Big stories

'ഗവര്‍മെന്റാണ് കൊന്നത്', ഭരണകൂട കൂട്ടക്കുരുതിക്ക് ഇരകളായി ബീമാപള്ളിക്കാര്‍; പോലിസ് വെടിവെയ്പ്പിന് ഒരു വ്യാഴവട്ടം പൂര്‍ത്തിയാവുമ്പോഴും നീതി അകലെത്തന്നെയാണ്

ഉത്തര്‍പ്രദേശിലെ ഹാഷിംപുര കൂട്ടക്കൊല കുപ്രസിദ്ധമാണ്. പോലിസ് 42 മുസ്‌ലിംകളെ നിരയായി നിര്‍ത്തി വെടിവെച്ച് കൊന്ന് കനാലില്‍ തള്ളിയ സംഭവം. അതും ഒരു മെയ് മാസത്തിലായിരുന്നു. 1987 മെയ് 22ന്. കേരളത്തിലെ ബീമാപള്ളിയിലും അങ്ങനെയൊരു കൂട്ടക്കൊല നടന്നു.

ഗവര്‍മെന്റാണ് കൊന്നത്, ഭരണകൂട കൂട്ടക്കുരുതിക്ക് ഇരകളായി ബീമാപള്ളിക്കാര്‍;   പോലിസ് വെടിവെയ്പ്പിന് ഒരു വ്യാഴവട്ടം പൂര്‍ത്തിയാവുമ്പോഴും നീതി അകലെത്തന്നെയാണ്
X

തിരുവനന്തപുരം: 2009 മെയ് 17 ഞായറാഴ്ച. അവധി ദിവസമായതായിരുന്നതിനാല്‍ ബീമാപള്ളി കടപ്പുറം അന്ന് ശാന്തമായിരുന്നു. ഉച്ചയ്ക്ക് ഏകദേശം രണ്ടു മണി. തലേദിവസം നടന്ന ചെറിയ സംഘര്‍ഷത്തിന്റെ പേരില്‍ ബീമാപള്ളി പ്രദേശത്ത് പോലിസ് പിക്കറ്റിങ്ങുണ്ട്. ബീമാപള്ളി കടപ്പുറത്തും കുറച്ചധികം ആളുകളുണ്ട്. അവിടത്തന്നെ കുട്ടികള്‍ കളിക്കുന്നുണ്ട്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിലാണ്. കടപ്പുറവും വീടും മല്‍സ്‌യത്തൊഴിലാളിക്ക് ഒന്നാണല്ലോ.

അപ്പോഴേക്കും ചെറിയതുറ ഭാഗത്ത് നിന്ന് കല്ലേറുണ്ടാവുന്നു. പോലിസ് ആദ്യം നിശ്ശബ്ദമായി നിന്നു. പെട്ടന്ന് ഒരു പ്രകോപനവുമില്ലാതെ തന്നെ പോലിസ് ബീമാപള്ളി ഭാഗത്തേക്ക് നീങ്ങി. അപ്പോഴും ചെറിയതുറ ഭാഗത്തെ കല്ലേറു പോലിസ് കാര്യമായെടുക്കുന്നില്ല.

അതേസമയം കല്ലേറു കാര്യമായപ്പോള്‍ ബീമാപള്ളിക്കാര്‍ തിരിച്ചെറിയാന്‍ തുടങ്ങി. കല്ലേറ് എന്നതിനപ്പുറം മാരകായുധങ്ങളൊന്നും ആരുടേയും കയ്യിലില്ല. തിരിച്ചെറിയുന്ന ബീമാപ്പള്ളിക്കാരുടെ നേര്‍ക്ക് പോലിസ് ഇരച്ചുകയറി വെടിവെയ്പു തുടങ്ങി. ഇതിനിടെ, ബഹളം കേട്ടു ചെറുകൂരകളില്‍ അടുങ്ങിത്താമസിക്കുന്നവര്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. താമസക്കാരില്‍ കൂടുതലും ബന്ധുക്കളാണ്. ഓടിക്കൂടിയവര്‍ കാണുന്നത് നെഞ്ചിലും തലയിലും വെടിയേറ്റവരെയാണ്. വെടിവെയ്പാണെന്ന് പോലും അവര്‍ അറിയുന്നില്ല. ആളുകള്‍ അപ്പോഴും പരിഭ്രാന്തരായി ഓടിക്കൂടുന്നു. ആദ്യ റൗണ്ടില്‍ വെടിയേറ്റത് നെഞ്ചിലും തലക്ക് പുറകിലുമായിരുന്നു. പോലിസ് ഇടപെടല്‍ കണ്ട് പിന്‍തിരിഞ്ഞോടിവരെയാണ് പോലിസ് വെടിവെച്ചത്. പിന്നീട് സംഭവമറിഞ്ഞ് ഓടിക്കൂടിയവരെയാണ് പോലിസ് തുരുതുരേ വെടിയുതിര്‍ത്തത്.

