Big stories

അയോധ്യ ട്രസ്റ്റിന്റെ ഘടന: മാസങ്ങള്‍ക്ക് മുമ്പ് സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയെന്ന് വെളിപ്പെടുത്തല്‍

അയോധ്യ ട്രസ്റ്റിന്റെ ഘടനയും ഭരണഘടനയും സംബന്ധിച്ച് ഗുജറാത്തിലെ സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായി ട്രസ്റ്റിയായി വിരമിച്ച റിട്ട. ഗുജറാത്ത് ചീഫ് സെക്രട്ടറി പ്രവീണ്‍ ലാഹോരിയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ വിശദാംശങ്ങള്‍ നല്‍കിയത്.

അയോധ്യ ട്രസ്റ്റിന്റെ ഘടന: മാസങ്ങള്‍ക്ക് മുമ്പ് സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയെന്ന് വെളിപ്പെടുത്തല്‍
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസിലെ സുപ്രിംകോടതി വിധി വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള അയോധ്യ ട്രസ്റ്റിന്റെ രൂപീകരണം സംബന്ധിച്ച് കേന്ദ്രം നടപടികള്‍ തുടങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. അയോധ്യ ട്രസ്റ്റിന്റെ ഘടനയും ഭരണഘടനയും സംബന്ധിച്ച് ഗുജറാത്തിലെ സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായി ട്രസ്റ്റിയായി വിരമിച്ച റിട്ട. ഗുജറാത്ത് ചീഫ് സെക്രട്ടറി പ്രവീണ്‍ ലാഹോരിയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ വിശദാംശങ്ങള്‍ നല്‍കിയത്. എന്നാല്‍, അതിലെ ഉള്ളടക്കം രഹസ്യസ്വഭാവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും ക്ഷേത്രനിര്‍മാണത്തിന്റെ കാര്യത്തില്‍ ട്രസ്റ്റിന് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ മാതൃകയില്‍ അയോധ്യ ട്രസ്റ്റ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രം നടത്തുന്നതും വെളിപ്പെടുത്തലുമായി ചേര്‍ത്തുവായിക്കണം. പൊതുവില്‍ ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുവെന്ന സംശയങ്ങളുയര്‍ത്തുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം, രാമക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു കേന്ദ്രമന്ത്രി പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ രൂപരേഖയും തീരുമാനിച്ചിട്ടില്ല. സോമനാഥ് ക്ഷേത്ര ട്രസ്റ്റ് തങ്ങള്‍ക്ക് ഒരു വ്യക്തമായ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭാവിനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികരിച്ചു. ട്രസ്റ്റിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുന്നത് മന്ത്രിതല ചര്‍ച്ചകള്‍ക്കുശേഷവും 1045 പേജുള്ള വിധിന്യായം പരിശോധിച്ചശേഷവുമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നാലുവീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സോമനാഥ് ട്രസ്റ്റ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, വ്യവസായി ഹര്‍ഷവര്‍ധന്‍ നിയോതിയ, പ്രഫ. ജീവന്‍ ഭായ് പര്‍മര്‍ തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലാണ് ചെയര്‍പേഴ്‌സന്‍. ലാഹേരി വിരമിച്ചശേഷം ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

Next Story

RELATED STORIES

Share it