Big stories

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക; വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക; വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു
X

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്ക വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുദാന്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി അതീവരൂക്ഷമായതോടെ ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി. 20 ശതമാനം വില വര്‍ധിപ്പിച്ചതോടെ ഒറ്റദിവസം കൊണ്ട് പെട്രോള്‍ വില 254 ല്‍ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് പവര്‍കട്ട് തുടരുകയാണ്.

40,000 ടണ്‍ സീഡല്‍ നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തുന്നുണ്ട്. മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ജയശങ്കരെത്തുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി കൂടുതല്‍ ഇടപെടല്‍ തേടിയിരുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍, ചൈന 2,000 ടണ്‍ അരി ശ്രീലങ്കയിലേക്ക് അയക്കും. ഇതിനിടെ, നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപോര്‍ട്ട് ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപോര്‍ട്ടിലുണ്ട്. കടലാസ് ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ ന്യൂസ്‌പേപ്പറുകള്‍ ലങ്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

വിലക്കയറ്റം രൂക്ഷമായതോടെ കലാപത്തിലേക്ക് നീങ്ങുകയാണ് ലങ്ക. പ്രസിഡന്റ് ഗോതബായ രാജപ്ക്‌സേയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ തെരുവിലിറങ്ങി. അക്രമവും കൊലപാതകങ്ങളും കൂടിയതായി റിപോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നില്ല.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യത്തേതും ഏറ്റവും വലുതുമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്തുനിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി മാറുകയായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ ഇത്രമേല്‍ വലയ്ക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് നിലവില്‍ രാജ്യത്തുള്ളത്.

Next Story

RELATED STORIES

Share it