില്‍ കക്ഷികളാക്കണമെന്നും മതചിഹ്നമായ താമര ഉപയോഗിക്കുന്ന ബിജെപി അതിലൊരു കക്ഷിയാണെന്നും മാര്‍ച്ചില്‍ ഹരജി പരിഗണിച്ചപ്പോള്‍ മുസ് ലിം ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ബോധിപ്പിച്ചിരുന്നു. സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരാണ് മുസ് ലിം ലീഗിന് വേണ്ടി ഹാജരായത്. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് മുന്‍ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ് ഹാജരായത്. ഇതേ ആവശ്യത്തിന് സമാന ഹരജി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിനാല്‍ ഹരജി സുപ്രിംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജിയിലെ ആവശ്യത്തില്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്നായിരുന്നു കമ്മീഷന്‍ മറുപടി നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it