ആ ദിവസങ്ങളില്‍ ആറു പേര്‍ മരിച്ചു. അഹമദ് സലിം,ബാദുഷ, സെയ്ദലവി, മുഹമ്മദ് കനി, അബ്ദുല്‍ ഹക്കീം, ഫിറോസ് എന്നിവരാണ് മരിച്ചത്. പിന്നീട് വെടിയേറ്റ് ചികില്‍സയിലായിരുന്നു മൂന്നു പേരും മരിച്ചു. 52പേര്‍ക്കാണ് വെടിയേറ്റതെന്ന് ഔദ്യോഗികമായി പറയുന്നതെങ്കിലും അതിലും അധികം പേര്‍ക്ക് വെടിയേറ്റിരുന്നു. പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുങ്ങുമെന്ന് കരുതി പലരും ദൂരെയുള്ള സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയിരുന്നു. അന്ന് സംസ്ഥാനം ഭരിക്കുന്നത് വിഎസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ്.


'ഗവര്‍മെന്റാണ് എന്റെ ഭര്‍ത്താവിനെ കൊന്നത്, ഗവര്‍മെന്റിനോടാണ് എനിക്ക് സങ്കടം പറയാനുള്ളത്'

'സഹായം അഭ്യര്‍ഥിച്ച് പലരുടേയും അടുത്ത് പോയി. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്റെ ഓഫിസില്‍ ചെന്നപ്പോള്‍ മലപ്പുറത്തും കാസര്‍ഗോഡുമൊക്കൊ പോയാല്‍ ഒരുപാട് സഹായം കിട്ടുമെന്ന് പറഞ്ഞു. ഞങ്ങള്‍ എന്തിനാണ് അവിടെയൊക്കൊ പോവുന്നത്. ഗവര്‍മെന്റാണ് എന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊന്നത്. അവരോടാണ് എനിക്ക് സങ്കടം പറയാനുള്ളത്. കുറച്ച് പൈസ തന്നാല്‍ എല്ലാം ആവുമോ. നാലു ലക്ഷം രൂപ വായ്പയെടുത്താണ് വീടു വച്ചത്. പിന്നീട് ലോണ്‍ അടക്കാന്‍ കഴിയാതെ ആയി. ഇപ്പോള്‍ വായ്പ തുക പലിശ സഹിതം 48ലക്ഷം രൂപയായി. എങ്ങനെ അടക്കുമെന്ന് അറിയില്ല' കൊല്ലപ്പെട്ട അഹ്മദ് കനിയുടെ ഭാര്യ പറഞ്ഞു.


ആരാണ് കൊലയാളി; 'പോലിസ് വെടിവെക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷച്ചതേയില്ല'

ചെറിയ തുറയും ബീമാപള്ളിയും ചേര്‍ന്ന് കിടക്കുന്ന കടലോര പ്രദേശമാണ്്. കൂടുതലും മല്‍സ്യത്തൊഴിലാളികള്‍. കുറച്ച് പേര്‍ ബീമാപള്ളി തീര്‍ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ടു കച്ചവടവും ചെയ്യുന്നുണ്ട്. ബീമാപള്ളിയില്‍ മുസ്‌ലിംകളും ചെറിയ തുറയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗവുമാണ് താമസിക്കുന്നത്.

