Big stories

ദേശീയഗാനം പാതിവഴിയില്‍ നിര്‍ത്തി വന്ദേമാതരം പാടി; ബിജെപി ഭരണസമിതി നടപടി വിവാദത്തില്‍

ബജറ്റ് സെഷനു മുന്നോടിയായി സാധാരണയായി ദേശീയഗാനമായ ''ജനഗണ മന...''യാണ് ആലപിക്കാറുള്ളത്. പതിവുപോലെ ജനഗണ മന... തുടങ്ങിയെങ്കിലും ചില അംഗങ്ങള്‍ ഇടപെട്ട് നിര്‍ത്താന്‍ പറയുകയും പകരം വന്ദേമാതരം പാടുകയുമായിരുന്നു

ദേശീയഗാനം പാതിവഴിയില്‍ നിര്‍ത്തി വന്ദേമാതരം പാടി; ബിജെപി ഭരണസമിതി നടപടി വിവാദത്തില്‍
X

ഇന്‍ഡോര്‍: ബിജെപി നിയന്ത്രണത്തിലുള്ള നഗരസഭാ ഭരണസമിതി ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ദേശീയഗാനം പാതിവഴിയില്‍ നിര്‍ത്തിവച്ച് വന്ദേമാതരം ആലപിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍(ഐഎംസി) ഭരണസമിതിയാണ് ബുധനാഴ്ച ദേശീയഗാനത്തെ അപമാനിച്ചത്. തദ്ദേശ സ്ഥാപനത്തിലെ ബജറ്റ് സെഷനു മുന്നോടിയായി സാധാരണയായി ദേശീയഗാനമായ ''ജനഗണ മന...''യാണ് ആലപിക്കാറുള്ളത്. പതിവുപോലെ ജനഗണ മന... തുടങ്ങിയെങ്കിലും ചില അംഗങ്ങള്‍ ഇടപെട്ട് നിര്‍ത്താന്‍ പറയുകയും പകരം വന്ദേമാതരം പാടുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ബിജെപി എംഎല്‍എയും കോര്‍പറേഷന്‍ മേയറുമായ മാലിനി ഗോഡിനെയും കാണുന്നുണ്ട്. ബജറ്റ് സെഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മറ്റുള്ളവരും പങ്കെടുത്തിരുന്നു. സാധാരണയെന്ന പോലെ തുടക്കത്തില്‍ ദേശീയഗാനമായ ജനഗണ മന... പാടുകയായിരുന്നു. അല്‍പസമയത്തിനു ശേഷം ഏതാനും കൗണ്‍സിലര്‍മാര്‍ ജനഗണ മന... തടസ്സപ്പെടുത്തി വന്ദേമാതരം പാടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് എന്‍ഡിടിവിയും ന്യൂസ് 18 ഡോട്ട് കോമും റിപോര്‍ട്ട് ചെയ്തു. കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പാടി പൂര്‍ത്തിയാക്കുകയും ചെയ്തു. അംഗങ്ങളുടെ നടപടി ദേശീയഗാനത്തെ അപമാനിക്കലാണെന്ന് ആരോപിച്ച പ്രതിപക്ഷം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, സംഭവം ഒരു കൗണ്‍സിലര്‍ക്കു പറ്റിയ നാക്കുപിഴയാണെന്നും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അജയ് സിങ് നരൂക പറഞ്ഞു. പാരമ്പര്യമനുസരിച്ച് ഐഎംസി ബജറ്റ് സെഷന്‍ ദേശീയഗാനത്തില്‍ തുടങ്ങി ദേശീയഗീതത്തില്‍ അവസാനിപ്പിക്കുകയാണു ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയഗാനത്തെ അപമാനിച്ച സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനാണ് അധ്യക്ഷന്റെ നീക്കമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സാധാരണയായി ബജറ്റ് സെഷന്‍ തുടങ്ങുന്നത് ദേശീയഗാനമായ ജനഗണ മനയിലും അവസാനിക്കുന്നത് ദേശീയഗീതമായ വന്ദേമാതരത്തിലുമാണ്. ഇന്‍ഡോര്‍ നഗരസഭയിലും ഇതേ രീതിയിലാണു നടപടിക്രമങ്ങള്‍ തുടങ്ങിയതെങ്കിലും പൊടുന്നനെ ചില കൗണ്‍സിലര്‍മാര്‍ ദേശീയഗാനം നിര്‍ത്തി ദേശീയഗീതം ആലപിക്കുകയായിരുന്നു. ദേശീയഗാനം തടസ്സപ്പെടുത്തുകയോ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.




Next Story

RELATED STORIES

Share it