Big stories

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ്: പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ്: പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി
X
ലക്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 23കാരിയായ നിയമ വിദ്യാര്‍ഥിനി 72കാരിയായ സ്വാമി ചിന്‍മയാനന്ദിനെതിരായ മൊഴിമാറ്റിയത്. മാത്രമല്ല, ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. അതേസമയം, പെണ്‍കുട്ടി കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്നും സിആര്‍പിസി സെക്ഷന്‍ 340 പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ കൂടുതല്‍ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് പ്രോസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ഷാജഹാന്‍പുരിലെ നിയമ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയാണ് 2019 സപ്തംബര്‍ അഞ്ചിനു ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയത്. അഞ്ചു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ കാണാതായതായി പിതാവ് പരാതി നല്‍കി. ഇതോടെ സംഭവം വന്‍ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി, ചിന്‍മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം

പല തവണ ബലാല്‍സംഗം ചെയ്‌തെന്നും തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുപറയുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ 2019 സപ്തംബര്‍ 20നു മുന്‍ കേന്ദ്ര മന്ത്രിയായ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ചിന്‍മയാനന്ദ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതെന്ന് ആരോപിച്ച് കണ്ണടയിലെ ഒളികാമറയിലേ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വെളിപ്പെടുത്തലിനു ശേഷം കോടതിയില്‍ ഹാജരാക്കി. എന്നാല്‍, പെണ്‍കുട്ടി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നും അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും ആരോപിച്ച് ചിന്മായനന്ദും പരാതി നല്‍കിയതോടെ ഇരുവരും അറസ്റ്റിലായി. പെണ്‍കുട്ടിയും സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് നവംബര്‍ ആറിനു പ്രത്യേകസംഘം കുറ്റപത്രം നല്‍കിയത്. ഡിസംബറില്‍ വിദ്യാര്‍ഥിനിക്കും മറ്റും അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കി. ഇതിനുശേഷം ഫെബ്രുവരിയില്‍ ചിന്‍മയാനന്ദിനും കോടതി ജാമ്യം നല്‍കി. ഷാജഹാന്‍പൂര്‍ ജില്ലാ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ചിന്‍മയാനന്ദിനു അനുയായികള്‍ സ്വീകരണം നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.




Next Story

RELATED STORIES

Share it