കൊമ്പു ഷിബു എന്ന ബീമാപള്ളി-ചെറിയ തുറ പ്രദേശത്തെ 'വെറും തല്ലുകൊള്ളി' നിരന്തരം പ്രദേശത്ത് കുഴപ്പങ്ങളുണ്ടാകുന്നു. വെടിവെയ്പിന് തലേന്ന് ബീമാപള്ളിയിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ പോയി. കടക്കാരനുമായി വാക്കുതര്‍ക്കമായി. ഇതേ ചൊല്ലി ചെറിയ സംഘര്‍ഷമുണ്ടായി. അപ്പോഴേക്കും ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രശ്‌നത്തില്‍ ഇടപെട്ടു. പലപ്പോഴും ഇതുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൊമ്പു ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്് ജമാഅത്ത് സെക്രട്ടറി എംപി അസീസ് പൂന്തുറ സിഐക്കും വലിയ തുറ എസിക്കും പരാതി നല്‍കാറുണ്ട്. ഇക്കുറിയും ജമാഅത്ത് സെക്രട്ടറി പോലിസിന് പരാതി നല്‍കി.

ഇതിന് പുറമെ, പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ല കലക്ടര്‍ സഞ്ജയ് കൗള്‍ സ്ഥലത്തെത്തി കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജമാഅത്തിന് ഉറപ്പുകൊടുത്തു. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, തൊട്ടടുത്ത് ദിവസം-മെയ് 17ന് രാവിലെയും കൊമ്പ് ഷിബുവിന്റെ ഭീഷണി തുടര്‍ന്നു. കൊമ്പ് ഷിബുവിനൊപ്പം പ്രദേശത്തെ ചില ഗുണ്ടകളും ചേര്‍ന്ന്, ചെറിയതുറ ഭാഗത്ത് സംഘടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ബീമാപള്ളിക്കാര്‍ക്ക്് നേരെ ചെറിയ തുറ ഭാഗത്ത് നിന്ന് കല്ലേറുണ്ടായി. പെട്ടന്ന് പോലിസ് ബീമാപള്ളിക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

' ഞങ്ങള്‍ വലിയ ബഹളം കേട്ടാണ് കടപ്പുറത്തേക്ക് പോയത്. ചോരയില്‍ കുളിച്ച് കുറേ പേരെ എടുത്തുകൊണ്ടുവരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുന്നില്ല. ആളുകള്‍ കൂടി വരുന്നു. അപ്പോഴാണ് പോലിസ് വെടിവെക്കുന്നത് കാണുന്നത്. വെടിവെയ്പിനൊപ്പം ഗ്രനേഡും എറിയുന്നുണ്ട്. അതുകാരണം കണ്ണു പുകഞ്ഞു ഓടാന്‍ പോലും കഴിയുന്നില്ല. പിന്‍തിരിഞ്ഞോടുന്നവരെ വെടിവെച്ചു. മുട്ടിന് മുകളിലും താഴെയുമായി പോലിസ് വെടിവെക്കുന്നു. ഇങ്ങനെയൊരു പോലിസ് വെടിവെയ്പ് ഞങ്ങള്‍ പ്രതീക്ഷച്ചതേയില്ല'- ദൃക്‌സാക്ഷിയും ബീമാപള്ളിക്കാരനുമായ ഹക്കീം പറയുന്നു.

'പള്ളിക്കാര്‍ എനിക്ക് വേണ്ടി കുഴിയെടുത്തതാണ്'

പോലിസ് വെടിവെയ്പില്‍ ഏഴുപേര്‍ മരിച്ചെന്നായിരുന്നു വാര്‍ത്ത. അതില്‍ ഏഴാമന്‍ പീര്‍ മുഹമ്മദ് ഇപ്പോഴും കടലില്‍ പോവുന്നു. ബീമാപള്ളി ഖബറിസ്ഥാനില്‍ പീര്‍മുഹമ്മദിനായി കബര്‍ കുഴിച്ചതാണ്. മെഡിക്കല്‍ കോളജിലെ 20 ദിവസത്തെ ചികില്‍സയില്‍ രക്ഷപ്പെട്ടു.

' കടലില്‍ നിന്ന് വന്ന് കയറി തിരിഞ്ഞ് നോക്കിയതും വയറ്റില്‍ തന്നെ വെടികൊണ്ടു. അവിടെ നടന്ന കാര്യങ്ങളൊന്നും ഞങ്ങള്‍ അറിയുന്നില്ല. കടലിലായിരുന്നല്ലോ ഞങ്ങള്‍. നെഞ്ച് മുതല്‍ താഴേക്ക് കീറേണ്ടിവന്നു. വെടിയുണ്ട കുടലിലാണ് കിടന്നത്. പരിക്ക് കൂടുതല്‍ എനിക്കായിരുന്നു. അങ്ങനെയാണ് ഏഴാമന്‍ ഞാനാണെന്ന് അറിയിപ്പ് വന്നത്. എനിക്ക് വേണ്ടി പള്ളിക്കാര്‍ കുഴിയൊക്കെ വെട്ടിയതാണ്' പീര്‍ മുഹമ്മദ് പറയുന്നു.

' ഇടക്ക് ഒരു ദിവസം മുഖവും ശരീരവും വീര്‍ത്തുവന്നു. ആദ്യം വെടിയുണ്ട് കുടലില്‍ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് കുടലൊക്കൊ പുറത്തെടുത്താണ് ഉണ്ട കണ്ടെത്തിയത്. ഇപ്പോള്‍ മാസത്തില്‍ രണ്ട് പ്രാവശ്യം മുറിവ് പഴുക്കും. അകത്തെ തയ്യല്‍ പൊട്ടിയാണ് ഇപ്പോള്‍ പഴുക്കുന്നത്. ഈയിടെ പഴുപ്പ് കൂടി. എസ്‌യുടി ആശുപത്രിയില്‍ പോയി. അവിടന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തയ്യല്‍ പൊട്ടിയതാണെ് ഓപറേഷന്‍ നടത്തിയാല്‍ ശരിയാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപറേഷനുള്ള പണമില്ല. മരുന്നു വാങ്ങി തിരിച്ച് പോന്നു. ഞാന്‍ ഇപ്പോഴും കടലില്‍ പോകുന്നുണ്ട്. വെയ്്റ്റ് ഒന്നും എടുക്കാന്‍ കഴിയില്ല. കൂടുതല്‍ ആഹാരം കഴിക്കാന്‍ പറ്റില്ല. മലര്‍ന്ന് കിടക്കാനും കഴിയില്ല. വേതന കൂടുമ്പോള്‍ വീട്ടില്‍ തന്നെ തങ്ങും' പീരു പറയുന്നു.

'സര്‍ക്കാര്‍ നല്‍കിയത് 25000 രൂപ'

'വെടിയേറ്റ് ചികില്‍സയിലായ ആദ്യഘട്ടത്തില്‍ 25000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. അത് തന്നെയാണ് ആകെ ലഭിച്ചത്. ഒരു പ്രാവശ്യം ആശുപത്രയില്‍ പോകാന്‍ തന്നെ നല്ല തുക വേണം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഒരുപാട് പേര്‍ക്ക് അപേക്ഷ കൊടുത്തു. ഒന്നും കിട്ടിയില്ല. ജമാഅത്ത് മാത്രമാണ് സഹായിച്ചത്. മകളെ കല്യാണം കഴിപ്പിച്ചു. ചെറിയ ഷീറ്റടിച്ച കൂരയാണ് ആകെയുള്ള വീട്'. ഇതാണ് അവസ്ഥയെന്ന് പീര്‍ മുഹമ്മദ് പറയുന്നു.

മകന്റെ മരണശേഷം തെരുവ് ജീവിതം നയിക്കുന്ന ബീമ ഉമ്മ

വെടിയേറ്റ മുഹമ്മദ് സലിമിന്റെ അനുഭവം വ്യത്യസ്തമാണ്. വെടിയേറ്റ് മൂന്ന് കൊല്ലത്തിന് ശേഷം 2012ലാണ് സലിം മരണത്തിന് കീഴടങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവേയാണ് സലിം മരിക്കുന്നത്. വെടിയേറ്റ കാലില്‍ പഴുപ്പ് എപ്പോഴും നിറയും. പഴിപ്പ് മുട്ടുവരെ കയറി കാല് മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സലീം അതിന് സന്നദ്ധനായില്ല.സലീമിന് മൂന്ന മക്കളാണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു.

സലീമിന്റ ഉമ്മ ബീമ ബീമാപള്ളിയില്‍ സന്ദര്‍ശകരുടെ ചെരുപ്പ് നോട്ടമാണ്. അവര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് ആകെ വരുമാനം. രാവിലെ പള്ളി പടിയില്‍ ഇരിക്കും വൈകുന്നേരം കിട്ടുന്ന പൈസയുമായി വീട്ടിലേക്ക് പോകും. മകന്റെ മരണശേഷം ഇങ്ങനെയാണ് ബീമ ഉമ്മയുടെ ജീവിതം.

'സ്വന്തമായി വീടില്ല. മറ്റൊരു വീട്ടിലാണ് താമസം. സലിം മരിച്ചിട്ട് ഒന്‍പത് കൊല്ലമായി. കാലിനാണ് വെടികൊണ്ടത്. മുട്ടിന് താഴെയുള്ള ഇറച്ചിയൊന്നുമില്ല. മൂന്ന് മാസം മെഡിക്കല്‍ കോളജിലായിരുന്നു ചികില്‍സ. പിന്നീട് വീട്ടിലായി. അവന്‍ കുറെ വേതന തിന്നു. നാലു വീലുള്ള വണ്ടിയിലാണ് പിന്നീട് ഇരുത്തം. ഞങ്ങള്‍ക്ക് ഇപ്പോള്‍ ആരുടേയും സഹായമില്ല. പള്ളിയില്‍ വരുന്നവരോട് കൈനീട്ടി കിട്ടുന്ന ചില്ലറയാണ് ആകെയുള്ള വരുമാനം. ചില ദിവസങ്ങളില്‍ ഒന്നും കിട്ടാറില്ല'-ബീമ ഉമ്മ പറയുന്നു.

'മരണപത്രം കണ്ട ശേഷമാണ് പോലിസ് വരവ് നിലച്ചത്, സര്‍ക്കാര്‍ തന്നത് 15000 രൂപ'

വെടിയുണ്ട തുളച്ച് കയറിയ ഇബ്രാഹിം സലിം ഏറെ വേദന തിന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഇബ്രാഹിം സലീമിന്റെ കാലിലെ വെടിയുണ്ട നീക്കാന്‍ കഴിഞ്ഞിരുന്നില്ല.

'നെഞ്ചിലാണ് വെടിയുണ്ടയുടെ പീസ് തുളച്ച് കയറിയത്. രണ്ട് അറ്റാക്ക് വന്നു. കുറേ നാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ജനറലാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും കിടന്നു. ഗവണ്‍മെന്റ് തന്നത് 15000 രൂപയാണ്. ഒരു ദിവസത്തെ ഗുളികയ്ക്ക് 1500 രൂപ വിലവരും. പിന്നെ കേസിന്റെ കാര്യം. മരിച്ച ശേഷവും പോലിസ് വന്നിരുന്നു. മരണസര്‍ട്ടിഫിക്കറ്റ് കാണിച്ചശേഷമാണ് അവര്‍ പോയത്. കേസില്‍ അമ്പതാമത്തെ പ്രതിയായിരുന്നു വാപ്പ. കേസും പ്രശ്‌നവുമൊക്കെയാവുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയിരുന്നു' എന്ന് ഇബ്രാഹിം സലിമിന്റെ മകന്‍ ഹാഷിം പറഞ്ഞു.

വെടിവെയ്പില്‍ പരിക്കേറ്റവര്‍ക്ക് സഹായം ലഭിച്ചില്ല

ആദ്യം മരിച്ച ആറു പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ധനസഹായം കൃത്യമായി ലഭിച്ചത്. പിന്നീട് ആശുപത്രിയില്‍ വേതന തിന്ന് മരിച്ചവര്‍, വെടികൊണ്ട് പരിക്കേറ്റവര്‍ ഈ രണ്ടു വിഭാഗത്തിനും കാര്യമായ ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല. ഒരു മാസത്തെ മരുന്നുവാങ്ങാന്‍ പോലും തികയാത്ത തുകയാണ് ചിലര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.

പരിക്കേറ്റവര്‍ക്ക് ധനസഹായം പിന്നീട് ലഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും ആര്‍ക്കും കാര്യമായ സഹായം ലഭിച്ചില്ലെന്ന് ബീമാപള്ളി ജമാഅത്ത് സെക്രട്ടറി എംപി അസീസ് പറഞ്ഞു. പരിക്കേറ്റ നിര്‍ധനര്‍ക്ക് വസ്തുവും വീടും ഉപജീവനമാര്‍ഗ്ഗവും നല്‍കുമെന്ന് ഇടത്-വലത് പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആരും സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 50ല്‍ അധികം ആളുകള്‍ക്കാണ് വെടിയേറ്റത്. കൂടുതല്‍ പേരും മല്‍സ്യത്തൊഴിലാളികള്‍. സാധാരണ പോലിസ് അതിക്രമത്തില്‍ ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ഇവര്‍ക്ക് ലഭ്യമായിട്ടില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

വയറിന് വെടിയേറ്റു നിത്യ രോഗിയായ നിസാമുദ്ദീന് ലഭിച്ചത് മൂന്ന് ലക്ഷം രൂപയാണ്. കഴിഞ്ഞ 12 വര്‍ഷത്തെ ചികില്‍സ ചിലവു തന്നെ ഇതിന്റെ എത്രയോ ഇരട്ടിവരും.


ഇനി നഷ്ടപരിഹാരം മാത്രമാണ് ശരിയായ നീതി

ഉപജീവനമാര്‍ഗ്ഗവും ചികില്‍സയും വീടും ഉള്‍പ്പെടുന്ന നഷ്ടപരിഹാരമാണ് ശരിയായ നീതിയെന്ന് പൊതു പ്രവര്‍ത്തകനായ ഷബീര്‍ ആസാദ് പറയുന്നു. വെടിയേറ്റ നിരവധി പേര്‍ ഇപ്പോഴും വേദനയോടും ജീവിതത്തോടും മല്ലിട്ടാണ് കഴിയുന്നത്. നാമമാത്ര ചികില്‍സാ സഹായം കൊണ്ട് അവരുടെ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമാകില്ല. വെടിയേറ്റു പിന്നീട് മരിച്ചവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കേണ്ടവരാണ്. അതിനൊപ്പം വെടിവെയ്പില്‍ പരിക്കേറ്റ 50ഓളം പേരും അവരും കുടുംബങ്ങളും സഹായത്തിന് അര്‍ഹരാണ്. ഭരണകൂട കൂട്ടക്കുരുതിയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഷബീര്‍ ആസാദ് പറഞ്ഞു.

ജുഡിഷ്വല്‍ അന്വേഷണം

ജില്ലാ ജഡ്ജി രാമകൃഷ്ണന്‍ കമ്മിഷനാണ് ബീമാപള്ളി വെടിവെയ്പ് അന്വേഷിച്ചത്. റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഈ റിപോര്‍ട്ട് ഇന്നേവരെ വെളിച്ചം കണ്ടിട്ടില്ല. ആരാണ് വെടിവക്കാന്‍ ഉത്തരവിട്ടത്, എന്തായിരുന്നു വെടി വെയ്പിനുള്ള കാരണം എന്നിവ അന്വേഷണ പരിധിയിലുണ്ടായിരുന്നു.

ആരാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്

സബ് കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍ സബ് കലക്ടര്‍ അങ്ങനെ ഒരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നെ ആരാണ് വെടിയ്ക്കാന്‍ ഉത്തവ് നല്‍കിയത്. ആ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.

വിവാദ പോലിസ് മേധാവി എ വി ജോര്‍ജിന്റെ സാന്നിധ്യം

വെടിവെയ്പ് ദിവസം സിറ്റി പോലിസ് കമ്മീഷണറുടെ താല്‍കാലിക ചുമതല വിവാദ പോലിസ് ഓഫിസര്‍ എവി ജോര്‍ജിനായിരുന്നു. താല്‍കാലിക ചാര്‍ജിന് ശേഷം എം ആര്‍ അജിത് കുമാര്‍ തൊട്ടടുത്ത ദിവസം സിറ്റി പോലിസ് കമ്മിഷണറായി ചുമതലയേറ്റു. ഭൂപടവിവാദം, അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റ് എന്നിവക്ക് നേതൃത്വം നല്‍കിയത് എ വി ജോര്‍ജായിരുന്നു. അന്ന് ബീമാപള്ളി ഡ്യൂട്ടിയിലില്ലായിരുന്ന ഡിവൈഎസ്പി പിജി സുരേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവെയാണ് ഇടതു സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. മാസങ്ങള്‍ക്ക് ശേഷം അവരെ സര്‍വീസില്‍ തിരിച്ചെടുത്തു.

എന്തുകൊണ്ട് ബീമാപള്ളി

നിയമത്തെ അനുസരിക്കാന്‍ വൈമുഖ്യമുള്ളവരാണ് ബീമാപള്ളിക്കാരെന്നും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നുമായിരുന്നു അന്ന് സിറ്റി പോലിസ് കമ്മിഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ മുന്നില്‍ പറഞ്ഞത്. കഞ്ചാവ്, മദ്യം എന്നിവയുടെ വിപണന കേന്ദ്രമാണ് ബീമാപള്ളി. ചെറിയ പ്രശ്‌നങ്ങള്‍ പോലും വര്‍ഗ്ഗീയ കലാപമാക്കും. ലത്തീന്‍ വിഭാഗങ്ങളുമായി ഇടപഴകാറില്ല. പരസ്പരം ശത്രുക്കളായാണ് കാണുന്നത്. മെയ് 17ലെ വെടിവെയ്പിലൂടെ വലിയ വര്‍ഗ്ഗീയകലാപമാണ് പോലിസ് ഇല്ലാതാക്കിയതെന്നാണ് സിറ്റി പോലിസ് കമ്മിഷ്ണര്‍ പറഞ്ഞത്.

ഏറെ സൗഹാര്‍ദ്ദത്തിലാണ് ചെറിയതുറക്കാരും ബീമാപള്ളിക്കാരും കഴിയുന്നതെന്ന് ലത്തീന്‍ വിഭാഗം നേതാവ് യൂജിന്‍ പെരേര അന്ന് തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ പോലിസ് നിരന്തരം ലത്തീന്‍ കൃസ്ത്യന്‍ വിഭാഗക്കാരെ, മുസ്‌ലിംകളുടെ ശത്രുവായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏതാനും വിസ കേസുകളല്ലാതെ ബീമാപള്ളി പ്രദേശത്ത കാര്യമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് പ്രദേശത്തെ പൊതു പ്രവര്‍ത്തകന്‍ ഹക്കീം പറയുന്നു. പക്ഷേ, പോലിസിന് ഈ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ സെന്‍സിറ്റീവ് ഏരിയ ആക്കണമെന്ന് നിര്‍ബന്ധമുള്ളത് പോലെ തോന്നും. ബലാല്‍സംഗമോ, കൊലപാതകമോ ഒന്നും ബീമാപള്ളിയില്‍ സംഭവിക്കാറില്ല. കേരളത്തിലെ മറ്റേതൊരു പ്രദേശത്ത് നടക്കുന്നത് പോലെയോ, അതിലും താഴെയോ ആണ് ബീമാപള്ളി മേഖലയിലെ കുറ്റകൃത്യങ്ങളുടെ കണക്ക. എന്നിട്ടും പോലിസിന് ബീമാപള്ളിയെ കുറ്റവാളികളുടെ കേന്ദ്രമാക്കണം. ഈ മുസ്‌ലിം വിരുദ്ധ പോലിസ് നിലപാടാണ് അറിയാതെയെങ്കിലും പൊതു സമൂഹവും മാധ്യമങ്ങളും ഏറ്റെടുക്കുന്നതെന്നും അദ്ദേഹം തേജസ് ന്യൂസിനോട് പറഞ്ഞു.

ബീമാപള്ളിക്കാരില്‍ ചെറിയൊരു വിഭാഗമേ ഇന്ന് കടല്‍പണി ചെയ്യുന്നുള്ളൂ. മറ്റുള്ളവര്‍ കച്ചവടവും ഗള്‍ഫും ഉദ്യോഗ മേഖലകളിലുമൊക്കയാണ് തൊഴിലെടുക്കുന്നത്. അതേ സമയം, കടലോര തമാസക്കാര്‍ക്കായി 192 ഫ്‌ലാറ്റുകള്‍ നിര്‍മിച്ചപ്പോള്‍ അതില്‍ ബീമാപള്ളിക്കാര്‍ക്ക് ഒരു ഫ്‌ലാറ്റുപോലും നല്‍കിയില്ല. അതിന് കാരണമായി പറഞ്ഞത് ഇരുവിഭാഗങ്ങളും ഒരുമിച്ച് താമസിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്നാണ്.

വസ്തുതാന്വേഷണ റിപോര്‍ട്ട്

എന്‍സിഎച്ച്ആര്‍ഓ, പിയുസിഎല്‍ എന്നീ സംഘടനകള്‍ ബീമാപള്ളി സന്ദര്‍ശിച്ച് വിശദമായ വസ്തുതാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. പോലിസ് ഏകപക്ഷീയമായി വെടിവെയ്ക്കുകയായിരുന്നു. പോലിസിന് നേരെ പ്രദേശത്ത് ഒരു പ്രകോപനവുമില്ലായിരുന്നു.വെടിവയ്ക്കുന്നതിന് മുന്‍പ് പോലിസ് പാലിക്കേണ്ട ഒരു നിയമവും പാലിക്കപ്പെട്ടിട്ടില്ല. വെടിവെയ്പിനു മുന്‍പുള്ള ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ്, ഗ്രനേഡ്, ആകാശത്തേക്ക് വെടിയുതിര്‍ക്കല്‍, പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടല്‍, അങ്ങനെ ഒന്നുമുണ്ടായില്ല. പോലിസിനെ കണ്ട് പിന്‍തിരിഞ്ഞ് ഓടിയവരുടെ മുതുകിലും തലക്കുപിന്നിലുമായിരുന്നു വെടിവെച്ചതെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

1959ല്‍ അങ്കമാലിയിലും 1994ല്‍ കൂത്തുപറമ്പലും വെടിവെയ്പു നടന്നിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആ വെടിവെയ്പുകള്‍. ആ സംഭവങ്ങള്‍ കേരളം ഇന്നും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ബീമാപള്ളിയിലെ ഏകപക്ഷീയ ഭരണകൂട മുസ്‌ലിം കൂട്ടക്കൊല മാത്രം എന്തുകൊണ്ടാണ് ചര്‍ച്ചയാകാതെ പോയത്. ബീമാപള്ളിയില്‍ വെടിവെയ്പു നടന്ന സമയവും, ഇരകള്‍ നീതി പ്രതീക്ഷിക്കുന്ന ഇപ്പോഴും കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. എന്തിനാണ് മനുഷ്യരെ വെടിവെച്ച് കൊന്നത്, ആരായിരുന്നു വെടിവെപ്പിന് ഉത്തരവിട്ടത്, ആരുടെ ഗൂഢാലോചനയായിരുന്നു വെടിവെയ്പ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പുതിയ ഇടതുപക്ഷ സര്‍ക്കാരിന് ബാധ്യതയുണ്ട്.


Next Story

RELATED STORIES

Share it